കോൺഗ്രസ്‌ പദയാത്രയ്ക്കുനേരെ കോൺ​ഗ്രസുകാരുടെ ചീമുട്ടയേറ്‌

Spread the loveThank you for reading this post, don't forget to subscribe!

പത്തനംതിട്ട> സംസ്ഥാന സർക്കാരിനെതിരെ കോൺ​ഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ പദയാത്രക്കുനേരെ കോൺ​ഗ്രസുകാർതന്നെ കല്ലും ചീമുട്ടയും എറിഞ്ഞു. പത്തനംതിട്ട നഗരസഭ കൗൺസിലറും ഡിസിസി വൈസ് പ്രസിഡന്റുമായ എ സുരേഷ്കുമാറിന്റെയും ഡിസിസി സെക്രട്ടറിയും കൗൺസിലറുമായ കെ ജാസിംകുട്ടിയുടെയും നേതൃത്വത്തിലായിരുന്നു പദയാത്ര.

ഡിസിസി ജനറൽ സെക്രട്ടറിയും ന​ഗരസഭ കൗൺസിലറുമായ എം സി ഷെറീഫും കൂട്ടരുമാണ് പദയാത്രയെ എതിർത്തത്. വലഞ്ചുഴിയിൽ ശനി വൈകിട്ട് തുടങ്ങിയ വാക്കേറ്റം തുടർന്ന് കയ്യാങ്കളിയിലേക്കും കല്ലേറിലും ചീമുട്ടയേറിലും കലാശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി എം എം നസീറിന്റെ കാറിനുനേരെയും കല്ലേറുണ്ടായി. ഇതോടെ പദയാത്രയ്ക്ക് എത്തിയവർ ഓടിരക്ഷപ്പെട്ടു. ഏറെനേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.

പത്തുപേരാണ് പദയാത്രയ്ക്ക് ഉണ്ടായിരുന്നത്. സംഘർഷം അറിഞ്ഞ് സ്ഥലത്തുവന്ന കെഎസ്ആർടിസി ജീവനക്കാരൻ കാദരിയെ ഷെറീഫിന്റെ അനുയായിയാണെന്ന് തെറ്റിദ്ധരിച്ച് പദയാത്രാ സംഘം ആക്രമിച്ചു. പരിക്കേറ്റ കാദരിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെയും ആക്രമിക്കാൻ ചിലർ ശ്രമിച്ചെന്നും വളരെ ആസൂത്രണത്തോടെയാണ് സുരേഷിന്റെ നേതൃത്വത്തിൽ വിരലിലെണ്ണാവുന്നവർ സ്ഥലത്തെത്തിയതെന്നും ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്നും എം സി ഷെറീഫ് പറഞ്ഞു. പത്തനംതിട്ട ന​ഗരസഭ മുൻ അധ്യക്ഷൻകൂടിയാണ് എ സുരേഷ്കുമാർ. പത്തനംതിട്ട പൊലീസ് കേസെടുത്തു.

മല്ലപ്പള്ളിയിലും കോൺ​ഗ്രസിലെ ​ഗ്രൂപ്പ് തർക്കം ആഴ്ചകൾക്കുമുമ്പ് തെരുവിലെത്തിയിരുന്നു. തുടർന്ന് പി ജെ കുര്യന് പൊലീസ് സംരക്ഷണത്തോടെ മാത്രമാണ് കോൺ​ഗ്രസ് യോ​ഗത്തിൽനിന്ന് മടങ്ങാൻ സാധിച്ചത്.Source link

Facebook Comments Box
error: Content is protected !!