ചേർത്തല
നടൻ സുരേഷ് ഗോപിയെ പരിഹസിച്ച് ‘സ്വയം ആരും ഗോപി വരയ്ക്കരുത്’ എന്ന് ബിഡിജെഎസ് സംസ്ഥാന നേതാവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനെതിരെ സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയനാണ് രംഗത്തെത്തിയത്. സ്വയംപ്രഖ്യാപിത സ്ഥാനാർഥികളെ മുന്നണികൾ തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുപരിപാടിയിൽ വന്ന് ഗ്ലാമർ രാഷ്ട്രീയം കളിക്കരുത്. ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടുന്നവർക്ക് അൽപ്പം പരസ്പര ബഹുമാനവും ആദരവും ആകാം. വെല്ലുവിളിയും അവഗണനയും പാർലമെന്ററി രാഷ്ട്രീയത്തിൽ റിലീസാകാത്ത ബ്രഹ്മാണ്ഡചിത്രം പോലെയാകാം. തിയറ്ററിൽ ഹൗസ്ഫുള്ളാകാം. പക്ഷെ, സിനിമയുടെ റിവ്യൂ നെഗറ്റീവാകാറുണ്ട്. ഇങ്ങനെയാണ് കുറിപ്പ്.
എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളിയുടെ സന്തതസഹചാരിയാണ് അനിരുദ്ധ്. തുഷാറിന്റെ മൗനാനുവാദമില്ലാതെ അനിരുദ്ധ് പരസ്യപ്രതികരണം നടത്തില്ലെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ബിഡിജെഎസിനെ ആക്ഷേപിച്ചും അപമാനിച്ചും ബിജെപിക്കാരുടെ പ്രതികരണം പോസ്റ്റിലെ കമന്റ് ബോക്സ് നിറഞ്ഞു. പിന്തുണച്ചും ബിജെപിക്കാരുടെ പ്രതികരണമുണ്ട്. തൃശൂരിൽ അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.