ബിജെപി നേതാക്കളുടെ സഭാ സന്ദർശനം; ‘മതനിരപേക്ഷനിലപാടുള്ള കേരളജനത ഈ നാടകം തള്ളിക്കളയും’; സിപിഎം

Spread the love


തിരുവനന്തപുരം: ബിജെപി നേതാക്കളുടെ സഭാ സന്ദർശനത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മതനിരപേക്ഷനിലപാടുള്ള കേരളജനത ഈ നാടകം തള്ളിക്കളയുമെന്ന് സിപിഎം പത്രകുറിപ്പിൽ വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ ആന്തരിക ഭീഷണിയായിട്ടാണ് സംഘപരിവാർ പ്രഖ്യാപിച്ചിട്ടുള്ളത്. അവരെ കൂടെ നിർത്താനുള്ള പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യം. വിചാരധാരയിൽ ആന്തരിക ഭീഷണിയായി ക്രിസ്താനികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ക്രിസ്ത്യാനികൾക്ക് നേരെ അക്രമം ഉണ്ടായിട്ടുണ്ടെന്നും സിപിഎം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം

ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാർ അവരെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണ്.

ആർഎസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയിൽ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നേരെയും കമ്മ്യൂണിസ്റ്റ്കാർക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാം സ്റ്റേയിൻസിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയിൽ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യൻ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദർശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബിജിപി നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും.

Also Read- ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി കാർഡ് വിതരണം; സഭാ മേലധ്യക്ഷന്മാരെ BJP നേതാക്കള്‍ സന്ദര്‍ശിച്ചു

സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപൽക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകൾ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയും.

Published by:Anuraj GR

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!