കോൺഗ്രസിന്‌ 47 അംഗ സ്‌റ്റിയറിങ്‌ കമ്മിറ്റി ; തരൂർ പുറത്ത്‌ , കെ സി വേണുഗോപാൽ, 
 എ കെ ആന്റണി, 
 ഉമ്മൻചാണ്ടി സമിതിയില്‍

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

കോൺഗ്രസ്‌ പ്രവർത്തകസമിതിക്ക്‌ പകരമായി രൂപം നൽകിയ 47 അംഗ സ്‌റ്റിയറിങ്‌ കമ്മിറ്റിയിൽനിന്ന്‌ ശശി തരൂർ പുറത്ത്‌. ഖാർഗെയ്‌ക്കെതിരായി മത്സരിച്ച്‌ ആയിരത്തിലേറെ വോട്ട്‌ നേടിയ ശശി തരൂരിനെ വെട്ടി 47 അംഗ സമിതിക്ക്‌ രൂപം നൽകി. സോണിയ സ്ഥാനമൊഴിഞ്ഞതോടെ  രാജിവച്ചൊഴിഞ്ഞ പ്രവർത്തകസമിതിക്ക്‌ പകരമായാണ്‌ പുതിയ കോൺഗ്രസ്‌ അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ സ്‌റ്റിയറിങ്‌ കമ്മിറ്റിയുണ്ടാക്കിയത്. രാജസ്ഥാൻ മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസ്സമതിച്ച അശോക്‌ ഗെലോട്ടും പട്ടികയിൽ ഉൾപ്പെട്ടില്ല.

സോണിയയയും രാഹുലും പ്രിയങ്കയും കമ്മിറ്റിയിലുണ്ട്‌. കേരളത്തിൽനിന്ന്‌ സോണിയ കുടുംബത്തിന്റെ വിശ്വസ്‌തനായ കെ സി വേണുഗോപാലും മുതിർന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും ഉൾപ്പെട്ടു. രാഹുലിന്റെ ഉപദേശകരായി അറിയപ്പെടുന്ന അജയ്‌ മാക്കൻ, രൺദീപ്‌ സുർജെവാല എന്നിവരും സമിതിയിലുണ്ട്.

വിമത വിഭാഗമായ ജി–-23 ൽനിന്ന്‌ ആനന്ദ്‌ ശർമ ഉൾപ്പെട്ടപ്പോൾ മനീഷ്‌ തിവാരി, പ്രിഥ്വിരാജ്‌ ചൗഹാൻ, ഭൂപീന്ദർ സിങ്‌ ഹൂഡ തുടങ്ങിയവരെ തഴഞ്ഞു. പ്രിയങ്കയ്‌ക്ക്‌ പുറമെ അംബികാ സോണി, മീരാ കുമാർ, കുമാരി ഷെൽജ, രജനി പാട്ടീൽ എന്നിവരാണ്‌ 47 അംഗ സമിതിയിലെ വനിതകൾ.  

ഖാർഗെ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെയാണ് പ്രവർത്തകസമിതിയംഗങ്ങളും ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലക്കാരും രാജി സമർപ്പിച്ചത്. കോൺഗ്രസിൽ പുതിയ പ്രസിഡന്റുമാർ ചുമതലയേൽക്കുമ്പോഴെല്ലാം സംഘടനാതല അഴിച്ചുപണിക്കായി ഭാരവാഹികൾ രാജി സമർപ്പിക്കാറുണ്ട്‌.

കോൺഗ്രസ്‌ ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റ്‌ തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നുമാസത്തിനകം എഐസിസിയുടെ പ്ലീനറി സമ്മേളനം ചേരണം. ഖാർഗെയുടെ തെരഞ്ഞെടുപ്പിന്‌ അംഗീകാരം നൽകേണ്ടത്‌ പ്ലീനറി സമ്മേളനമാണ്‌. പുതിയ പ്രവർത്തകസമിതിയെയും തുടർന്ന്‌ തെരഞ്ഞെടുക്കണം. 25 അംഗ പ്രവർത്തകസമിതിയിൽ 11 പേരെ പ്രസിഡന്റിന്‌ നാമനിർദേശം ചെയ്യാം. ശേഷിക്കുന്ന 12 പേരെ തെരഞ്ഞെടുക്കണം. പ്ലീനറി സമ്മേളനംവരെ പ്രവർത്തകസമിതിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക സ്‌റ്റിയറിങ്‌ കമ്മിറ്റിയാകും.

ഖാർഗെ ചുമതലയേറ്റു

എഐസിസി ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ്‌ പ്രസിഡന്റായി ചുമതലയേറ്റു. കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന്‌ അറിയിച്ചുള്ള സർട്ടിഫിക്കറ്റ്‌ ഖാർഗെയ്‌ക്ക്‌ കൈമാറി. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ സോണിയ ഗാന്ധി, മുൻ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഖാർഗെയോട്‌ തെരഞ്ഞെടുപ്പിൽ തോറ്റ ശശി തരൂർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. കേരളത്തിൽനിന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടും മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ലാൽബഹാദൂർ ശാസ്‌ത്രി, ഇന്ദിര ഗാന്ധി, മുൻ ഉപപ്രധാനമന്ത്രി ജഗ്‌ജീവൻ റാം എന്നിവരുടെ സമാധിസ്ഥലവും ഖാർഗെ സന്ദർശിച്ചു.  അമ്പത്‌ ശതമാനം ഭാരവാഹിത്വം 50 വയസ്സിൽ താഴെയുള്ളവർക്കെന്ന ഉദയ്‌പുർ പ്രഖ്യാപനം നടപ്പാക്കാൻ ശ്രമിക്കുമെന്ന്‌ ഖാർഗെ പറഞ്ഞു. ആർഎസ്‌എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്‌. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റെന്ന നിലയിൽ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെന്ന്‌ സോണിയ പറഞ്ഞു. ഇപ്പോൾ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിവായി. ചുമലിൽനിന്ന്‌ ഒരു ഭാരം ഒഴിഞ്ഞിരിക്കയാണ്. അതിൽ ഏറെ ആശ്വാസം അനുഭവപ്പെടുന്നു–- സോണിയ കൂട്ടിച്ചേർത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!