തിരുവനന്തപുരം
അരവണ കണ്ടെയ്‌നർ നിർമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വന്തമായി ഫാക്ടറി ആരംഭിക്കും. 70 വയസ്സ് കഴിഞ്ഞവർക്കായി വയോജന കേന്ദ്രം തുടങ്ങുമെന്നും 2023–-24 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചു. 1257.12 കോടി വരവും 1253. 60 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയതെന്ന് പ്രസിഡന്റ് കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലേക്കാവശ്യമായ അരവണ കണ്ടെയ്നർ നിർമിക്കാനാണ് ഫാക്ടറി. ശബരിമല സീസണിൽ -17 കോടി രൂപയുടെ കണ്ടെയ്നറുകളാണ് വാങ്ങുന്നത്. ബോർഡിന്റെ നിർമാണ യൂണിറ്റിലൂടെ 10 കോടിക്ക് ലഭ്യമാക്കാനാകും. പത്തനംതിട്ട മല്ലപ്പള്ളി തെള്ളിയൂരിലെ ബോർഡിന്റെ 10 ഏക്കറിലാണ് ഫാക്ടറി നിർമിക്കുക. ആദ്യഘട്ടമായി നാലു കോടി നീക്കിവച്ചു.
നിലയ്ക്കലിൽ ഗ്യാസ് ഏജൻസിയും ദേവസ്വം ബോർഡ് ആസ്ഥാനത്ത് പെട്രോൾ പമ്പും ആരംഭിക്കാൻ ഒരു കോടി വീതവും വകയിരുത്തി. ബോർഡിന്റെ തമിഴ്നാട്ടിലെ സ്ഥലത്ത് തെങ്ങ്, തേക്ക് എന്നിവ കൃഷി ചെയ്യാൻ ഒരു കോടി, ഉത്തർപ്രദേശിലെ വാരാണസിയിൽ ബോർഡിന്റെ സത്രം നവീകരക്കാൻ രണ്ടര കോടി എന്നിങ്ങനെ നീക്കിവച്ചു. ബോർഡിന്റെ കെട്ടിടം നവീകരിച്ചാണ് 70 വയസ്സു കഴിഞ്ഞ ഹിന്ദു വിഭാഗത്തിലുള്ളവർക്കായി വയോജന കേന്ദ്രം ആരംഭിക്കുക. ശബരിമലയ്ക്കു ചുറ്റുമുള്ള 18 മലകളിലെയും ഗിരിവർഗക്കാരുടെ ക്ഷേമത്തിനായി 15 ലക്ഷം രൂപ ചെലവഴിക്കും. ശബരിമലയുടെ വികസനത്തിന് 21 കോടിയും മറ്റ് ക്ഷേത്രങ്ങൾക്കായി 35 കോടിയും വകയിരുത്തി. ബോർഡിന്റെ കീഴിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമായി ഏഴു കോടിയും മാറ്റിവച്ചു. ബോർഡംഗങ്ങളായ എസ് എസ് ജീവൻ, ജെ സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു പ്രഖ്യാപനങ്ങൾ
● ശബരിമലയിലും പമ്പയിലും ടോയ്‌ലറ്റ് കോംപ്ലക്സുകളുടെ നവീകരണത്തിനും പുതിയവ നിർമിക്കാനും 2 കോടി
● ക്ഷേത്രങ്ങളിലെ മ്യൂറൽ പെയിന്റിങ്ങുകളുടെയും ശിൽപ്പങ്ങളുടെയും സംരക്ഷണം, പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം എന്നിവയ്‌ക്ക് 10 ലക്ഷം
● ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര നവീകരണത്തിന് 50 ലക്ഷം
● മതപാഠശാലകൾക്ക് 67 ലക്ഷം
● വൈക്കം മഹാദേവ ക്ഷേത്രത്തിൽ സ്ഥിരം നടപ്പന്തൽ നിർമിക്കാൻ 2 കോടി
● പന്തളം വലിയകോയിക്കൽ മാസ്റ്റർ പ്ലാനിന് 2 കോടി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ