ആയോധന കലകളിലെ വിസ്മ‌യം; വെല്‍ഡണ്‍ ഷംജ

Spread the love



Thank you for reading this post, don't forget to subscribe!

കൊല്ലം> സ്‌കൂള്‍ തലത്തില്‍ ഷോര്‍ട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിങ് എന്നിവയില്‍ സംസ്ഥാനതല വിജയി. പിന്നെ കരാട്ടെയിലും കുങ്ഫുവിലും തിളങ്ങുന്ന ഒരുപിടി നേട്ടങ്ങള്‍. ഒടുവില്‍ ഇതാ വെല്‍നെസ്, ബോഡി ബില്‍ഡിങ് എന്നിവയില്‍ തൃശൂരില്‍ നടന്ന സംസ്ഥാന വുമണ്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മിസ് കേരള (ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ 2023) പട്ടവും. ഇരുപത്തിനാല് വയസിനിടെ ശാസ്താംകോട്ട മനക്കര തുണ്ടില്‍ പുത്തന്‍വീട്ടില്‍ ഷംജ ജാന്‍ സ്വന്തമാക്കിയത് ആരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍.

ബാബുജാന്‍ — ഷീബ ദമ്പതികളുടെ മകളായ ഷംജ ജാന്‍ 2015ല്‍ കരാട്ടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും (ഹൈദരാബാദ്), 2016ല്‍ സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും (പുനലൂര്‍) 2017ലെ സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും (കണ്ണൂര്‍) സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഡല്‍ഹിയില്‍ നടന്ന നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും ഷംജ കേരളത്തിന്റെ അഭിമാനമായി. പിന്നീട് സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും (കണ്ണൂര്‍) ഗോവയില്‍ നടന്ന സീനിയര്‍ നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും വിജയിയായി.

2018ല്‍ കൊല്‍ക്കത്തയില്‍ നടന്ന സീനിയര്‍ നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും ഷംജ വെന്നിക്കൊടി പാറിച്ചു. കരാട്ടേയില്‍ നാഷണല്‍ എ ഗ്രേഡ് ജഡ്ജും റഫറിയുമാണ്.

ജൂഡോയില്‍ കേരള സീനിയര്‍ പുരുഷ –വനിത ചാമ്പ്യന്‍ഷിപ്പില്‍ 2020ലും 2021ലും മെഡല്‍നേടി. കിക്ക് ബോക്സിങ് ചാമ്പ്യന്‍കൂടിയാണ് ഷംജ. കിക്ക് ബോക്സിങില്‍ റഫറിയായും ജഡ്ജായും പ്രവര്‍ത്തിക്കുന്നു.ബോഡി ബില്‍ഡിങ്, വെല്‍നെസ് ചാമ്പ്യന്‍ഷിപ്പില്‍ ഷംജ പങ്കെടുത്തത് ടീം പീറ്റേഴ്സിലെ വിജില്‍, വിപിന്‍ എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പിലാണ്. മാസ്റ്റര്‍മാരായ ശരത്, ബിജോ എന്നിവരാണ് പരിശീലകര്‍.

പേഴ്സണല്‍ ഫിറ്റ്നസ് ട്രയിനര്‍ കോഴ്സില്‍ ഡിപ്ലോമയും കെബിഐ ബ്ലാക്ക്ബെല്‍റ്റ് തേഡും നേടിയിട്ടുള്ള ഷംജ നിരവധി സ്‌കൂളുകളില്‍ കുട്ടികളെ പരിശീലിപ്പിക്കാനും അത്ലറ്റുകള്‍ക്ക് പരിശീലനം നല്‍കാനും സമയം കണ്ടെത്തുന്നുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസില്‍ 20 വനികള്‍ക്ക് സ്വയംരക്ഷാ പരിശീലനവും നല്‍കിയിട്ടുണ്ട്. ശാസ്താംകോട്ടയില്‍ ഫിറ്റ്നസ് സെന്ററും നടത്തിവരുന്നു. രക്ഷിതാക്കളുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഈ രംഗത്ത് തുടരാന്‍ സഹയിക്കുന്നതെന്ന് ഷംജ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!