സംസ്ഥാനങ്ങൾക്ക്‌ പിഴ ചുമത്തൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ സാധാരണ നടപടി

Spread the loveന്യൂഡൽഹി> മാലിന്യനിർമാർജനത്തിലെ പോരായ്‌മകളുടെ പേരിൽ സംസ്ഥാനങ്ങൾക്ക്‌ വൻ തുക പിഴ ചുമത്തുന്നത്‌ ദേശീയ ഹരിത ട്രിബ്യൂണലിന്റെ സാധാരണ നടപടി. 2022ൽ മാത്രം ഏഴ്‌ സംസ്ഥാനത്തിന്‌ ഹരിത ട്രിബ്യൂണൽ 28,180 കോടി രൂപ പിഴ ചുമത്തി. മഹാരാഷ്ട്രയ്‌ക്കുമാത്രം ചുമത്തിയത്‌ 12,000 കോടി. തെലങ്കാന–- 3800 കോടി, പശ്ചിമബംഗാൾ– -3500 കോടി, രാജസ്ഥാൻ– -3000 കോടി, പഞ്ചാബ്‌– -2080 കോടി, കർണാടകം–- 2900 കോടി, ഡൽഹി– -900 കോടി എന്നിങ്ങനെയും പിഴ ചുമത്തി.

മാലിന്യനിർമാർജനം വേഗത്തിലാക്കാനും പരിസ്ഥിതിക്കുണ്ടായ കോട്ടം പരിഹരിക്കാനുമാണ്‌ ഹരിത ട്രിബ്യൂണൽ സംസ്ഥാനങ്ങൾക്ക്‌ ഇത്രയും തുക പിഴ ചുമത്തിയത്‌. സംസ്ഥാന ചീഫ്‌ സെക്രട്ടറിമാർ പ്രത്യേക അക്കൗണ്ടുകൾ തുടങ്ങി പിഴത്തുക അതിലേക്ക്‌ മാറ്റുകയും അതുപയോഗിച്ച്‌ സമയബന്ധിതമായി മാലിന്യനിർമാർജനം പൂർത്തിയാക്കുകയും വേണം. ഉത്തരവ്‌ ലംഘിച്ചാൽ പിഴത്തുക പിന്നെയും കൂട്ടും–- ദേശീയ ഹരിത ട്രിബ്യൂണൽ 2022ൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അതേസമയം, ഖര, ദ്രാവക മാലിന്യപ്രശ്‌നം പരിഹരിക്കാൻ കേരളം സ്വീകരിച്ച നടപടികളിൽ ഹരിത ട്രിബ്യൂണൽ സംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയാൽ ഹൈക്കോടതികളിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാനും അവസരമുണ്ട്‌.

വാദംകേൾക്കാതെ പിഴ

ബന്ധപ്പെട്ട കക്ഷികൾക്ക്‌ അവരുടെ വാദങ്ങൾ അവതരിപ്പിക്കാൻ സാവകാശം നൽകാതെ പിഴ ചുമത്തുന്ന ഹരിത ട്രിബ്യൂണൽ നടപടിയിൽ സുപ്രീംകോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്‌. ‘ഇത്തരം ട്രിബ്യൂണലുകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌? കക്ഷികൾക്ക്‌ നോട്ടീസുപോലും കൊടുക്കാതെ സമിതി റിപ്പോർട്ടുകളുടെമാത്രം അടിസ്ഥാനത്തിൽ ഉത്തരവിറക്കുന്നു. സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനമാണിത്‌’–- ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ കഴിഞ്ഞമാസം ചൂണ്ടിക്കാട്ടി.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!