കുറ്റ്യാടി> കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തിൽ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. നന്മണ്ട സ്വദേശി ഡോ. വി ബി വിപിനി(44)നെയാണ് കുറ്റ്യാടി സിഐ ഇ കെ ഷിജു അറസ്റ്റ് ചെയ്‌തത്. ചൊവ്വ വൈകിട്ട് ഒപിയിൽ ഡോക്ടറെ കാണാനെത്തിയ പട്ടികജാതി യുവതി ഉൾപ്പെടെ മൂന്ന് യുവതികളോടാണ് ഡോക്ടർ മാനഹാനി വരുത്തുന്ന നിലയിൽ പെരുമാറിയത്.
ആശുപത്രിയിലുണ്ടായിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികളുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ പൊലീസ് മാനഭംഗശ്രമമുൾപ്പെടെ മൂന്ന് കേസുകളെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡോക്ടർ ലഹരി ഉപയോഗിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കുറ്റ്യാടി ആശുപത്രിയിൽ സൂപ്രണ്ടിനെ കൈയേറ്റം ചെയ്‌തതിനും ആറുമാസംമുമ്പ് പനങ്ങാട് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായി പ്രവർത്തിക്കുമ്പോൾ അക്രമം നടത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആശുപത്രിയിൽ ചേർന്ന എച്ച്എംസി യോഗം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ