ഒളിമ്പിക്സ്‌ സ്വപ്‌നം ‘ഉയർത്താൻ’ ലിബാസ്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനുസമീപം ജ്യൂസ് വിൽക്കുന്ന ദമ്പതികൾ ലിബാസ് സാദിഖിന് സമ്മാനമായി ഓറഞ്ച് ജ്യൂസ് നൽകി. ‘ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ ആളിന് ഈ ഓറഞ്ച് ജ്യൂസ് ഞങ്ങളുടെ സമ്മാനമാണ്’. സമീപവാസികളായ ദമ്പതികൾ നൽകിയ ഈ സ്നേഹമധുരത്തെ മെഡൽ നേട്ടത്തിനൊപ്പം ഹൃദയത്തോട് ചേർത്തുവയ്ക്കുകയാണ് വെയ്റ്റ്ലിഫ്റ്റിങ് താരം കലൂർ സ്വദേശിനി ലിബാസ് സാദിഖ്.
ഏഴിന് ന്യൂസിലൻഡിൽ നടന്ന മാസ്റ്റേഴ്സ് വേൾഡ്, കോമൺവെൽത്ത് മത്സരങ്ങളിൽ ഇന്ത്യക്കായി രണ്ട് വെള്ളി മെഡലുകളാണ് ലിബാസ് നേടിയത്. 81 കിലോ വിഭാഗത്തിൽ മൊത്തം 150 കിലോ ഭാരം ഉയർത്തിയാണ് മുപ്പത്തെട്ടുകാരിയുടെ മിന്നും നേട്ടം.

2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയെന്നതാണ് സ്വപ്നം. ഇതിനായി ജിംനേഷ്യത്തിൽ ദിവസവും നാല് മണിക്കൂർ കഠിനപരിശീലനത്തിലാണ്. ചിട്ടയായ ആഹാരക്രമം. സ്വപ്നത്തിലേക്കുള്ള യാത്രയിൽ വിട്ടുവീഴ്ചയില്ലെന്ന് ലിബാസ്.

പവർലിഫ്റ്റിങ്ങിലാണ് ആദ്യനേട്ടങ്ങൾ. ഒളിമ്പിക്സിൽ പവർലിഫ്റ്റിങ് ഇനം അല്ലാത്തതിനാൽ വെയ്റ്റ്ലിഫ്റ്റിങ് തെരഞ്ഞെടുത്തു. എൻഐസി അംഗീകാരമുള്ള പി പി ഗോപാലകൃഷ്ണനാണ് പരിശീലകൻ. ന്യൂസിലൻഡിൽ അദ്ദേഹവും 81 കിലോ വിഭാഗത്തിൽ വെള്ളി നേടി.
ലിബാസ് 2007ൽ പവർലിഫ്റ്റിങ്ങിൽ ദേശീയ ചാമ്പ്യനായിരുന്നു. എന്നാൽ, ചില കോണുകളിൽനിന്ന് എതിർപ്പ് രൂക്ഷമായതോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. 2019ൽ ഖസാക്കിസ്ഥാനിൽ ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി തിരിച്ചുവന്നു. ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് യോഗ്യതയും നേടി. എന്നാൽ, കോവിഡുമൂലം ആഫ്രിക്കയിലെ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു. രണ്ടുവർഷംമുമ്പാണ് വീണ്ടും പരിശീലനം ആരംഭിച്ചത്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തൊടുപുഴ വണ്ണപ്പുറം പഴേരി പി എച്ച് ബാവയുടെയും ലൈലയുടെയും മകളാണ് ലിബാസ്. തൊടുപുഴ ന്യൂമാൻ കോളേജിൽ ബിഎക്ക് പഠിക്കുമ്പോൾ കായികാധ്യാപകൻ ബെന്നിയാണ് വെയ്റ്റ്ലിഫ്റ്റിങ് രംഗത്തേക്ക് ക്ഷണിച്ചത്. ബിസിനസുകാരനും സിനിമാ നിർമാതാവുമായ ഭർത്താവ് മലപ്പുറം താനൂർ സ്വദേശി സാദിഖ് അലിയും മക്കളായ ഹന്ന ഫാത്തിനും റിദ മിനാലും കൈയടികളുമായി ലിബാസിനൊപ്പമുണ്ട്.



Source link

Facebook Comments Box
error: Content is protected !!