ലളിതാംബികയുടെ ശാകുന്തളം; തനൂജ ഭട്ടതിരി എഴുതുന്നു

Spread the love


Thank you for reading this post, don't forget to subscribe!

വയലാർ പറഞ്ഞതുപോലെ ശകുന്തളയിലെ ഗാനങ്ങൾ ഓരോന്നും ഗംഭീരമായി. മലയാളികൾ എന്നെന്നേക്കുമായി നെഞ്ചേറ്റിയ ഗാനങ്ങൾ. പതിനഞ്ചോളം ഗാനങ്ങളാണ് ശകുന്തളയിൽ ഉള്ളത്.

മലയാളത്തിലെ ‘ശകുന്തള’എന്ന സിനിമയുടെ നിർമാണത്തിൽ സ്ത്രീകൾക്ക് പ്രത്യേകമായി അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സ്ത്രീ സംഭാഷണവും തിരക്കഥയുമെഴുതുന്ന സിനിമയായിരുന്നു അത്. 1965‐ൽ ആയിരുന്നു ആ സിനിമ റിലീസായത്. ലളിതാംബിക അന്തർജനത്തിന്റെ തിരക്കഥയും വയലാറിന്റെ ഗാനങ്ങളും കോർത്തിണക്കിയ ഈ സിനിമ നിർമിച്ചത് കുഞ്ചാക്കോ ചാക്കോച്ചനാണ്. മലയാള സിനിമാരംഗത്തെ നാഴികക്കല്ലായ ഈ സിനിമ രൂപപ്പെട്ടുവന്നതിന്റെ ചില വിവരങ്ങൾ പറയേണ്ടതുണ്ട്, അറിയേണ്ടതുണ്ട്.

ഞാൻ എഡിറ്റുചെയ്‌ത ‘അന്തർജനത്തിന് സ്നേഹപൂർവം വയലാർ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആണ്. ലളിതാംബിക അന്തർജനവും വയലാറും തമ്മിലുള്ള കത്തുകൾ ഉൾപ്പെടുത്തി അവരുടെ സ്നേഹബന്ധത്തിലൂന്നി എഴുതിയ പുസ്തകമാണിത്. അതിലെ ചില വരികൾ ഇവിടെ കുറിക്കട്ടെ:

‘ലളിതാംബിക അന്തർജനത്തിന് മക്കളോടും അനിയനന്മാരോടുമൊപ്പം ഈ ഭൂമിയോട് രൂഢമായി ബന്ധപ്പെട്ടുനിൽക്കാൻ നടുവേരായി തീർന്ന മറ്റൊരു ബന്ധമുണ്ട്. ആ സ്നേഹധാരയെക്കുറിച്ചാണ് ആ ആത്മസത്തയെക്കുറിച്ചാണ് സംസാരിക്കാനുള്ളത്. ‘എന്റെ മരിച്ചുപോയ മകന്റെ പ്രായമാണ് കുട്ടന്. അതുകൊണ്ട് കുട്ടനെ ഞാനെന്റെ മൂത്തമകനായി കരുതുന്നു’. ഇതൾകൊഴിയുംപോലെ ഒരു മൃദുവായ ശബ്ദം ആ കുട്ടിയുടെ കാതിൽ നിറഞ്ഞുനിന്നു.

പൂവിടരുംപോലെ ചിരിച്ചുകൊണ്ടവൻ പറഞ്ഞു: ‘അത് വേണ്ട എന്റെ അമ്മയ്ക്ക് ഞാനൊറ്റ മകൻ. എനിക്ക് കൂടപ്പിറപ്പുകൾ ആരുമില്ല. എനിക്കമ്മയുണ്ട് ചേച്ചിയില്ല. എന്റെ ചേച്ചിയായാൽ മതി’.

ആകാശവും ഭൂമിയും കാട്ടിത്തരുന്ന ഒരു ചേച്ചി. ഒന്നുമറിയാത്ത അനിയന് എല്ലാം പറഞ്ഞുകൊടുക്കുന്ന ഒരു ചേച്ചി ഹായ്… എന്ത് രസമായിരിക്കും’.

ആ കുട്ടിയുടെ വാശിക്കുമുന്നിൽ അമ്മയുടെ മുലപ്പാൽ മണം ഉപേക്ഷിച്ച്, ചേച്ചിയെന്ന കരുതലായി ഒരു കഥാപാത്രം കൂടുമാറി. ഈ കരുതലിന്റെ ബാക്കിപത്രമായാണ് ശകുന്തളയുടെ സ്ക്രീനിലേക്ക് ലളിതാംബിക അന്തർജനത്തിന്റെ വരവ് എന്നതിൽ സംശയമില്ല. സാഹോദര്യം എന്നത് ഒരേ വയറ്റിൽ പിറക്കുന്നത് മാത്രമല്ല എന്നതിന്റെ തെളിവാണ്. ഇവരുടെ ജീവിതം.

ലളിതാംബിക അന്തർജനം

അന്നൊരു ദിവസം ലളിതാംബിക അന്തർജനം എറണാകുളത്തുള്ള സഹോദരൻ അഡ്വ. നാരായണൻ പോറ്റിയുടെ വീട്ടിലായിരുന്നു. വെറുതെ കുറച്ചുദിവസം വിശ്രമിക്കാനെത്തിയതാണ്. അപ്പോൾ ആ വീട്ടിലെ പെൺകുട്ടി ഓടിവന്നുപറഞ്ഞു ‘അമ്മായിയെ ആരോ ഫോണിൽ വിളിക്കുന്നു. ആലപ്പുഴയിൽ നിന്നാണ്. പേര് ചോദിച്ചിട്ട് പറഞ്ഞില്ല.’

ആരാണാവോ എന്നുകരുതി ലളിതാംബിക അന്തർജനം ഫോൺ എടുത്തു. ‘ഹലോ ആരാണ് വിളിക്കുന്നത്?’ മറുപടിയിങ്ങനെയായിരുന്നു. ‘പേര് പറയില്ല. പറയാതെ എന്റെ ശബ്ദം കേട്ടിട്ട് ആരാണെന്ന് പറഞ്ഞോളൂ’. എത്ര ശ്രമിച്ചിട്ടും ആളെ മനസ്സിലാവാത്തതുകൊണ്ട് അന്തർജനം പറഞ്ഞു. ‘സത്യമായിട്ടും എനിക്ക് മനസ്സിലായില്ല’.

എന്നാലൊരു ‘ക്ലൂ’ തരാം എന്ന മട്ടിൽ ഒരു മറുപടിയെത്തി. ‘ഉദയായിൽ നിന്നാണ്. ഇനിപ്പറയാമോ ആരാണെന്ന്…’

വല്ലാതെ വിഷമത്തിലായി ലളിതാംബിക അന്തർജനം ‘ഇല്ല എനിക്ക് മനസ്സിലായില്ല. ഉദയ എന്നത് ഒരു സ്റ്റുഡിയോ ആണല്ലോ. അവിടെ എനിക്കെന്ത് കാര്യം? ആരാണ്  ? മനസ്സിലായില്ല. വ്യക്തമായി പറഞ്ഞോളൂ…’

മറുപടിയായി വീണ്ടും പൊട്ടിച്ചിരി.

‘കൊള്ളാം. നല്ല ചേച്ചി. അനിയന്റെ ഒച്ചപോലും മറന്നു. ഇത് പണ്ടത്തെ പാട്ടെഴുത്തുകാരൻ കുട്ടനാണ്. മനസ്സിലായോ?’

ലളിതാംബിക അന്തർജനം വയലാറിനൊപ്പം പൊട്ടിച്ചിരിച്ചു.

‘ഇത് നല്ല തമാശയായല്ലോ. പക്ഷേ ആൾ മാറിയതുപോലെ ശബ്ദവും മാറിയിട്ടുണ്ടിപ്പോൾ’.

കുട്ടൻ സ്വന്തം ശബ്ദം പലവിധത്തിൽ പരിശോധിച്ചുനോക്കി. ‘ഏയ്… എന്റെ ശബ്ദത്തിനൊരു മാറ്റവുമില്ല. ആരുടെയൊക്കെയോ ചെവി മാറിപ്പോയി’.

‘അതൊക്കെ അവിടെയിരിക്കട്ടെ. ഞാനിവിടെ എറണാകുളത്തുണ്ടെന്ന് എങ്ങനറിഞ്ഞു?’

‘അതറിയില്ലേ? എനിക്ക് ദിവ്യദൃഷ്ടിയുണ്ട്. ചേച്ചി എവിടെയാണേലും ഞാൻ മണത്തറിയും… ’

‘എന്നാലും എന്താ എന്നെ ഇപ്പോൾ അന്വേഷിക്കാൻ കാരണം?’

‘അതേ… ചേച്ചി ഇങ്ങോട്ടൊന്ന് വരാമോ? ഇന്നുതന്നെ വരണം. അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്. കാറയയ്ക്കും. അതില് കേറി ഇങ്ങ് പോരണം’.

അന്തർജനത്തിന് ഒന്നും മനസ്സിലായില്ല.

‘നിങ്ങളുടെ സിനിമാകൂടാരത്തിൽ എനിക്കെന്ത് കാര്യം? കുട്ടൻ ഇവിടേക്ക് വരൂ. നമുക്കിവിടെ കൂടാം’. വയലാർ മറ്റാരോടൊ എന്തൊക്കെയോ പിറുപിറുക്കുന്നത് അന്തർജനം ഫോണിൽ കൂടി കേട്ടു.

കുറച്ചുനേരം എല്ലാം നിശ്ശബ്ദം… ഒരു സിനിമാരംഗംപോലെ… പിന്നീട്…

‘ചേച്ചീ… ചേച്ചി ഒരു സിനിമാക്കഥ എഴുതിത്തരാമോ? ചാക്കോച്ചനും ഞാനും കൂടി തിരുമാനിച്ചതാണ്. ചേച്ചി എഴുതണമെന്ന് ഞങ്ങൾക്ക് നിർബന്ധമാണ്’.

അന്തർജനത്തിന് ചിരിപൊട്ടിപ്പോയി. ‘അയ്യയ്യോ… നിങ്ങൾ രണ്ടുപേരും കൂടി നല്ലയാളെയാണല്ലോ കണ്ടുപിടിച്ചത്. സിനിമപോലും അധികം കാണാറില്ല ഞാൻ. നന്നായിരിക്കും ആരുടെ തലയിലാണീ ബുദ്ധി ആദ്യം ഉദിച്ചത്? ഈ കണ്ടുപിടുത്തം’.

കുട്ടനുണ്ടോ വിടുന്നു.

ചേച്ചിയെ…

‘അതൊന്നും സാരമില്ല ചേച്ചി… സിനിമ കാണുന്നതൊന്നുമല്ല കാര്യം. ചേച്ചിയെ എനിക്കറിയാം. ശാകുന്തളമാണ് കഥ. തികച്ചും സാങ്കല്പികം. ചേച്ചിയ്ക്ക് മാത്രമെ അതെഴുതാൻ കഴിയൂ… എന്റെ പൊന്നുചേച്ചിയല്ലേ… കുട്ടന്റെ ഒരാഗ്രഹമാണ്. ഒന്നുസാധിപ്പിച്ചുതരൂ…’

അന്തർജനം ആലോചിച്ചിരുന്നുപോയി. എത്ര അവിചാരിതവും അസ്വാഭാവികവുമായ കാര്യം ഇങ്ങനെ ഒന്നിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. എഴുതാനുള്ളത് തന്നെ പല പല കാരണങ്ങളാൽ എഴുതാതിരിക്കുമ്പോൾ…

സിനിമാക്കഥയൊക്കെ പറ്റുമോ? കുട്ടനോടെങ്ങനെ പക്ഷേ പറ്റില്ല എന്നുപറയും. കുട്ടനെ വിഷമിപ്പിക്കാൻ വയ്യ തന്നെ.

‘നോക്കട്ടെ. ഞാൻ ശ്രമിച്ചുനോക്കാം’. ലളിതാംബിക അന്തർജനം പറഞ്ഞു. വയലാർ രാമവർമ എന്ന കുട്ടൻ പറയിപ്പിച്ചു. കുഞ്ചാക്കോ ചാക്കോച്ചൻ പുഞ്ചിരിച്ചു. ‘സബാഷ്!’

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടൻ വന്നു. ലളിതാംബിക അന്തർജനത്തെയും കൂട്ടി ഉദയസ്റ്റുഡിയോയിലേക്ക് പോയി.

സിനിമയെപ്പറ്റി മൂവരും ചേർന്ന് ചർച്ചകൾ നടത്തി. തിരികെ എറണാകുളത്തേക്ക് വരുന്ന വഴി വയലാറിന്റെ വീട്ടിൽ കയറി അമ്മയേയും കുട്ടികളേയും കണ്ടു.

ലളിതാംബിക അന്തർജനം ശാകുന്തളത്തിന് തിരക്കഥ എഴുതുന്നുവെന്ന് ഉറപ്പിച്ചപ്പോൾ കുട്ടൻ പറഞ്ഞു. ‘ഈ സിനിമയ്ക്ക് ഞാൻ അറിഞ്ഞുതന്നെ പാട്ടെഴുതും. ചേച്ചിയുടെ തിരക്കഥ, സംഭാഷണം. എന്റെ പാട്ട്. ചാക്കോച്ചന്റെ സംവിധാനം. നമുക്ക് തകർക്കണം നമ്മൾ തകർക്കും’. ശരിക്കും ഒരു തകർക്കൽ തന്നെയായിരുന്നു അത്. അക്ഷരങ്ങളുടെ പലവിധ ആവിഷ്കാരം!

വയലാർ പറഞ്ഞതുപോലെ ശകുന്തളയിലെ ഗാനങ്ങൾ ഓരോന്നും ഗംഭീരമായി. മലയാളികൾ എന്നെന്നേക്കുമായി നെഞ്ചേറ്റിയ ഗാനങ്ങൾ. പതിനഞ്ചോളം ഗാനങ്ങളാണ് ശകുന്തളയിൽ ഉള്ളത്.

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമവരും, പ്രിയതമാ… പ്രിയതമാ… പ്രണയലേഖനം എങ്ങനെ എഴുതണം മുനി കുമാരികയല്ലോ, മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ… പുള്ളിമാനേ, സ്വർണതാമരയിതളിൽ മയങ്ങും തുടങ്ങി മിക്കപാട്ടുകളും ഇന്നും ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങളാണ്. തിരക്കഥയ്ക്ക് അവലംബം കാളിദാസ ശാകുന്തളമാണെങ്കിലും വള്ളത്തോളിന്റെ അച്ഛനും മകളും എന്ന കവിതയുടെ ചേരുവകളും ഉപയോഗിച്ചിട്ടുണ്ട്.

സിനിമ പുറത്തിറങ്ങി വളരെയേറെ വർഷങ്ങൾക്കുശേഷമാണ് ശകുന്തളയുടെ സ്ക്രിപ്റ്റ് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. ലളിതാംബിക അന്തർജനത്തിന്റെ ഈ സ്ക്രിപ്റ്റ് വായിച്ചാലറിയാം എന്തൊരു മികച്ച തിരക്കഥയാണിതെന്ന്.

സിനിമ പുറത്തിറങ്ങി വളരെയേറെ വർഷങ്ങൾക്കുശേഷമാണ് ശകുന്തളയുടെ സ്ക്രിപ്റ്റ് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. ലളിതാംബിക അന്തർജനത്തിന്റെ ഈ സ്ക്രിപ്റ്റ് വായിച്ചാലറിയാം എന്തൊരു മികച്ച തിരക്കഥയാണിതെന്ന്. അന്തർജനത്തിന്റെ ശതാബ്ദി ആഘോഷസമയത്താണ് ലളിതാംബിക അന്തർജനം ട്രസ്റ്റ് പ്രസിഡന്റും മകനുമായ എൻ രാജേന്ദ്രൻ, ശകുന്തളയുടെ തിരക്കഥയുടെ മുഴുവൻ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാനായി കൈമാറിയത്. ഗവേഷണങ്ങൾക്കായി ഈ സ്ക്രിപ്‌റ്റ് ഇനിയും ഉപയോഗിക്കേണ്ടിയിരിക്കുന്നു. അത്രയേറെ സാധ്യതകളുള്ള തിരക്കഥയാണിത്.

ലളിതാംബിക അന്തർജനം മൂത്തമകൻ ഭാസ്‌കരകുമാറിനും ഇളയമകനും എഴുത്തുകാരനുമായ എൻ മോഹനനും ഒപ്പം

തന്നെക്കുറിച്ച് പറയാൻ തനിക്കുപറയേണ്ടത് പറയാൻ ഏറ്റവും ശക്തമായ മാർഗം അക്ഷരങ്ങളാണെന്ന് വിശ്വസിച്ചിരുന്ന ആളാണ് ലളിതാംബിക അന്തർജനം. ഒരു വ്യക്തിയുടെ ജീവിതം സഫലീകരിക്കണമെങ്കിൽ സ്വന്തം സുഖജീവിതം മാത്രമല്ല, പൊതുസാമൂഹത്തിൽ കൂടി ഇടപെടേണ്ടതുണ്ട് എന്നും അന്തർജനം വിശ്വസിച്ചിരുന്നു.

മാറ്റി നിർത്തപ്പെട്ട സമൂഹത്തിന്റെ, ഒരു വർഗത്തിന്റെ പ്രതിനിധിയായാണ് ലളിതാംബിക അന്തർജനം മുന്നോട്ടു വന്നത്. വ്യക്തിജീവിതത്തിലുണ്ടാകാൻ സാധ്യതയുള്ള എല്ലാ അപകടങ്ങളെയും അവഗണിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തത്. കുടുംബിനിയെന്നാൽ കുടുംബം നോക്കിമാത്രം ജീവിക്കേണ്ടവൾ എന്ന കാലം. നമ്പൂതിരി സ്ത്രീകൾക്ക് ഇല്ലാത്ത വിലക്കുകൾ ഒന്നും തന്നെയില്ല.

അവിടെ നിന്നുകൊണ്ടായിരുന്നു അന്തർജനത്തിന്റെ ബൗദ്ധിക‐മാനസിക യുദ്ധം! സ്ത്രീത്വത്തെ സമൂഹത്തിൽ ബഹുമാന്യമായ ഒരു സ്ഥാനത്തേക്കുയർത്താൻ അതുവഴി ലളിതാംബിക അന്തർജനത്തിന് കഴിഞ്ഞു. അരുതുകളെയും അതിരുകളെയും ലളിതാംബിക അന്തർജനം എന്ന എഴുത്തുകാരി അവഗണിച്ചു. പകരം സ്വന്തം തീരുമാനങ്ങളിലൂടെ നീതിബോധത്തിലൂന്നിയ ശരികളും തെറ്റുകളും തിരിച്ചറിഞ്ഞ് മുന്നേറി.

‘ശകുന്തള’ എന്ന തിരിക്കഥയിലെ ഓരോ രംഗത്തിലും സംഭാഷണങ്ങൾ കൃത്യമായ വിശദീകരണങ്ങളോടെയാണ് എഴുതിയിട്ടുള്ളത്. എഴുതിത്തഴക്കം വന്ന ഒരാൾക്കുമാത്രം ചെയ്യാവുന്ന തരത്തിൽ ബാക്ഗ്രൗണ്ടിലുള്ള ഓരോ വസ്തുവിന്റെപോലും വിശദീകരണങ്ങളുണ്ട്. പ്രകൃതിയെ വിശദീകരിച്ചിട്ടുണ്ട്. പുക്കളും, കാറ്റും, പേടമാനുമൊക്കെ സ്ക്രിപ്റ്റിൽ നിറഞ്ഞുനിൽക്കുന്നു.

ലളിതാംബിക അന്തർജനത്തിന്റെ രചനാരീതിയിലെ പ്രധാന ശക്തിയായി എനിക്ക് തോന്നിയിട്ടുള്ളത് സങ്കല്പിക്കാനുള്ള കഴിവാണ്. കഥ എഴുതുമ്പോഴും, സ്ക്രിപ്റ്റിലെ എന്നപോലെ ഒരുതരം പരകായ പ്രവേശം കഥാപാത്രങ്ങളിലേക്ക് നടത്തിയാണ് എഴുതുന്നത്. അതുകൊണ്ട് മുഴുവനായും ആ കഥാപാത്രത്തെക്കുറിച്ചറിയാൻ വായനക്കാർക്ക് കഴിയും.

തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ അന്തർജനം, കുട്ടൻ പറഞ്ഞതോർത്തു. ‘ചേച്ചീ… ചേച്ചി എഴുതിയാൽ നന്നാവും…’ സിനിമ ജനങ്ങൾ ഏറ്റെടുത്തപ്പോഴാണ് അന്തർജനത്തിന് നേരെ ശ്വാസം വീണത്. ചാക്കോച്ചന്റെ വാക്കുകൾ വായിച്ചപ്പോൾ വളരെ സംതൃപ്തിയും തോന്നി. അദ്ദേഹമെഴുതി. അമ്മയുടെ കൈയ്‌ എനിക്ക് നന്നെ പൊലിച്ചു.

‘എന്റെ കൈയല്ല, കുട്ടന്റെ കവിതകളും താങ്കളുടെ സംവിധാനവുമാണ് പൊലിവ് നൽകിയതെന്ന്’  അന്തർജനം വിനായാന്വിതയായി.

സാമാന്യ മനുഷ്യരോടടുത്തുനിന്ന പുരാണകഥാരീതികൊണ്ടാണ്, ശകുന്തളയുടെ സ്ക്രിപ്റ്റ് ഇത്രയേറെ മഹത്തരമായത്. ഇവർ മൂന്നുപേരും അതിനുകാരണക്കാരായിരുന്നു. ശാകുന്തളം കഥയിൽനിന്നും ശകുന്തളയിലേക്കെത്തുമ്പോൾ രംഗവിഭജനം

ഡോ.പി കെ പോക്കർ

നടത്തിയത്, ഓരോ ഭാഗത്തിലും എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചത് തോപ്പിൽഭാസിയാണ്. കഥയിലെ അതാത് രംഗങ്ങൾ അങ്ങനെ ഉൾപ്പെടുത്തിയത് കഥയുടെ ഒഴുക്കിന് വലിയ ശക്തിയുമായി.

പുസ്തകരൂപമാക്കിയ ശകുന്തളയുടെ സ്ക്രിപ്റ്റിന്റെ ആദ്യപതിപ്പിൽ ഡോ.പി കെ പോക്കർ, എ ജി ഒലീന എന്നിവർ ഇങ്ങനെയെഴുതിയിട്ടുണ്ട്:

മലയാള തിരക്കഥാ രചനാരംഗത്തെ ആദ്യ സ്ത്രീ സാന്നിധ്യമാണ് ലളിതാംബിക അന്തർജനം. ചലച്ചിത്രത്തിന്റെ വ്യാകരണവും, ദൃശ്യ‐ശ്രവ്യ സാധ്യതയും അവധാനതയോടെ പിന്തുടരുന്ന ഒരു തിരക്കഥാപാഠമാണ് ശകുന്തള. ദേശീയ പ്രചാരമുള്ള ഒരു ആഖ്യായികയെ മലയാള തിരക്കഥയിലേക്ക് വിവർത്തനം ചെയ്യുക മാത്രമല്ല അന്തർജനം ചെയ്തത്. കേരളത്തിന്റെ പ്രാദേശിക സാംസ്കാരിക ഭൂമികയിലേക്ക് ഇന്ത്യൻ ശാകുന്തളം കഥയെ സ്വാഗതം ചെയ്യുക കൂടിയായിരുന്നു.

ചലച്ചിത്രത്തിന്റെ മായിക സാധ്യതകളെയും ചലച്ചിത്രഭാഷയുടെ വൈകാരിക സാധ്യതകളെയും കൃത്യമായി വിനിയോഗിക്കുന്ന ഒരു തിരക്കഥാപാഠമാണ് ശകുന്തള. ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവും സൂക്ഷ്മവിനിമയം ചെയ്യുന്ന ശകുന്തളയുടെ തിരക്കഥക്ക് ഉചിതവും ഗൗരവമാർന്നതുമായ അവതാരിക എഴുതിയിരിക്കുന്നത് സംസ്കാരപഠനരംഗത്ത് ശ്രദ്ധേയനായ സി എസ് വെങ്കിടേശ്വരനാണ്.

സി എസ്‌ വെങ്കിടേശ്വരൻ

കുട്ടന്റെ നിർബന്ധത്തിനുവഴങ്ങിയെങ്കിലും തിരക്കഥ എഴുതാൻ തുടങ്ങിയപ്പോൾ അന്തർജനം ഓർത്തത് കുട്ടനെ ആദ്യം കണ്ടരംഗമാണ്. അവർ അതിങ്ങനെ ഓർക്കുന്നു.

“ഒരു രാവിലെ മെലിഞ്ഞ് പൊക്കം അല്പം കുറഞ്ഞ് അനാഗതശ്മശ്രുവായ ഒരു കുമാരൻ അമ്മയോട് കൂടി എന്റെ വീട്ടിൽ വന്നു. ഒരു പരിചയപ്പെടുത്തലുമില്ലാതെ പറഞ്ഞു. ‘വയലാറിൽ നിന്നാണ്’. വയലാർ രാമവർമ അന്നേ പ്രസിദ്ധനാണ്. അമ്മയും മകനും രണ്ട്നാൾ അവിടെ താമസിച്ചു. കുട്ടൻ പറഞ്ഞു. ‘ഞാൻ ചേച്ചിയെപ്പറ്റി ഒരു ലേഖനമെഴുതും’. കേട്ടപാടെ തടഞ്ഞുകൊണ്ട് അന്തർജനം പറഞ്ഞു ‘അയ്യോ ഇപ്പോൾ വേണ്ട… എന്റെ കാലം കഴിഞ്ഞുമതി’. പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടൻ പറഞ്ഞു ‘എന്നാലത് ഞാനേറ്റു!’

എന്നിട്ടും ‘എന്റെ ചേച്ചി’ എന്നൊരു കവിതയെഴുതി മലയാളരാജ്യം വാരികയിൽ കുട്ടൻ പ്രസിദ്ധീകരിച്ചു. ലളിതാംബിക അന്തർജനം അയച്ചിട്ടുള്ള കത്തൊക്കെ മകൻ നിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുന്നുവെന്ന് അന്ന് അമ്മ പറഞ്ഞു.

പിന്നീട് കുട്ടൻ വളർന്നു. കുറേയേറെ അകന്നു. വളരെ പ്രസിദ്ധനായി. എന്നിട്ടും ശാകുന്തളത്തിന് തിരക്കഥയെഴുതാൻ തന്നെത്തേടി കുട്ടനെത്തിയിരിക്കുന്നു. എഴുതാതിരിക്കാനാവില്ല. അന്തർജനം എഴുതിതുടങ്ങി. തിരക്കഥ തുടങ്ങുന്നതിങ്ങനെയാണ്:

ഗംഭീരമായ വനരംഗം. വൃക്ഷം ചലിക്കുന്നില്ല. പക്ഷി ചിലക്കുന്നില്ല. മൃഗങ്ങൾ അനങ്ങുന്നില്ല. ഏതോ മഹാശക്തിയിൽ പ്രപഞ്ചമാകെ മരവിച്ചപോലെ.

ഈ പശ്ചാത്തലത്തിന് നടുവിൽ കൊത്തിവെച്ച പ്രതിമപോലെ ഉഗ്രതപസ്വിയായ വിശ്വാമിത്രൻ പത്മാസനത്തിലിരിക്കുന്നു. കൈകൾ രണ്ടും നിവർത്തി മടിയിൽ. കണ്ണുപൂട്ടിയിരിക്കുന്നു. ജടപിടിച്ച മുടിയും താടിയും താപശുഷ്കമെങ്കിലും ദൃഢവും രാജസവുമായ ഗാത്രം. യോഗദണ്ഡ്‌ മാറിൽ ചാരിയിരിക്കുന്നു. അരികിൽ കമണ്ഡലു. പഞ്ചേന്ദ്രിയങ്ങളും അടക്കി സമാധിയിലാണ് മുനി.

ശാസോച്ഛ്വാസംപോലും കാണാനില്ല. പ്രകൃതിയും ധ്യാനത്തിലാണ്ടതുപോലെതോന്നും. പെട്ടെന്ന് ആകാശത്ത് ഒരു പ്രഭാപടലം പരക്കുന്നു. നേരിയ വെള്ള മേഘങ്ങൾക്കിടയിൽ പൗർണമി ചന്ദ്രൻ ഉദിച്ചുയർന്നുവരുന്നു. വനവൃക്ഷങ്ങളിൽ ചന്ദ്രിക പതിച്ചതോടെ ഉണങ്ങിവരണ്ട മരങ്ങളും ലതകളും വസന്തശ്രീപൂണ്ട് ഞെട്ടിയുണർന്ന് കാറ്റിലാടി തുടങ്ങുന്നു. പൂക്കളും തളിരുകളും പൊട്ടിവിടർന്നവനം ഉദ്യാനസദൃശമാകുന്നു. വിശ്വാമിത്രൻ ഇരുന്നിടത്ത്‌ തൊട്ടുപുറകിലുള്ള മരത്തിനുമുകളിൽ ഒരു കുയിൽ നേരിയ സ്വരത്തിൽ പാടിത്തുടങ്ങി.അതോടെ കാട്ടിലുള്ള പക്ഷികളും നേരിയ സ്വരത്തിൽ പാടാൻ തുടങ്ങി. അതൊരു മാദകമായ ഗാനധാരയാവുന്നു.

സ്വപ്നസുന്ദരമായ ഈ രംഗത്തിൽ ആകാശത്ത് വെള്ളിമേഘങ്ങൾക്കിടയിൽനിന്ന് ചന്ദ്രശലാകപോലെ മനോഹരമായ രണ്ട് പാദങ്ങൾ താണുതാണിറങ്ങിവരുന്നു. പാദസരമണിഞ്ഞ പാദങ്ങൾ. ചെമ്പഞ്ഞിച്ചാറുതേച്ച പാദങ്ങൾ. നൃത്തമാടി തെളിഞ്ഞ മൃദുപാദങ്ങളെ തുടർന്ന്‌ പാവാടയണിഞ്ഞ അരക്കെട്ട് പട്ടുറവുക്കയിട്ട മാർവിടം. സുന്ദരിയായ ഒരു യുവതി പറക്കുന്ന മാലാഖ പോലെ, അവൾ സ്വല്പം അകലെയായി വന്നുനിൽക്കുന്നു. കൈയിലുള്ള പൂത്താലത്തിൽനിന്നും പുഷ്പങ്ങൾ വിതറിക്കൊണ്ടേയിരിക്കുന്നു. അവയിൽ ചിലത് മുനിയുടെ ശിരസ്സിലും വീഴുന്നുണ്ട്.

ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരുചാട്ടംപോലെ അവൾ വന്നുനിൽക്കുമ്പോൾ പാദസരങ്ങളുടെയും മണിമാലകളുടെയും തരിവളകളുടെയും ‘ഘിലും ഘിലും’ എന്ന പൊട്ടിച്ചിരി കേൾക്കാം. നേരിയ ഒരു ഗാനശകലം മൂളുന്നുണ്ട്. അതോടെ കാട്ടാറുകളുടെ മർമരശബ്ദവും വണ്ടുകളുടെ മൂളലും കിളിനാദവും ഉത്സാഹഭരിതമായി ഉയരുന്നു. മാൻപേടകൾ കുതിച്ചോടുന്നു. വനമാകെ ചലനാത്മകമായി മാറി. എന്നിട്ടും മുനി ഉണരുന്നില്ല.

ആലപ്പുഴയിലെ ഉദയാ സ്‌റ്റഡിയോയ്‌ക്ക്‌ മുന്നിൽ കുഞ്ചാക്കോയും സഹപ്രവർത്തകരും (ചിത്രത്തിൽ മാലയിട്ടിരിക്കുന്നതാണ്‌ കുഞ്ചാക്കോ)

മുനിയെ കണ്ടിട്ടേയില്ല എന്ന മട്ടിൽ വനസൗന്ദര്യത്തിൽ മുഗ്ധയായി തീർന്നപോലെ മേനക നൃത്തമാടിത്തുടങ്ങുന്നു. പ്രകൃതിയുടെ സൃഷ്ടിപരമായ ആവേശത്തിന്റെ പ്രതീകമായ വസന്തനൃത്തം. അവളുടെ ഉടയാടത്തുമ്പുകൾ കാറ്റിലാഞ്ഞുമിനുങ്ങി. പാദസരങ്ങളും മണിമാലകളും തരിവളകളും കിലുങ്ങി. നൃത്തമാടിയാടി അറിയാതെയെന്നപോലെ അവൾ മുനിയെ പ്രദക്ഷിണം വെച്ചുകൊണ്ടിരുന്നു.

മരക്കൊമ്പിലെ കുയിൽ കൂവിക്കൊണ്ടേയിരുന്നു. ഗാനനൃത്തങ്ങളുടെ പിരിമുറുക്കം അനുസരിച്ച് കാറ്റുവീശുകയും പൂക്കൾ പൊഴിയുകയും കാട്ടാറുകൾ കളമർമരം പൊഴിക്കുകയും ചെയ്യുന്നു. അവിടെ നിശ്ചലമായ ഒരേ ഒരു വസ്തു മുനി മാത്രമായിരുന്നു.

മേനക തോൽവി സമ്മതിക്കാത്തതുപോലെ ആടിയാടി മുനിയുടെ മുന്നിൽ നിന്നു. സ്ത്രീത്വത്തിന്റെ സർവാഭിലാഷങ്ങളും മൂർത്തീകരിച്ചപോലെ അവൾ മുനിയെ നോക്കി. മാരന്റെ കൂരമ്പുകൾപോലെയുള്ള ആ തീക്ഷ്‌ണകടാക്ഷം മുനിയുടെ മാറിൽ തറച്ചുനിൽക്കുന്നു.

പെട്ടെന്ന് ആ ദേഹം അനങ്ങി. ഉൽക്കടമായ ഉൾക്കമ്പത്താലെന്നോണം വിശ്വാമിത്രന്റെ ദേഹം വിറച്ചുതുടങ്ങുന്നു. ഉയർത്തിപ്പിടിച്ച ശിരസ്സ് കുനിഞ്ഞു. കണ്ണുകൾ തെല്ലുതുറന്നു. ദീർഘനിശ്വാസം.

മുമ്പിൽ വസന്തത്തിന്റെ സകല ശോഭകളുമണിഞ്ഞ മാദകമായ പ്രകൃതി മദാലസയായ കാമിനി. വികാരഭരിതമായ നാദധാര പ്രപഞ്ചത്തിലെമ്പാടും തിരതല്ലുന്നു.

ധ്യാനവിമുക്തനായ വിശ്വാമിത്രൻ ബാഹ്യപ്രപഞ്ചത്തിന്റെ ഈ മനോഹര ദൃശ്യത്തെ അത്ഭുതത്തോടെ നോക്കിപ്പോവുന്നു. നടനവൈവശ്യത്താൽ തളർന്ന മേനക മന്ദാക്ഷമധുരമായി മന്ദഹസിച്ചുകൊണ്ട് മുനിയെ നമിക്കുന്നു. കൈയിലുള്ള പൂത്താലം പാദത്തിൽ അർപ്പിക്കുന്നു. നമസ്കരിച്ചപ്പോൾ പൂമാലകളണിഞ്ഞ അവളുടെ മുദുലകേശം മുനിപാദങ്ങളിൽ വീഴുന്നു.

വിശ്വാമിത്രൻ മുഗ്ധനായി ചോദിക്കുന്നു. ‘വത്സേ… നീ ആരാണ്! എന്തിനിവിടെ വന്നു?’

ആദ്യഭാഗം വായിക്കുമ്പോൾ തന്നെ നമുക്കറിയാം, ലളിതാംബിക അന്തർജനം തിരക്കഥയിൽ വെറും സംഭാഷണം മാത്രമല്ല എഴുതിയത് എന്ന്. ഇതുപോലെ സകലമാനവിവരണങ്ങളോട് കൂടിയാണ്  ലളിതാംബിക അന്തർജനം തിരക്കഥയുടെ ഓരോഭാഗവും എഴുതി ഇരിക്കുന്നത്.അതുകൊണ്ടായിരിക്കണമല്ലോ കുഞ്ചാക്കോ ചാക്കോച്ചനും ആദ്യമായി ഒരു സ്ത്രീ എഴുതിതന്ന തിരക്കഥ ഉപയോഗിക്കാൻ ധൈര്യം വന്നത്.

അദ്ദേഹം ലളാതാംബിക അന്തർജനത്തിന് 1‐06‐1965‐ൽ ഒരു കത്തയച്ചതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:

കുട്ടൻ ജൂൺ ഏഴാം തീയതി മടങ്ങിവരും. ഞങ്ങൾ രണ്ടാളും കൂടി ഒന്നുകൂടി ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിട്ട് എട്ടാം തീയതി നിർദേശങ്ങൾ സഹിതം അങ്ങോട്ടേക്ക് കൊടുത്തയക്കാം. പിന്നെ, എന്റെ അന്തർജനമാണ് ബിഎ, ബിഎൽ. ഞാൻ വെറും കുഞ്ചാക്കോയും!

സ്നേഹപൂർവം സ്വന്തം കുഞ്ചാക്കോ.

മദ്രാസിൽ, 3rdമൗണ്ട് റോഡിൽ ഉള്ള സവോയി ഹോട്ടൽ & റസ്റ്റോറന്റിന്റെ ലെറ്റർ പാഡിൽനിന്നും കുഞ്ചാക്കോയുടെ മറ്റൊരുകത്തുണ്ട്. ലെറ്റർ പാഡിന്റെ മുകളിൽ കുഞ്ചാക്കോ സ്വന്തം കൈപ്പടയിൽ എന്ന് എഴുതിയിട്ടുണ്ട് 21‐07‐65‐ന് എഴുതിയ കത്ത് ഇങ്ങനെയാണ്:

ലളിതാംബിക അന്തർജനത്തിന്‌ വയലാർ എഴുതിയ കത്ത്‌

“കുട്ടന്റെ പേർക്ക് 29‐ാം തീയതി അയച്ച കത്ത് കുട്ടൻ ഇവിടെ ഇന്നലെ വന്നപ്പോൾ കൊണ്ടുവന്ന് എന്നെ കാണിക്കുകയുണ്ടായി. ജൂൺ 15‐ന് മാത്രമെ ഞങ്ങൾ മദ്രാസിൽനിന്ന്‌ തിരികെ വരികയുള്ളൂ. അപ്പോഴേക്കും ശാകുന്തളം ശരിപ്പെടുത്തിവെച്ചിരുന്നാൽ മതി. ധാരാളം സമയവും കിട്ടുമല്ലോ. എത്രാം തീയതി ആലപ്പുഴയ്ക്കെത്തണമെന്ന് ഇവിടെനിന്നും ഒരാഴ്ചക്കുശേഷം അറിയിക്കാം. ഏതായാലും 16‐ാം തീയതിക്കുമുമ്പ് വേണ്ടി വരികയില്ല. പാട്ടുകൾ കുട്ടനും ദേവരാജനും കൂടി ശരിപ്പെടുത്തിക്കൊണ്ടിരിക്കയാണ്.

കുട്ടന്റെ ഭാഗം അതിന്റെതായ എല്ലാ അന്തസ്സത്തകൾക്കും കൂടി ഉഗ്രമാക്കിയിട്ടുണ്ട്. എല്ലാം ഭംഗിയായിരിക്കുമെന്ന് വിശ്വസിക്കുക. നമ്മുടെ പടത്തിന്റെ ആരംഭത്തിലെ സ്ക്രിപ്റ്റിൽ മേനക താഴേക്ക് വരുന്നതും വിശ്വാമിത്രന്റെ മുമ്പിലുള്ള നൃത്തവുമാണല്ലോ. ആ ഭാഗം കളറിൽ ഇവിടെത്തന്നെ എടുത്തുകൊണ്ടേ ഞങ്ങൾ വരികയുള്ളൂ. സ്നേഹപൂർവം ചാക്കോച്ചൻ”.

ആ കത്തിന്റെ അടിയിൽ കുട്ടനും രണ്ട് വരി എഴുതിയിരിക്കുന്നു.

‘പ്രിയപ്പെട്ട ചേച്ചീ… ഞാനിന്നലെ മദ്രാസിലെത്തി. ഇങ്ങോട്ടുപുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് കത്ത് കിട്ടിയത്. ഇവിടെ വന്ന് ചാക്കോച്ചനുമായി സംസാരിച്ചിട്ടാവാം മറുപടി എന്നുകരുതി. ചാക്കോച്ചന്റെ കത്തിൽ വിശദവിവരങ്ങളുണ്ട്. മടങ്ങി വന്നിട്ടുകാണാം’. എന്നിങ്ങനെയാണ് വരികൾ.

അങ്ങനെ മദ്രാസിൽ നിന്നുതിരിച്ചെത്തി, ആലപ്പുഴവച്ച് മൂവരുടെയും സാന്നിധ്യത്തിൽ സ്ക്രിപ്‌റ്റ് വായന നടന്നു. അത് കൈയടിച്ച് പാസാക്കിയതിന്റെ ഫലം കൂടിയാണ് സിനിമ ശകുന്തള.

ഉപദേശം കൊടുക്കാനാരുമില്ലാത്ത, സ്ത്രീകൾ ആരും കൈവെച്ചിട്ടില്ലാത്ത മേഖലയിൽ ആണുങ്ങൾക്കൊപ്പമിരുന്ന്, അതും സർവസ്വതന്ത്രരായ, പലരംഗങ്ങളിൽ അറിയപ്പെടുന്ന ആൾക്കാരോടൊപ്പമിരുന്ന് ശകുന്തള സിനിമയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യാനും തന്റെ അഭിപ്രായം പറയാനും അന്തർജനത്തിന്‌ സാധിച്ചു എന്നത് അന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഒട്ടും ചെറിയ കാര്യമല്ല.

‘മറ്റുള്ളവർ എന്തുപറയും’ എന്നത് ലളിതാംബിക അന്തർജനത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പുരുഷന്മാർ അരങ്ങുവാണിരുന്ന സിനിമാസാഹിത്യമേഖലയിൽ ഒരു കൂസലുമില്ലാതെയാണ് പുരുഷ‐ബൗദ്ധീക‐സാഹിത്യ കോട്ടകൊത്തളങ്ങളിൽ ഒറ്റ സ്ത്രീയായി ചെന്ന് കാര്യങ്ങൾ ചർച്ച ചെയ്‌തത്. ആയിരം സൂര്യന്മാരുടെ ആത്മ ഉൗർജം ലളിതാംബിക അന്തർജനത്തിന്റെ ഉള്ളിലുണ്ടായിരുന്നെന്ന് എനിക്കാജീവിതം പഠിക്കുമ്പോൾ, ഉൾക്കൊള്ളുമ്പോൾ തോന്നിയിട്ടുണ്ട്.

ലളിതാംബിക അന്തർജനത്തിന്റെ ശാകുന്തളാഖ്യാനം അതിന്റെ നാടകീയതയിലും ദൃശ്യസാധ്യതകളിലുമാണ് ഊന്നൽ നൽകിയത്. തമിഴ് ശകുന്തള, ഗായകതാരങ്ങളാലും സംഗീതപ്രാധാന്യത്താലുമാണ് വിജയം നേടിയത്. അന്തർജനത്തിന്റേത് കൂറേക്കൂടി ചലച്ചിത്രഭാഷയുമായി അടുത്തുനിൽക്കുന്നതാണ്.

ലളിതാംബിക അന്തർജനത്തിന്റെ ശാകുന്തളാഖ്യാനം അതിന്റെ നാടകീയതയിലും ദൃശ്യസാധ്യതകളിലുമാണ് ഊന്നൽ നൽകിയത്. തമിഴ് ശകുന്തള, ഗായകതാരങ്ങളാലും സംഗീതപ്രാധാന്യത്താലുമാണ് വിജയം നേടിയത്. അന്തർജനത്തിന്റേത് കൂറേക്കൂടി ചലച്ചിത്രഭാഷയുമായി അടുത്തുനിൽക്കുന്നതാണ്. ഒരു ദൃശ്യവിസ്മയം തന്നെയാണത്. ഈ തിരക്കഥയിൽ സംഭാഷണത്തോടൊപ്പം തന്നെ നിറഞ്ഞുനിൽക്കുന്ന ദൃശ്യശബ്ദസൂചനകൾ അതിനുതെളിവാണ്.

തുടക്കത്തിൽ, ആനന്ദരഹിതവും അഭിലാഷങ്ങളെ തിരസ്കരിക്കുന്നതുമായ ഒരു സന്ദർഭത്തിലേക്കാണ് മേനക എന്ന മോഹിനി കടന്നുവരുന്നത്. ഇവിടെ തപസ്സിന്റെ നിശ്ചലതയെ ഭേദിച്ചുകൊണ്ട് കടന്നുവരുന്നത് സിനിമ എന്ന മാധ്യമത്തെ പോലെതന്നെ ‐ അഭിലാഷങ്ങളുടെയും പ്രലോഭനങ്ങളുടെയും മോഹനവാഗ്ദാനങ്ങൾതന്നെയാണ്. സിനിമ എന്ന മാധ്യമത്തിന്റെ മായികസാധ്യതകളെക്കുറിച്ച് ഉത്തമധാരണയുള്ള ഒരാൾക്ക് മാത്രമെ തിരക്കഥയിലെ ആദ്യ വിവരങ്ങൾപോലുള്ളവ നൽകാനാകൂ.

ഒരോരോ രംഗത്തിലും സംവിധായകൻ ശ്രദ്ധിക്കേണ്ട ദൃശ്യ‐ശ്രവ്യ ഘടകങ്ങളെക്കുറിച്ചുള്ള സൂചനകളാൽ സമൃദ്ധമാണ് അന്തർജനത്തിന്റെ തിരക്കഥ. സിനിമയെ വെറും കഥപറച്ചിലിനുള്ള മാധ്യമമായല്ല ഇവിടെ നിരൂപിക്കുന്നത്

ജി ദേവരാജൻ

ഒരോരോ രംഗത്തിലും സംവിധായകൻ ശ്രദ്ധിക്കേണ്ട ദൃശ്യ‐ശ്രവ്യ ഘടകങ്ങളെക്കുറിച്ചുള്ള സൂചനകളാൽ സമൃദ്ധമാണ് അന്തർജനത്തിന്റെ തിരക്കഥ. സിനിമയെ വെറും കഥപറച്ചിലിനുള്ള മാധ്യമമായല്ല ഇവിടെ നിരൂപിക്കുന്നത് മറിച്ച്, സംഭാഷണങ്ങൾക്കൊപ്പം ദൃശ്യ‐ശ്രാവ്യ ഘടകങ്ങളിലൂടെയും പകരേണ്ട ഒരു വൈകാരികാനുഭവമായാണ് തിരക്കഥ സിനിമയെ എഴുതുന്നത്.

സിനിമ നിർമിക്കാനൊരുങ്ങുന്ന സന്ദർഭത്തിൽ കുഞ്ചാക്കോ ചാക്കോച്ചൻ അന്തർജനത്തിനെഴുതിയ ഒരു കത്തിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ‘മേനകയുടെ ഡാൻസ് എടുക്കുന്നതിന് പശ്ചാത്തലവിവരണങ്ങളും സംഭാഷണങ്ങളും വളരെ ഉപകരിക്കും. സംഭാഷണം എഴുതുമ്പോൾ തുടക്കത്തിലെ ഇപ്പോഴത്തെ രീതിയിൽ ചെയ്ത മറ്റുവിവരണങ്ങൾ കൂടി എഴുതുമെങ്കിൽ അതിൽപ്പരം ഉപകാരപ്രദമായി മറ്റൊന്നും ചെയ്യാനില്ല’. ഇങ്ങനെയാണ് വരികൾ.

പ്രകൃതിയെക്കുറിച്ചുള്ള സൂചനകളാണ് മറ്റൊരു സമൃദ്ധസാന്നിധ്യം. ഒരു രാജകീയ വേട്ടയെക്കുറിച്ചുള്ള വർണനയോട് കൂടി ദുഷ്യന്തൻ എന്ന മുഖ്യകഥാപാത്രം ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്ന രംഗം വിവരിച്ചിരിക്കുന്നത് നോക്കുക. നിബിഡമായ വനപഥം തേരുരുളുകൾ കുതിച്ചോടുകയാണ് കുതിരകളുടെ കുളമ്പടികൾ മാത്രം കാണാം. ചീറിപ്പായുന്ന അമ്പുകളുടെ ചെറുഞാണൊലിയും. ആരണ്യച്ഛായകൾ മിന്നിമറയുന്നു. പേടിച്ചോടുന്ന മൃഗങ്ങൾ. അലറിപ്പായുന്ന കാട്ടാന, പുലികൾ, വെള്ളച്ചാട്ടങ്ങൾ, പുൽമേടുകൾ, പാറക്കെട്ടുകൾ.

എവിടെയും പ്രാണഭയത്തോടെ ഓടുന്ന മൃഗങ്ങളെ വേട്ടയാടിക്കൊണ്ട് അമ്പുകളും കുളമ്പടികളും പിന്തുടരുന്നു. ഒടുവിൽ ഒരേ ഒരു മാൻ ശരപഥത്തിൽ തെളിയും അതിനുപുറകെ ആ തേരുകൾ തെളിഞ്ഞുതെളിഞ്ഞ് രാജകീയരഥവും സാരഥിയും. അതിനുപുറകിൽ വില്ലുകുലച്ചുപിടിച്ച് മാനിനെ ലാക്കാക്കുന്ന രാജാവിനെയും കാണാം…

സൂക്ഷ്മവും ചടുലവുമായ ഈ വർണന സിനിമാറ്റിക് ആയ ഒരു ഭാവനയിൽനിന്നുളവാകുന്നവയാണ്. പലപ്പോഴും അന്തർജനത്തിന്റെ രംഗവർണനകൾ ക്യാമറാചലനങ്ങളെയും ദൃശ്യസന്നിവേശത്തെയും കോമ്പോസിഷനുകളെയുംതന്നെ വിശദമായി വരച്ചിടുന്നുണ്ട്.

അന്തർജനത്തിന്റെ തിരക്കഥ എന്ന പാഠം രണ്ടുദിശകളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ഒരുവശത്ത് അത് ദേശീയ പ്രചാരമുള്ള ഒരു ആഖ്യായികയെ പ്രാദേശികവൽക്കരിക്കുന്നു. മറുവശത്ത്, ആ ആഖ്യാനത്തെ അത് ബൃഹത്ദേശീയതയിലേക്ക് ഇഴചേർക്കുകയും ചെയ്യുന്നു.

അന്തർജനത്തിന്റെ തിരക്കഥ എന്ന പാഠം രണ്ടുദിശകളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ഒരുവശത്ത് അത് ദേശീയ പ്രചാരമുള്ള ഒരു ആഖ്യായികയെ പ്രാദേശികവൽക്കരിക്കുന്നു. മറുവശത്ത്, ആ ആഖ്യാനത്തെ അത് ബൃഹത്ദേശീയതയിലേക്ക് ഇഴചേർക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് പല സന്ദർഭങ്ങളിലും വിവരിക്കപ്പെടുന്ന ആചാരങ്ങളിലും വസ്തുപശ്ചാത്തലവിവരണങ്ങളിലുമെല്ലാം കേരളീയത മിഴിവോടെ തന്നെ കടന്നുവരുന്നത് കാണാം. കറുകമാലയും ശുഭ്രവസ്ത്രങ്ങളും ഞൊറിഞ്ഞുടുക്കലും, വാൽക്കണ്ണാടിയും, അഷ്ടമംഗല്യവും, വായ്ക്കുരവയും മറ്റുമാണ് ഈ മലയാളി ശകുന്തളയ്ക്ക് അകമ്പടി. ഇവിടെ ശകുന്തള ഒരു മലയാളി ബ്രാഹ്മണകന്യക തന്നെയായാണ് ഭാവന ചെയ്യപ്പെടുന്നത്.

ഉദാഹരണത്തിന് സീൻ 34 ലുള്ള മംഗല്യപൂജയുടെ വർണന നോക്കുക. ശകുന്തള മുങ്ങിക്കുളിച്ച് മുടിതിരുകി കറുകമാല ചൂടി ശുഭ്രവസ്ത്രങ്ങൾ ഞൊറിഞ്ഞുടുത്ത് വിളക്കിനരികി ൽ ഇരിക്കുന്നു. കൈയിൽ വാൽക്കണ്ണാടി. അരികത്ത് അഷ്ടമംഗല്യം. ഭദ്രദീപത്തിനുമുന്നിൽ അടയും മലരും ഗൗതമിയും തോഴിമാരും ഓരോരുത്തരായി ശകുന്തളയുടെ മൈലാഞ്ചിയിട്ട കൈകൾ ഉഴിയുന്നു. വായ്ക്കുരവ. മംഗളഗീതവും…

അതുപോലെ സ്ക്രിപ്റ്റ് അവസാനിക്കുന്നതിങ്ങനെയാണ്.

ദുഷ്യന്തനും ശകുന്തളയും ‐ ‘പ്രജാഹിതത്തിനുള്ള തീവ്രതപസ്സാവട്ടെ ഞങ്ങളുടെ ജീവിതം. അതിനനുഗ്രഹിച്ചാലും’.

കാശ്യപൻ കൈയുയർത്തി അനുഗ്രഹിക്കുന്നു.

ലോകാസമസ്താസുഖിനോഭവന്തു. ദുഷ്യന്തനും ശകുന്തളയും സർവദമനനും നമസ്കരിച്ച് വിടവാങ്ങുന്നു. സർവദമനെ നടുക്കുനിർത്തി ഇരുകൈകളിലും അച്ഛനും അമ്മയും കൈപിടിച്ച് നടക്കുന്നു. ഭാരതത്തിന്റെ ഒരു ഭൂപടം വർണശബളമായി പശ്ചാത്തലത്തിൽ നിവർന്നുവീഴുന്നു.അതിലേക്ക് ദുഷ്യന്തനും ശകുന്തളയും പുത്രനും കൂടി നടന്നുകയറിപ്പോവുന്നു. ആകാശത്ത് പുഷ്‌പവൃഷ്ടി.

ഇവിടെ മായികമായ രീതിയിൽ ശാകുന്തളക്കഥ എന്ന മിത്ത് ചരിത്രപരവും സമകാലികവും ആയി മാറുന്നു. കഥ കാര്യമാകുന്നു. അത് നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഒരു ഊർജവും രാഷ്ട്രനിർമാണവുമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്റെ ആഖ്യായിക ആയി തന്നെ മാറുന്നു.

ഒരു പൗരാണിക കഥ വിശദാംശങ്ങളിൽ അതിന്റെ ഉത്തരേന്ത്യനും സംസ്കൃതനാടകപരവുമായ അലുക്കുകൾ അഴിച്ചുവെച്ച് തികച്ചും ഒരു മലയാളി ആഖ്യാനമായി മാറുന്നത് ഇവിടെ കാണാം. പ്രാദേശികത ഇവിടെ ഒരു പാൻ‐ഇന്ത്യൻ ആഖ്യായികയെ തന്റേടത്തോടെ സ്വാംശീകരിക്കുകയും സ്വന്തം സംസ്കാരത്തിലേക്ക് അതിനെ പരാവർത്തനം ചെയ്യുകയും ചെയ്യുന്നു.

ഈ ചിത്രത്തിന്റെ സാമ്പത്തികവിജയം മറ്റു കൂട്ടുസംരംഭങ്ങൾക്ക് കുഞ്ചാക്കോയെ

കുഞ്ചാക്കോ

പ്രേരിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെതന്നെ കത്തുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രദർശന വിജയത്തിനുശേഷം അന്തർജനത്തിനെഴുതിയ ഒരു കത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: ‘പറയിപെറ്റ പന്തിരുകുലം’ ശ്രദ്ധയിൽപ്പെടുത്തിയത് നന്നായി. കുട്ടനോടും മറ്റും ആലോചിക്കാം. (1965 ഡിസം.2‐ന് എഴുതിയ കത്ത്)

ഇത്തരം ആലോചനകൾ മുന്നോട്ടുപോയിരുന്നെങ്കിൽ ലളിതാംബിക അന്തർജനത്തിന്റെ കൂടുതൽ തിരക്കഥകളും അവയിലൂടെ ഒരുപക്ഷേ മലയാള സിനിമയ്ക്ക് തനതായ ഒരു പുരാണസിനിമാധാര തന്നെയും സൃഷ്ടിക്കപ്പെടുമായിരുന്നു എന്നുതോന്നുന്നു.

ഈ തിരക്കഥയിൽ കൂടി കടന്നുപോയപ്പോൾ അന്തർജനത്തിന്റെ നിരീക്ഷണത്തിലും അഭിപ്രായങ്ങളിലും അത്ഭുതം തോന്നിയിട്ടുണ്ട്.

സർവചരാചരങ്ങളും അനക്കമില്ലാതിരിക്കയും മേനകയുടെ വരവോടെ പ്രകൃതിയാകെ ഉണരുകയുമാണ്. ചെടിയും കാറ്റും, മൃഗവും പക്ഷിയും ഒക്കെ ഒരു നൂറുവസന്തത്തെ ഉൾക്കൊണ്ട് ഉണർന്ന്‌ പരിലസിക്കുമ്പോൾ വിശ്വാമിത്രൻ എന്ന മനുഷ്യനെ സൂചിപ്പിക്കാൻ അന്തർജനം ഉപയോഗിക്കുന്ന വാക്ക് ‘വസ്തു’ എന്നാണ്. ‘അവിടെ നിശ്ചലമായ ഒരേ ഒരു വസ്തു മുനി മാത്രമായിരുന്നു’ എന്നാണ് അന്തർജനം തിരക്കഥയുടെ തുടക്കഭാഗത്ത് എഴുതിയത്. രതിയുടെ സ്വഭാവവും സൃഷ്ടിയുടെ ചടുലതയും അതിൽ നിറഞ്ഞിരിക്കുന്നു.

ജീവനില്ലാത്തതിനുപോലും ജീവൻ വെക്കും സൃഷ്ടിയിൽ. സൃഷ്ടിയ്ക്കടിസ്ഥാനമായ രതി, ശ്രദ്ധ എന്നിവ ഉപേക്ഷിക്കപ്പെട്ടാൽ ഈശ്വരനും മനുഷ്യനും, മുനിയും ജഡമായി തീരുന്നു. ജീവന്റെ അടിസ്ഥാനതത്വമാണ് ആ ഒരു വാക്കുകൊണ്ട് സൂചിപ്പിക്കുന്നതെന്ന് എനിക്ക് തോന്നി. മുരടിച്ച വനം ഒരു വസന്തവനം ആയതെങ്ങനെയെന്ന് മുനി അത്ഭുതപ്പെടുന്നു. കാമാധിഷ്ഠിതമായ ഒരു ജീവിതചര്യ മറച്ചുവെക്കാൻ മുനിമാർക്കും കഴിഞ്ഞിരുന്നില്ലല്ലോ. ഏത് വൈരാഗികൾക്കും അപ്പുറം കടന്നെത്തുന്ന സൃഷ്ടിചോദന.

സ്വർഗം കാംക്ഷിച്ച് തപസ്സുചെയ്യുന്ന വിശ്വാമിത്രന് സ്വർഗത്തിൽ നിന്നെത്തിയ മേനക അത്ഭുതമായിരുന്നു. അവിടെ ലളിതാംബിക അന്തർജനം എഴുതിയിരിക്കുന്നത്‐

‘മേനക കുണുങ്ങിക്കൊണ്ട് കളിമട്ടിൽ‐

ഭഗവൻ. സ്വർഗവാസികൾ ആനന്ദത്തിനുവേണ്ടി ഭൂമിയിലേക്കാണല്ലോ വരുന്നത്. ഈ വസന്തം, യൗവനം, ഈ മാദകമായ വികാരപാരവശ്യം ഒന്നും അവിടെയില്ല’.

തപസ്വിയായ വിശ്വാമിത്രന്റെ മനസ്സിളക്കാൻ വന്നതെങ്കിലും കൂടുതൽ ഒന്നും പറയാൻ അവൾക്ക് ധൈര്യം ഇല്ലായിരുന്നു. എങ്ങനെയാണ് മേനക വിശ്വാമിത്രനെ കീഴടക്കിയതെന്ന് നോക്കാം:

ക്ഷമാപണത്തോടെ മേനക ‐ ‘അവിടുത്തെ തപസ്സ്‌ നിർവിഘ്നം ജയിക്കട്ടെ. അടിയൻ പാടി പാടി നൃത്തം വെച്ചങ്ങ് പൊക്കോളാം’.

മേനക നൃത്തത്തിന്റെ ചിട്ടയിൽ പാട്ടുമൂളി പതുക്കെ പതുക്കെ മാറുന്നു. വിശ്വാമിത്രൻ അടക്കാനാകാത്ത അഭിലാഷത്തോടെ അവളെ നോക്കുകയാണ്. ആ രൂപം… സ്വരം… ചലനങ്ങൾ.

മേനക മാദകമാംവിധം മന്ദഹസിച്ചുകൊണ്ട് ഇടം കണ്ണിട്ടുനോക്കി അകന്നകന്നു പോകുന്നു. വികാരങ്ങളെ അടക്കാൻ ശ്രമിച്ചു തോറ്റ് ഭ്രാന്തനായപോലെ വിശ്വാമിത്രൻ നോക്കി നിന്നു. മാറിടം ഉയരുകയും താഴുകയും ചെയ്യുന്നു. കണ്ണുകൾ ജ്വലിക്കുന്നു. മനസ്സിന്റെ കെട്ടുകൾ പൊട്ടുന്നപോലെയുള്ള ഞെരുഞെരുപ്പ്. പെട്ടെന്ന് യോഗദണ്ഡ്‌ വലിച്ചെറിയുന്നു.

വിളിച്ചുപറയുന്നു:

‘സുന്ദരീ. നീ എന്നെ ഉണർത്തിയിട്ട് നീ എവിടെ ഓടുന്നു? എന്റെ വികാരങ്ങൾ എന്റെ മോഹങ്ങൾ… എന്റെ ഹൃദയം… എല്ലാം എടുത്തുകൊണ്ട്… നീ… നീ…’

ആവേശത്തോടെ അവളുടെ പുറകെ ഓടുന്നു. മേനക ചിരിച്ചുകൊണ്ട് ഓടുന്നതിനിടയിൽ കൈനീട്ടിക്കൊണ്ട്:

‘ഗുരോ. വരൂ… മുനിമാരുടെ സ്വർഗം ഞാൻ തരാം. ദേവകളുടെ സ്വർഗം… പ്രപഞ്ചത്തിന്റെ സ്വർഗം… ഞാൻ… ഞാൻ മാത്രം…’

വള്ളിക്കുടിലിനുള്ളിലെ ആനന്ദസമയത്തിനുശേഷം പുറത്ത് വന്ന മുനി താൻ വലിച്ചെറിഞ്ഞ യോഗദണ്ഡും കമണ്ഡലുവുംകണ്ട് ഞെട്ടി നടക്കാൻ തുടങ്ങി. പെട്ടെന്ന് വള്ളിക്കുടിലിനുള്ളിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിലും. മേനക ഓടിവന്ന്‌ മുനിയുടെ യാത്ര തടഞ്ഞു. പരിഭ്രാന്തയായി അവൾ തന്റെ കൈയിലെ കുഞ്ഞിനെ മുന്നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു.

‘സ്വാമിൻ, ഇതാ നമ്മുടെ ആനന്ദത്തിന്റെ ഫലം. ഇത് അവിടുത്തെ സന്തതിയാണ്. സ്വീകരിച്ചാലും’.

വിശ്വാമിത്രന് പെട്ടെന്ന് പരിസരപ്രജ്ഞയുണ്ടാകുന്നു. അവളെയും കുട്ടിയെയും മാറി മാറി നോക്കുന്നു. തപോഭംഗത്താലും മാനഹാനിയാലുമുള്ള ഉഗ്രവിഷാദക്രോധംകൊണ്ട്‌ മുഖം ഭീകരമാവുന്നു. കൈപൊക്കി അലറുന്നു: ‘തുലഞ്ഞു പോ കുലടേ… നീ എന്നെ നശിപ്പിച്ചു. എന്റെ തപശക്തി നശിപ്പിച്ചു’.

‘എത്ര നൂറ്റാണ്ടാകളുടെ ധ്യാനബലമാണ് ഞൊടിയിടയ്ക്കുള്ളിൽ മുടിച്ചുകളഞ്ഞത്. നിന്റെ നശിച്ച സ്വർഗത്തിലേക്ക് ഈ പാപഭാരവും കൊണ്ട് പോ… ദൂരെ പോ… ദൂരെ… ’വിശ്വാമിത്രൻ ഭീകരരൂപനായി നടന്നുമറയുന്നു.

തിരക്കഥയിൽ ഒരിടത്ത് ദുഷ്യന്തൻ ക്യാമ്പ് ചെയ്യുന്ന കൂടാരം എന്ന് എഴുതിയിട്ടുണ്ട്. ക്യാമ്പ് എന്നതിന് പകരം ദുഷ്യന്തൻ താമസിക്കുന്ന കൂടാരം എന്ന് ആക്കാമായിരുന്നിട്ടും ക്യാമ്പ് എന്ന വാക്ക് ഉപയോഗിക്കുകയാണ് ചെയ്തത്. തിരക്കഥ ആയതുകൊണ്ടാണ് ആ സ്വാതന്ത്ര്യം ലളിതാംബിക അന്തർജനം എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

തിരക്കഥയിൽ ഒരിടത്ത് ദുഷ്യന്തൻ ക്യാമ്പ് ചെയ്യുന്ന കൂടാരം എന്ന് എഴുതിയിട്ടുണ്ട്. ക്യാമ്പ് എന്നതിന് പകരം ദുഷ്യന്തൻ താമസിക്കുന്ന കൂടാരം എന്ന് ആക്കാമായിരുന്നിട്ടും ക്യാമ്പ് എന്ന വാക്ക് ഉപയോഗിക്കുകയാണ് ചെയ്തത്. തിരക്കഥ ആയതുകൊണ്ടാണ് ആ സ്വാതന്ത്ര്യം ലളിതാംബിക അന്തർജനം എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

ലളിതാംബിക അന്തർജനം

മാഢവ്യൻ എന്ന കഥാപാത്രം ആണെങ്കിൽ നായകന്റെ കൂടെ ചേർന്ന ഒരു കോമാളി കഥാപാത്രം തന്നെ. അക്കാലത്തെ സിനിമയിലൊക്കെയുള്ള ഹാസ്യകഥാപാത്രം. ഇത്രയേറെ തമാശ കലർത്തി ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്തായാലും സിനിമയിൽ കാണികൾക്ക് ചിരിക്കാനുമുള്ള വകയുണ്ടാക്കാൻ തന്നെയാണ്.

മാഢവ്യന്റെ  പ്രവേശനംതന്നെ ‘ങാ രാജസേവ കേമം തന്നെ… രാജസേവ. ഈ വേട്ട പ്രാന്തൻ തമ്പുരാന്റെ കൂട്ടുകൂടി കാട്ടിൽ വന്നതിൽപ്പിന്നെ ഒരുരുളച്ചോറ് നേരെ ചൊവ്വേ ഉണ്ടിട്ടില്ല. പിന്നല്ലേ അട, ലഡ്ഡു, മോദകം, ജിലേബി, ങേ. ഹേ…’ (ഒരു വസ്തുവില്ലെന്നാംഗ്യം) നോക്കൂ, കഥാപാത്രം കാണിക്കേണ്ട ആംഗ്യങ്ങളെക്കുറിച്ചുപോലും നിർദേശമുണ്ട്.

സീൻ 15 ലും 16‐ലും  വിശദീകരണമാണ് കൂടുതൽ സ്ക്രിപ്റ്റിൽ… സംഭാഷണങ്ങൾ കുറവ്.

സീൻ ‐ 15: മാലിനി തീരത്തെ മനോഹരമായ വള്ളിക്കുടിൽ. നിറയെ പൂത്തും തളിർത്തും ലതകൾ തൂങ്ങിക്കിടക്കുന്നു. നദിയിലെ ചിറ്റോളങ്ങളിൽ ആമ്പലും താമരയുമിളകുന്നു.ചക്രവാക പക്ഷികൾ കൂകിപ്പറക്കുന്നു. സ്വപ്നസുന്ദരമായ പരിസരം. വള്ളിക്കുടിലിനുള്ളിലെ ശിലാതലത്തിൽ ശകുന്തള തളർന്നുകിടക്കുന്നു. വാടിയ പൂമാലപോലെയുള്ള ദേഹത്ത് ചന്ദനച്ചാറ്‌ പൂശിയിട്ടുണ്ട്. പൂക്കളുടെ തളിരുകളും മേലാകെ വിതറിയിരിക്കുന്നു. താമരയില വിശറികൊണ്ട് വീശി പ്രിയംവദയും ശീതോപചാരങ്ങൾ ചെയ്ത് അനസൂയയും. രണ്ടുപേരുടെയും മുഖത്ത് ഉത്‌കണ്ഠ. ഇത്രയും കഴിഞ്ഞാണ് ആ കൂട്ടുകാരികൾ ഒന്നുരണ്ട് വാക്കുകൾ തിരക്കഥയിൽ സംസാരിക്കുന്നതായി കാണുന്നുള്ളൂ.

സീൻ ‐ 16: മാലിനിതീരത്തെ വെള്ളമണൽത്തട്ടിലൂടെ ദുഷ്യന്തൻ അസ്വസ്ഥനായി നടക്കുന്നു. ചുറ്റം നോക്കുന്നു. പ്രതീക്ഷാനിർഭരമായ നോട്ടം. പതുക്കെ നടന്ന് നെടുവീർപ്പിടുന്നു. പെട്ടെന്ന് താഴെ വെള്ളമണലിൽ തെളിഞ്ഞ പാദമുദ്രകൾ കാണുന്നു. പൂക്കളും താമരയിലകളും വിതറി വീണ വഴിനോക്കി വള്ളിക്കുടിലിലേക്ക് നടക്കുന്നു. പതുക്കെചെന്ന് മരത്തിന്റെ മറവിലൂടെ ഒളിഞ്ഞുനോക്കുന്നു. മുഖത്ത് പ്രേമാനുരാഗരസം തെളിയുന്നു. ഇങ്ങനെ ഓരോ സംഭാഷണത്തിനുമുന്നിലുമുണ്ട് കഥാപാത്രത്തിവേണ്ട മനോവികാരങ്ങളുടെ വിശദീകരണം.

ശകുന്തള, കാനനം വിട്ട് കൊട്ടാരത്തിലേക്കുപോയ ദുഷ്യന്തനെ ഓർത്തിരിക്കുമ്പോൾ ദുർവാസാവ് ശകുന്തള ആരെ ഓർത്തിരുന്നുവോ ആ ആളെ മറന്നുപോകട്ടെ, എന്നു ശപിക്കുന്ന ചെയ്യുന്ന  രാംഗവുമുണ്ട്. പ്രിയംവദയാണ് ശകുന്തളക്കുവേണ്ടി മഹർഷിയോട് മാപ്പ് പറയുന്നത്. അടയാളമെന്തെങ്കിലും കാട്ടിയാൽ മറന്നുപോയയാൾ തിരികെ ഓർത്തുകൊള്ളും എന്ന ശാപമുക്‌തിയും അവൾ വാങ്ങി. പിന്നീട് ശകുന്തളയുടെ അരികിൽച്ചെന്ന് അവളെ പിടിച്ചുകുലുക്കിക്കൊണ്ട് പ്രിയംവദ പറഞ്ഞു. ‘തോഴീ… എണീയ്ക്കൂ… സൗഭാഗ്യ പൂജയ്ക്ക് സമയമായല്ലോ’.ശകുന്തള മറ്റൊരു ലോകത്തിൽ നിന്നെന്നപോലെ പകുതിയുണർന്നും സ്വപ്നത്തിലും: ‘ഏയ്. എന്ത്… സുമംഗലീപൂജയോ? ആർക്ക്, എവിടെ… അല്ലാ ഇതരമനയല്ലല്ലോ?’

 ശകുന്തള ആശ്രമംവിട്ട് കൊട്ടാരത്തിലേക്ക് പോകുന്ന സമയം. അന്ന് ആശ്രമത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യ അഭ്യസിപ്പിക്കുന്നില്ല. വിദ്യാർഥികൾ ശകുന്തള പോകുന്നതിന്റെ അവധിയാണെന്നറിയുമ്പോൾ ഗാലവൻ എന്ന മുനികുമാരൻ പറയുന്നത് ‘അയ്യോ ശകുന്തളചേച്ചി നമ്മേ വിട്ടുപോവുന്നോ? ഇനി ആര് നമുക്ക് കഥ പറഞ്ഞുതരും. മാലകെട്ടിത്തരും. ഞാനെന്റെ ചേച്ചിയെ കാണട്ടെ’.

ശകുന്തളചേച്ചി എന്ന പ്രയോഗം പുരാണകഥയിലൊരിടത്തുമില്ല. ആ കാലത്ത് മുതിർന്ന പെൺകുട്ടികളെ ചേച്ചി എന്നു വിളിക്കാറില്ല. വേണ്ടി വന്നാൽ സഹോദരി എന്നൊക്കെയാകും പറയുക. എന്നാൽ സിനിമപോലെയുള്ള ജനകീയ കലയിൽ, പൊതുജനങ്ങൾക്കായി ചേർത്ത പ്രയോഗമാണ് ഈ ചേച്ചി എന്നാണ് എനിക്ക് തോന്നിയത്.

ശകുന്തളചേച്ചി എന്ന പ്രയോഗം പുരാണകഥയിലൊരിടത്തുമില്ല. ആ കാലത്ത് മുതിർന്ന പെൺകുട്ടികളെ ചേച്ചി എന്നു വിളിക്കാറില്ല. വേണ്ടി വന്നാൽ സഹോദരി എന്നൊക്കെയാകും പറയുക. എന്നാൽ സിനിമപോലെയുള്ള ജനകീയ കലയിൽ, പൊതുജനങ്ങൾക്കായി ചേർത്ത പ്രയോഗമാണ് ഈ ചേച്ചി എന്നാണ് എനിക്ക് തോന്നിയത്. കൂടാതെ വനജ്യോത്സനയോട് യാത്ര പറയുമ്പോൾ ശകുന്തള, ഈ ചേച്ചിക്ക് വിടതരൂ എന്നാണ് പറയുന്നത്.

ശകുന്തളക്ക് അണിയാൻ എല്ലാം കൊടുത്തത് വനദേവതമാരാണ്. ഓരോ മരങ്ങളും ശകുന്തളയ്ക്ക് സമ്മാനമായി വധുവിനുവേണ്ടതെല്ലാം നൽകി. അനസൂയ പറയുന്നത് നോക്കൂ: ‘ശകുന്തളേ നോക്കൂ… വനദേവതമാർ നിനക്ക് കല്യാണസമ്മാനം തന്നത് നിലാവുപോലെ നനുത്ത തൂവെള്ളപ്പട്ടുപുടവ മന്ദാരം തന്നു. പാടല വർണമുള്ള പട്ടുകഞ്ചുകം തന്നത് അശോകമാണ്. ഇതാ രാജമല്ലി തന്ന മണിമാല. ലതാവൃക്ഷങ്ങൾ രത്നവളകളും മോതിരങ്ങളും ചൊരിയുകയായിരുന്നു. നീ ഭാഗ്യവതി തന്നെ’.

എന്നും മരവുരി ഉടുക്കുന്ന അവൾക്ക് തന്റെ പ്രിയതമനെ കാണാൻ പോകുമ്പോൾ കൂട്ടുകാരായ വൃക്ഷങ്ങൾ സമ്മാനം കൊടുക്കുന്നത് വർണിച്ചിരിക്കുന്നത് അതി മനോഹരമായിട്ടാണ്. ശകുന്തളയെ കൊട്ടാരത്തിലേക്ക് പറഞ്ഞുവിടുമ്പോൾ ‐ കണ്ണീരിറക്കിക്കൊണ്ട് തൊണ്ട ഇടറി വിവശനായി കണ്വമഹർഷി. ‘ലോകത്തിലെ സമസ്തബന്ധങ്ങളും ത്യജിച്ച തപസ്വിയാണ് ഞാൻ. ആ ഞാൻ പുത്രീവിരഹദുഃഖംകൊണ്ട് തളരുമ്പോൾ, ലൗകികരായ ഗൃഹസ്ഥർ എത്ര വേദനിക്കണം?’ കണ്വനെ ശകുന്തള നമസ്കരിക്കുന്നു. അശ്രുവറ്റി നനഞ്ഞ അംഗരാഗം ചേർന്ന കവിളിൽ അഗ്നിജ്വാലതട്ടി തിളങ്ങുന്നു.

ശകുന്തളയെ യാത്ര പറഞ്ഞയച്ചതിനുശേഷം ആ ഭാഗം എഴുതി നിർത്തിയിരിക്കുന്നത് എല്ലാവരും നടക്കുന്നു. പോവുന്ന വഴിക്ക് പിറകിൽ ശോകമൂകമായ നിഴലും നിശ്ചലതയും എന്നാണ്. ഒരു കഥാകാരിയുടെ വിരലുകളാണ് അവിടെ നിശ്ചലതകൊണ്ടുവന്നത് എന്നതിൽ തർക്കമില്ല.

സീൻ 41 ‐ ബിയിൽ:

അരുവിയുടെ അക്കരയിലൂടെ ശുകന്തളയും സംഘവും നടന്നുപോകുന്നു.

ശകുന്തള കൂടെകൂടെ തിരിഞ്ഞുനോക്കി കണ്ണുതുടയ്ക്കുന്നു. സരസ്സിനിക്കരെ നിന്നവളെ നോക്കി കണ്വൻ അനുഗ്രഹമുദ്രയോടെ കൈയുയർത്തി നിൽക്കുന്നു. കണ്ണിൽ ഒരു തുള്ളി ബാഷ്പം തിളങ്ങുന്നു. ഇടയ്ക്കുള്ള കുളത്തിൽ ഓളങ്ങളിളകുന്നു. മരങ്ങളുടെ നിഴലിൽ ശകുന്തളയുടെ രൂപം മറയുന്നു.

ഒരു സിനിമാസംവിധാനത്തിന്റെ പാഠമുൾക്കൊണ്ടാൽ മാത്രമെ കുളത്തിൽ ഓളം ഇളകുന്നതും നിഴലിൽ ശകുന്തളയുടെ രൂപം മറയുന്നതും ഒക്കെ ഇങ്ങനെ എഴുതാൻ സാധിക്കുകയുള്ളൂ.

കൊട്ടാരാങ്കണത്തിൽ, തന്നെ കണ്ടിട്ട് മനസ്സിലാവാത്ത ദുഷ്യന്തനുമുന്നിൽ ശകുന്തള പൊട്ടിക്കരഞ്ഞുനിന്നു. മുദ്രമോതിരം നഷ്ടപ്പെട്ടതും അപ്പോഴാണറിയുന്നത്. അപഹാസ്യയായി അവിടെ നിന്നപ്പോൾ ശകുന്തള നാണം കെട്ടവളായി കാണപ്പെട്ടു. അന്നും പെണ്ണിന്റെ വീട്ടുകാരായി വന്ന എല്ലാവരും ഗൗതമി അമ്മായി ഉൾപ്പെടെ, ‘ഇനി നിനക്ക് പിതൃസ്ഥലത്ത് സ്ഥാനമില്ല’ എന്നുപറഞ്ഞ് തിരികെപ്പോയി.

കൊട്ടാരപുരോഹിതന് ദയവ് തോന്നി പ്രസവം കഴിയുന്നതുവരെ അവളെ കൊട്ടാരത്തിനുള്ളിൽ ഒരിടത്ത് മാറ്റി താമസിപ്പിക്കാമെന്നും കുഞ്ഞിന് രാജമുദ്രയുണ്ടെങ്കിൽ അപ്പോൾ ബാക്കി കാര്യം തീരുമാനിക്കാം എന്നും പറഞ്ഞു. അപ്പോൾ ശകുന്തളയുടെ മറുപടി അന്തർജനം എഴുതിയിരിക്കുന്നത് വായിക്കൂ:

ശകുന്തള ഉഗ്രകോപത്തോടെ മുന്നോട്ട് വന്ന് ‘വേണ്ട രാജൻ ‐ വേണ്ട. ശകുന്തളയ്ക്ക് ആരുടെയും കരുണ വേണ്ട. വഞ്ചിതരായ സ്ത്രീകൾ നിറഞ്ഞ ഈ കൊട്ടാരത്തിൽ അവരുടെ ലോകത്ത് ശകുന്തള എങ്ങനെയെങ്കിലും മകനെ വളർത്തുകയുമില്ല. ജീവിച്ചുകൊള്ളാം അവളുടെ മകനോടൊപ്പം. ഒറ്റയ്ക്ക് അവൾ വളർത്തും. അവൻ ദുഷ്യന്തനുപിറന്നവനാണോ എന്ന് കാണാനുള്ള കാലത്ത് കാണിച്ച് തരാം…’ ഒരു പെണ്ണിന്റെ അഭിമാനം മുഴുവൻ കൂട്ടിപ്പിടിച്ച ഈ സംഭാഷണം കഴിഞ്ഞ് കോപനൈരാശ്യത്തോടെ ഭ്രാന്തിയെപ്പോലെ അവൾ ഓടിയിറങ്ങിപ്പോവുന്നതായി തിരക്കഥയിൽ എഴുതിയിരിക്കുന്നു.

ദുഷ്യന്തൻ മുദ്രമോതിരം കണ്ടപ്പോൾ മുതൽ ശകുന്തളയെ ഓർത്ത് കരയുകയാണ്. അയാൾ ശകുന്തളയെ ഓർത്ത് ചിത്രങ്ങൾ വരയ്ക്കുന്നു. താൻ ആദ്യം കണ്ടപ്പോൾ, ശകുന്തളയെ വണ്ടുകൾ ഉപദ്രവിക്കാൻ ചെന്ന ദൃശ്യം രാജാവ് ചിത്രീകരിക്കുകയാണ്. ചിത്രത്തിലാണെങ്കിലും വണ്ടുകൾ ശകുന്തളയെ ഉപദ്രവിക്കുന്നത് സഹിക്കാനാവില്ല എന്നാണ് ദുഷ്യന്തൻ പറയുന്നത്.

തിരക്കഥ തുടരുന്നു: രാജാവ് ബ്രഷ് എടുത്ത് വണ്ടിനെ മായ്ച്ചുകളയുന്നു. ചിത്രതൂലിക എന്നൊന്നുമല്ല ബ്രഷ് എന്നുതന്നെയാണ് എഴുതിയിരിക്കുന്നത്.  നമ്മൾ ഇന്നാണ് ജീവിക്കുന്നതെന്ന് ഓർമിപ്പിക്കുന്ന തിരക്കഥ കൂടിയാണിത്.

 കശ്യപാശ്രമത്തിൽ വെച്ച് ദുഷ്യന്തൻ ശകുന്തളയെ മകൻ സർവദമനനോടൊപ്പം കാണുന്നരംഗം  :

ശകുന്തള രാജാവിനെക്കണ്ട് സ്തബ്ധയായി നിന്നുപോകുന്നു. ശോകതാപക്രോധവികാരങ്ങൾ മാറി മാറി വരുന്നത് നെടുവീർപ്പിട്ട് അടക്കുന്നു. രാജാവ് കുറ്റവാളിയെപ്പോലെ ചൂളി പശ്ചാത്താപവിവശനാവുന്നു. ഇരുവരും തമ്മിൽ നോക്കി ചിലനിമിഷങ്ങൾ നിൽക്കുന്നു. ഒന്നും മിണ്ടുന്നില്ല. സർവദമനൻ ഇരുവരുടെയും മുഖത്ത് മാറിമാറി നോക്കിക്കൊണ്ട് എന്നാൽ ഒന്നും മനസ്സിലാവാതെയും നിൽക്കുന്നു. ഇത് എന്റെ അച്ഛനാണോ അമ്മേ? എന്ന ചോദ്യം മുഖത്ത് കാണാം (വേണമെങ്കിൽ പറയുകയുമാവാം). ഇവിടെയും കൃത്യമായും നൽകുന്ന ഓപ്ഷൻസ് ഉണ്ട്. തിരക്കഥയെ ഇത്തരം ഓപ്ഷൻസ് വളരെ ബലമുള്ളതാക്കും, സിനിമാ സംവിധാനത്തിന് സഹായിക്കും.

ദുഷ്യന്തനെ കണ്ട് ശകുന്തളയുടെ മനസ്സ് പതറുന്നുണ്ടെങ്കിലും, അവൾ ഒരു സ്ത്രീയുടെ ആത്മാഭിമാനത്തോടെ നിൽക്കുന്ന വാക്കുകളാണ് തിരക്കഥയിൽ പിന്നീട് വരുന്നത്: ‘ഇല്ല മഹാരാജാവേ! അന്ന് അങ്ങയുടെ പുഞ്ചിരിയിൽ മയങ്ങി ഞാൻ വഞ്ചിതയായി. പക്ഷേ ഇന്ന് ഈ കണ്ണീരിൽ മയങ്ങുകയില്ല. രാജർഷിയുടെ മകളായി ജനിച്ച് താപസാശ്രമത്തിൽ വളർന്ന ഇവൾ. രാജപുത്രനെ പ്രസവിച്ച് തപോവനത്തിൽ വളർന്നു. പക്ഷേ ശകുന്തള വളരെ സഹിച്ച ഒരു സ്ത്രീയാണ് രാജൻ… സ്ത്രീ… അതോർമ വെക്കൂ’.

തിരക്കഥ അവസാനിക്കാറാകുമ്പോൾ കശ്യപമഹർഷി സർവദമനെ ചുംബിച്ചുകൊണ്ട് പറയുന്നു. മോനേ…? മുത്തശ്ശൻ നിന്നെ വിളിക്കാറില്ലേ ഭരതനെന്ന്? ഭരതൻ! ഭരിക്കാൻ വേണ്ടി പിറന്നവനാണ് നീ… നിന്റെ രാജ്യം ഭാരതമാവും. കന്യാകുമാരി മുതൽ കാശ്മീരംവരെയുള്ള ആ മനോഹരരാജ്യം കണ്ട് സ്വർഗംപോലും അസൂയപ്പെടും അവിടെ സത്യം ജയിക്കും. ധർമം നിലനിൽക്കും. മുത്തശ്ശന്റെ കുഞ്ഞുമോൻ വളർന്ന് ആ നല്ല രാജ്യം സൃഷ്ടിച്ച് നന്നായി നിലനിൽക്കൂ.

കാശ്മീരം പഴയ കാശ്മീരമല്ല. സത്യവും ധർമവും ഇവിടെ ജയിക്കുന്നുണ്ടോ എന്നതും ചർച്ചയിലാണ്. സ്വർഗംപോലും അസൂയപ്പെടുന്ന രാജ്യമുണ്ടാക്കാനാണ് കശ്യപൻ ഭരതനോട് ആവശ്യപ്പെട്ടത് എന്നാൽ,  ഭാരതം എങ്ങനെ ഇന്നത്തെ നമ്മുടെ ഇന്ത്യയാകുന്നു എന്നുചോദിച്ചാൽ, പരശ്ശതം സ്ത്രീകളുടെ പ്രേമത്തിലും പ്രേമവീഴ്ചയിലും പ്രേമ തിരസ്കാരത്തിലും, ആത്മാഭിമാനത്തിലും, ആത്മവിശ്വാസത്തിലും, കഠിനപ്രയത്നത്തിലും കൂസലില്ലായ്മയിലും, നയതന്ത്രത്തിലും, രാഷ്ട്രീയബുദ്ധിയിലും, സ്നേഹവായ്പിലും, മാതൃത്വത്തിലും ആണ് ഈ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നുകാണാം.

തിരക്കഥയിൽ ഏറ്റവും അവസാന സീൻ നേരത്തെ ഒരിക്കൽ പറഞ്ഞതാണ്. അത് ഒരിക്കൽകൂടി പറയട്ടെ:

‘ദുഷ്യന്തനും ശകുന്തളയും സർവദമനനും കശ്യപനെ നമസ്കരിച്ച് വിടവാങ്ങുന്നു. സർവദമനനെ നടുക്കുനിർത്തി ഇരുകൈകളിലും അച്ഛനുമമ്മയും കൈപിടിച്ചുനടക്കുന്നു. ഭാരതത്തിന്റെ ഭൂപടത്തിനുള്ളിലേക്കാണ് അവർ കയറിപ്പോകുന്നത്’  . ഇവിടെ എനിക്ക് തോന്നിയത് ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് വേണ്ടത് മാതാപിതാക്കളുടെ ഒരുമയാണ്. Single Parent ൽ നിന്നും ശകുന്തള കുടുംബാന്തരീക്ഷത്തിലോട്ട് മാറുന്നു. അധികാരവും, അവകാശവും, സുഖങ്ങളും കൂടുന്നതോടൊപ്പം അനുഭവിക്കേണ്ടിവരുന്ന മാനസികവ്യഥകളും അവർ ഓർക്കാതെയല്ല. ജീവിതം ഒരിക്കലും ആർക്കും ഒരു പട്ടുമെത്തയല്ല എന്നാണ് ഓരോ മനുഷ്യരുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത്.

സിനിമയുടെ അവസാനദൃശ്യം എഴുതിയതുപ്രകാരം, ‘ഭാരതത്തിന്റെ ഒരുഭൂപടം വർണശബളമായ പശ്ചാത്തലത്തിൽ നിവർന്നുവീഴുന്നു. അതിലേക്ക് ദുഷ്യന്തനും ശകുന്തളയും പുത്രനും കൂടി നടന്നുകയറി പോവുന്നു’ എന്നിങ്ങനെയാണ്.തീർച്ചയായും തിരക്കഥയുടെ അവസാനം ഇങ്ങനെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടന്നിട്ടുണ്ടാവാം. ഭാരതത്തിന്റെ ഹൃദയത്തിലേക്കാണ് ഭരണാധികാരികൾ കയറിപ്പോകേണ്ടത്. ഭാരതമെന്നാൽ ജനങ്ങൾ തന്നെ.

പക്ഷേ ന്യായത്തിന്റെയും നീതിയുടെയും ലോകം പണിയാൻ എത്ര ഭരതന്മാർ ജനിച്ചുമരിച്ചാലും അവരെ അതിശയിപ്പിക്കുന്ന പാണ്ഡിത്യവും, മനഃശക്തിയും കഴിവും ഉള്ള ശകുന്തളമാർ ഇവിടെ ജനിച്ചിരിക്കും, ജീവിച്ചിരിക്കും. കവികളും, പിന്നീട് വന്ന തലമുറകളും ശകുന്തളമാരുടെ സൗന്ദര്യം മാത്രം കണ്ടു. ഒരു പാവം കാനനവാസി പെണ്ണിൽ നിന്ന്, ഒറ്റയ്ക്ക് മകനെ പ്രസവിച്ച് വളർത്തി, അന്തസ്സായി ജീവിച്ച ഒരു പെണ്ണ്. അവസാനം രാജ്യം ഭരിക്കുന്നതിന് ഒപ്പം നിന്ന ശകുന്തളയെയാണ് നമ്മൾ കാണുന്നത്.

ആ ശകുന്തള ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. പുരാണത്തിൽ നിന്നും ലളിതാംബിക അന്തർജനം ഊറ്റിയെടുത്ത ശകുന്തള ഇന്നും പലവിധത്തിൽ നമ്മുടെയിടയിലുണ്ട്.ഇത്തരത്തിലുള്ള മരണമില്ലാത്ത ശകുന്തളയെ തേടിയാണ് ലളിതാംബിക അന്തർജനത്തിന് വയലാർ രാമവർമ എന്ന കുട്ടന്റെ ഫോൺ വിളി വരുന്നത്. ചേച്ചിയുടെ തിരക്കഥ, ഞാനറിഞ്ഞെഴുതിയ പാട്ട്, ചാക്കോച്ചന്റെ സംവിധാനം നമ്മൾ തകർക്കും…

അന്തർദേശീയ പ്രചാരമുള്ള ഒരു കാവ്യത്തെ ദേശവത്കരിച്ച്, പിന്നീടതിനെ ബൃഹദ് ദേശീയതയിലേക്ക് ചേർത്തെടുക്കുന്ന ഈ തിരക്കഥ, സർഗാത്മക കഴിവുകളുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പിറന്നതാണ്. മഹത്തായ ശകുന്തള എന്ന സിനിമ മഹത്തായ ഒരു കൂട്ടുകെട്ടിന്റെ ഫലവും!   .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!