യു എസ് യുറോപ്യന്‍ ബാങ്കിംഗ് തകര്‍ച്ച; ഓഹരി ഇന്‍ഡക്‌സുകളില്‍ വിള്ളൽ

Spread the love



കൊച്ചി> യു എസ് യുറോപ്യന്‍ ബാങ്കിംഗ് മേഖലയിലെ തകര്‍ച്ച ഓഹരി ഇന്‍ഡക്‌സുകളില്‍ വിള്ളലുളവാക്കി. തകര്‍ച്ച മറികടക്കാന്‍ ഫണ്ടുകളും നിക്ഷേപകരും കൂട്ടതോടെ ആഗോള സ്വര്‍ണ വിപണിയില്‍ അഭയം തേടുന്നു. യുറോപില്‍ ക്രെഡിറ്റ് സ്വിസിന്റയും അമേരിക്കയില്‍ ഫസ്‌റ്റ് റിബ്ലപ്‌ളിക്ക് ബാങ്കിന്റ്റയും തകര്‍ച്ച തടയാന്‍ കോടി കണക്കിന് ഡോളര്‍ ബാങ്കിംഗ് മേഖലയിലേയ്‌ക്ക്‌‌ ഒഴുക്കിയെങ്കിലും കടലില്‍ കായം കലക്കിയ  അവസ്ഥയാണ്.

2008 ന് ശേഷം ആദ്യമായാണ് അമേരിക്കന്‍ സന്പദ്ഘടയെ ഞെട്ടിച്ച് ബാങ്കിംങ് മേഖലയില്‍ തകര്‍ച്ച സംഭവിക്കുന്നത്. ചെവാഴ്ച്ച നടക്കുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്ക് വായ്പ്പാ അവലോകന യോഗത്തെ ഉറ്റ് നോക്കുകയാണ് ആഗോള നിക്ഷേപകര്‍. പലിശ ഉയര്‍ത്തുകയല്ലാതെ മറ്റ് പോം വഴികള്‍ ഫെഡിന് മുന്നിലില്ല. ഇതിനിടയില്‍ പാശ്ചാത്യ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്കിന്റ്റ വെളിപ്പെടുത്തലുകള്‍ ആഭ്യന്തര നിക്ഷേപകരെ സ്വാധീനിച്ചില്ല. ബോംബെ സെന്‍സെക്‌സ് 1145 പോയിന്റ്റും നിഫ്‌റ്റി 312 പോയിന്റ്റും പോയവാരം ഇടിഞ്ഞു.

ഫസ്റ്റ് റിബ്ലപ്‌ളിക്ക് ബാങ്കിന്റ തകര്‍ച്ച തടയാന്‍ 3000 കോടി ഡോളര്‍ വിവിധ ബാങ്കുകള്‍ ചേര്‍ന്ന് വിപണിയില്‍ ഇറക്കി പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. ഈ നീക്കം എത്ര മാത്രം അനുകൂലമാകുമെന്ന കാര്യം ഇനിയും വ്യക്തമല്ല. വാരാന്ത്യത്തിലും യുറോഅമേരിക്കന്‍ ഓഹരി സൂചികയിലെ തകര്‍ച്ച പിടിച്ചു നിര്‍ത്താനായില്ല. ഫെഡ് റിസര്‍വ് പലിശ കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ ഓഹരി സൂചിക കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും. നിക്ഷേപകര്‍ക്ക് അപായ സുചനയുമായി വോളാറ്റിലിറ്റി ഇന്‍ഡക്‌സ് 25 ന് മുകളിലെത്തിയത് കണക്കിലെടുത്താല്‍ സ്ഥിതി കുടുതല്‍ സങ്കീര്‍ണമാകും.  

നിഫ്റ്റിയില്‍ ബാങ്കിംഗ് ഓഹരികള്‍ കനത്ത  സമ്മര്‍ദ്ദത്തിലാണ്. ഇന്‍ഡസ് ബാങ്ക് ഓഹരി വില പതിനൊന്ന് ശതമാനം ഇടിഞ്ഞു. എസ് ബി ഐ, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവയ്‌ക്കും തളര്‍ച്ച. ആര്‍ ഐ എല്‍, ടാറ്റാ മോട്ടേഴ്‌സ്, ഇന്‍ഫോസീസ്, വിപ്രോ, എച്ച് സി എല്‍, എയര്‍ ടെല്‍, എച്ച് യു എല്‍, റ്റി സി എസ്, എം ആന്റ് എം തുടങ്ങിയവയ്‌ക്കും തളര്‍ച്ച. നിഫ്റ്റിയില്‍ അലയടിച്ച ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം സൂചികയെ 17,530 ല്‍ നിന്നും 680 പോയിന്റ് ഇടിച്ച് 16,850 വരെ താഴ്ന്ന ശേഷം വാരാന്ത്യം 17,100 ലാണ്. ഈവാരം 16,790 ലെ ആദ്യ താങ്ങ് നിലനിര്‍ത്താനായാല്‍ 17,470 ലേയ്‌ക്ക് തിരിച്ചു വരവിന് അവസരം ലഭിക്കും. ആദ്യ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ നിഫ്റ്റി സൂചിക 16,480 റേഞ്ചിലേയ്‌ക്ക്‌‌‌‌‌ തളരാം.

 

സെന്‍സെക്‌സ് 59,135 ല്‍ നിന്നും ഓപ്പണിങ് വേളയിലെ കുതിപ്പില്‍ 59,500 ലേയ്‌ക്ക് കയറി നിഷേപകരെ മോഹിപ്പിച്ചെങ്കിലും മുന്നേറ്റത്തിന്  അല്‍പ്പായൂസ് മാത്രമായിരുന്നു. ഉയര്‍ന്ന തലത്തില്‍ മുന്‍ നിര ഓഹരികള്‍ക്ക് നേരിട്ട തിരിച്ചടിയില്‍ സൂചികയെ 57,160 റേഞ്ചിലേയ്‌ക്ക് തളര്‍ത്തിയെങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ 57,989 പോയിന്റ്റിലാണ്. സെന്‍സെക്‌സ് ഈ വാരം 56,928-59,280 റേഞ്ചില്‍ നിന്നും പുറത്ത് കടന്നാല്‍ മാത്രമേ വിപണിക്ക് വ്യക്തമായ ദിശകണ്ടെത്താനാവു.

ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യ തകര്‍ച്ച രൂക്ഷമായി. പല അവസരത്തിലും കരുതല്‍ ശേഖരത്തില്‍ നിന്നും ഡോളര്‍ എറിഞ്ഞ് രൂപയെ താങ്ങി നിര്‍ത്താന്‍ ധനമന്ത്രാലയം ശ്രമം നടത്തിയിട്ടും മൂല്യം 81.91 ല്‍ നിന്നും 82.73 വരെ ഇടിഞ്ഞു, വാരാന്ത്യം നിരക്ക് 82.50 ലാണ്. രാജ്യത്തെ വിദേശ നാണയ കരുതല്‍ ധനം 560 ബില്യന്‍ ഡോളറായി മാര്‍ച്ച് പത്തിന് അവസാനിച്ച വാരം കുറഞ്ഞു. തൊട്ട് മുന്‍വാരം ഇത് 562.40 ബില്യണ്‍ ഡോളറായിരുന്നു.

ഡോളര്‍ തകര്‍ച്ചയിലേയ്‌ക്ക് നീങ്ങുന്നത് കണ്ട് ധനകാര്യസ്ഥാപനങ്ങള്‍ ആഗോള തലത്തില്‍ അമേരിക്കന്‍ നാണയം വിറ്റ് സ്വര്‍ണത്തില്‍ പിടിമുറുക്കി. ഇതോടെ ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1868 ഡോളറില്‍ നിന്നും 1990 ഡോളറിലേയ്‌ക്ക് കുതിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!