പാഠപുസ്‌ത‌കങ്ങളിൽ ചരിത്രം വികലമാക്കാനുള്ള ശ്രമം ചെറുക്കും: മന്ത്രി വി ശിവൻകുട്ടി

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിനുള്ളിൽ നിന്ന് കേരളം ചെറുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പറവൂർ നന്ത്യാട്ടുകുന്നം എസ്‌എൻവി സംസ്‌കൃതം എച്ച്‌എസ്‌എസിൽ പുതിയ മന്ദിരം ഉദ്‌ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവർഷം മുതൽ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ചെയ്‌തു. എന്നാൽ, മാനവിക വിഷയങ്ങൾ അതേപടി പഠിപ്പിക്കും എന്നാണ് കേരളം പ്രഖ്യാപിച്ചത്. എക്കാലത്തും കേരളം ഉയർത്തിപ്പിടിച്ച വിശ്വമാനവികസങ്കൽപ്പം, മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങൾ എന്നിവ മുറുകെപ്പിടിച്ചും അക്കാദമിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും മുന്നോട്ടുപോകും. പുതിയ അധ്യയന വർഷത്തിലും എൻസിഇആർടിയുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കില്ല. മാത്രമല്ല, അക്കാദമിക താല്പര്യം മുന്നിൽക്കണ്ട് സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കാനാകും ശ്രമിക്കുക. എസ്-സിഇആർടി തന്നെ പാഠപുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കും.

കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനഭാരം കുറക്കാനെന്ന പേരിലാണ് എൻസിഇആർടി പാഠഭാഗങ്ങൾ  വെട്ടിക്കുറയ്‌ക്കുന്നത്. ഒരേ ക്ലാസിൽ മറ്റ് വിഷയങ്ങളിലും ആവർത്തിച്ചു വരുന്ന പാഠഭാഗങ്ങൾ, ഒരേ വിഷയങ്ങളിൽ താഴ്ന്ന ക്ലാസിലോ ഉയർന്ന ക്ലാസിലോ ആവർത്തിക്കുന്നവ, കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും ടീച്ചർമാരുടെ സഹായമില്ലാതെ പഠിക്കാൻ കഴിയുന്നവ, ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമല്ലാത്തവ, കുട്ടികളുടെ പഠന പ്രയാസങ്ങൾ എന്നീ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അക്കാദമികമായി പോലും നിലനിൽക്കാത്തതാണ് പല വാദങ്ങളും. ഇതിനു പിന്നിലെ നിക്ഷിപ്‌തതാല്പര്യം വെട്ടിക്കുറച്ച പാഠഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസിലാകുമെന്നും മന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!