ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

Spread the love



Thank you for reading this post, don't forget to subscribe!

ലണ്ടൻ
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക് അധികാരമേറ്റു. ബ്രിട്ടന്റെ ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രിയും 210 വർഷത്തിനിടെയുള്ള ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയുമാണ് ഈ നാൽപ്പത്തിരണ്ടുകാരൻ. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചുമതലയേറ്റത്.
രാജ്യത്തിന്റെ അമ്പത്തേഴാം പ്രധാനമന്ത്രിയും ഏഴാഴ്ചയ്ക്കിടെ ആ സ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളുമാണ്. സാമ്പത്തികനയം പാളിയതിനെത്തുടർന്ന് ജനരോഷം രൂക്ഷമായതോടെയാണ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചത്. പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസും നാൽപ്പത്തഞ്ചാം ദിനം രാജിവച്ചു.

തിങ്കളാഴ്ച ഭരണകക്ഷിയായ കൺസർവേറ്റീവ് പാർടിയുടെ പുതിയ നേതാവായി ഋഷി സുനകിനെ തെരഞ്ഞെടുത്തു. മന്ത്രിസഭാംഗമായ പെന്നി മൊഡന്റ് പിന്മാറിയതോടെ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ചൊവ്വ രാവിലെ അവസാന മന്ത്രിസഭാ യോഗത്തിനുശേഷം ചാൾസ് മൂന്നാമനെകണ്ട് ലിസ് ട്രസ് ഔദ്യോഗികമായി രാജി സമർപ്പിച്ചു.

ഋഷി ധനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച നികുതി വർധന എടുത്തുകളഞ്ഞത് രാജ്യത്തെ കൂടുതൽ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് ലിസ് ട്രസ് സർക്കാരിനെ കുഴപ്പത്തിലാക്കിയത്. തെറ്റുപറ്റിയെങ്കിലും ലിസ് ട്രസിന്റെ ഉദ്ദേശ്യം ശരിയായിരുന്നെന്ന് സർക്കാർ രൂപീകരണക്ഷണം സ്വീകരിച്ചശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഋഷി പറഞ്ഞു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ കടുത്ത നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.



Source link

Facebook Comments Box
error: Content is protected !!