4 വർഷ ബിരുദക്കാർക്ക്‌ പിജിക്ക്‌ 
ലാറ്ററൽ പ്രവേശനം , കരിക്കുലം പരിഷ്‌കരണത്തിന് 
പൊതു മാർഗരേഖ

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

നാലുവർഷ ബിരുദം തെരഞ്ഞെടുക്കുന്നവർക്ക്‌ ബിരുദാനന്തരബിരുദത്തിന്‌ ലാറ്ററൽ പ്രവേശനമടക്കമുള്ള സുപ്രധാന തീരുമാനങ്ങളുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം ബുധനാഴ്ച സമാപിച്ചു. രണ്ടുദിവസത്തെ ചർച്ചയിൽനിന്ന്‌ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടാകും സർക്കാർ മുന്നോട്ടുപോകുകയെന്നും ആരെയും പ്രയാസപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മറുപടിയിൽ പറഞ്ഞു.

ബിരുദത്തിന്റെ ആദ്യ വർഷം ജനാധിപത്യം, പരിസ്ഥിതി, ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ അവബോധം തുടങ്ങിയവയിൽ ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകും. നാലാം വർഷം പ്രോജക്ട്, ഇന്റേൺഷിപ്‌ തുടങ്ങിയവയ്ക്കാകും പ്രാധാന്യം. നാലുവർഷ ബിരുദത്തിലൂടെ ഒരു വർഷം നഷ്‌ടമാകുന്നത്‌ തടയാനാണ്‌ പിജിക്ക്‌ ലാറ്ററൽ പ്രവേശനം അനുവദിക്കുന്നത്‌. പ്രധാനവിഷയത്തിനു പുറമെ താൽപ്പര്യമനുസരിച്ച്‌ ഏത്‌ വിഷയവും പഠിക്കാൻ അവസരം നൽകുന്ന മൾട്ടി ഡിസിപ്ലിനറി രീതിക്ക്‌ മുൻതൂക്കം നൽകും. ബിരുദം മൂന്നാം വർഷം അവസാനിപ്പിക്കാനും അവസരമുണ്ട്‌. വിദേശ സർവകലാശാലകൾക്കു സമാനമായി അധ്യാപകർക്ക്‌ സിലബസ്‌ തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന്‌ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. 

സർവകലാശാല നിയമ, പരീക്ഷ, വിദ്യാഭ്യാസ പരിഷ്‌കരണ കമീഷനുകൾ സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്‌. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമാറ്റം ലക്ഷ്യമിട്ട്‌, കരിക്കുലം പരിഷ്‌കരണത്തിനുള്ള ശിൽപ്പശാല സംഘടിപ്പിച്ച്‌ നയരൂപീകരണം നടത്തണമെന്ന തീരുമാനവും കൊളോക്വിയത്തിൽ ഉണ്ടായി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പ്രവേശന നിരക്ക്‌ 75 ശതമാനമാക്കുക, ഉത്തര മലബാറിൽ കൂടുതൽ കോളേജുകളും കോഴ്‌സുകളും അനുവദിക്കുക, പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുക, എസ്‌സി/ എസ്‌ടി, വനിത, ട്രാൻസ്‌ ജെൻഡർ പ്രശ്നങ്ങൾ പഠിച്ച്‌ കൂടുതൽ പരിഗണന നൽകുക, വിദ്യാർഥി അവകാശ പത്രികയ്ക്ക്‌ രൂപം നൽകുക, സർവകലാശാലകൾക്ക്‌ ഏകീകൃത അക്കാദമിക്‌ കലണ്ടർ തയ്യാറാക്കുക, അതിലൂടെ പരീക്ഷ, ഫല പ്രസിദ്ധീകരണം, സർട്ടിഫിക്കറ്റ്‌ വിതരണം എന്നിവ കൃത്യമാക്കുക തുടങ്ങി പൊതുതാൽപ്പര്യങ്ങൾക്ക്‌ അനുസൃതമായ തീരുമാനങ്ങളും ചർച്ചയിലുണ്ടായി.

സമാപന സമ്മേളനത്തിൽ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്‌, ഡോ. കെ സുധീന്ദ്രൻ എന്നിവരും സംസാരിച്ചു.

പിജിയും പിഎച്ച്‌ഡിയും ഒരുമിച്ച്‌

ബിരുദാനന്തര ബിരുദത്തിനൊപ്പം ഗവേഷണവുംകൂടി ചെയ്യാൻ കഴിയുന്ന ഇന്റഗ്രേറ്റഡ്‌ കോഴ്‌സ്‌ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കോളേജുകളിൽ  ആരംഭിക്കും.  ഗവേഷണ ചട്ടങ്ങളിൽ കാലാനുസൃത മാറ്റമുണ്ടാക്കും. ഗവേഷണ വിദ്യാർഥികൾക്ക്‌ അക്കാദമിക്‌ എഴുത്തിൽ പരിശീലനത്തിന്‌ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.

കരിക്കുലം പരിഷ്‌കരണത്തിന് 
പൊതു മാർഗരേഖ

സർവകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മാതൃകാ കരിക്കുലം ഫ്രെയിംവർക്ക് രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. വിദ്യാർഥികൾക്കും അധ്യാപക, -അനധ്യാപകർക്കും സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. വീർപ്പുമുട്ടിയുള്ള പഠനവും അധ്യായനവും അംഗീകരിക്കാനാകില്ല. 

സ്ഥാപനതലത്തിൽ പ്ലെയ്‌സ്‌‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തും. ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. ജെആർഎഫ്‌, എസ്‌ആർഎഫ്‌ ഇല്ലാത്ത വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്‌ നൽകുന്നതിന്റെ നടപടി പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാർഥികൾക്ക് സെമിനാർ യാത്രാ ഗ്രാന്റുകളും അനുവദിക്കും.ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യപങ്കാളിത്തം ഒഴിവാക്കാനാകില്ല.  ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!