കനത്ത മഴ: ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത

Spread the love

തൊടുപുഴ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

അപകടസാധ്യതയുള്ള വിനോദ സഞ്ചാര മേഖലകളിലെ സന്ദര്‍ശനവും യാത്രയും താമസവും നിരുത്സാഹപ്പെടുത്തണമെന്നു നിര്‍ദേശമുണ്ട്. വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പോലീസ്, വനം, ടൂറിസം, ഡിടിപിസി വകുപ്പുകള്‍ നടപടി സ്വീകരിക്കണം.
കാറ്റിലും മഴയിലും മരങ്ങള്‍ മറിഞ്ഞു വീണുണ്ടായ അപകടങ്ങളില്‍ തോട്ടം തൊഴിലാളികള്‍ മരിച്ച സാഹചര്യത്തില്‍ തോട്ടം മേഖലകളില്‍ ജോലികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തഹസില്‍ദാരുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, ഇന്‍സ്‌പെക്‌ടര്‍ ഓഫ് പ്ലാന്‍റേഷന്‍സ് എന്നിവരടങ്ങുന്ന സംഘം ഉടന്‍ തന്നെ ലയങ്ങള്‍ സന്ദര്‍ശിച്ച് ഒരാഴ്ചക്കകം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കണം.
ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന എസ്റ്റേറ്റ് മാനേജ്‌മെന്‍റുകള്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. ജില്ലയില്‍ തൊഴിലുറപ്പു ജോലികളും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് മണ്ണെടുപ്പും നിരോധിച്ചു.


ജനങ്ങള്‍ക്കു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതിലൈന്‍ പൊട്ടിയാല്‍ ഉടന്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിനും വൈദ്യുതി വിതരണ തടസം അടിയന്തരമായി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ചുമതലകളിലുള്ള ഉദ്യോഗസ്ഥര്‍ ഈ ദിവസങ്ങളില്‍ ജില്ല വിട്ടുപോകരുതെന്നും ഉത്തരവിലുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!