ക്ഷേമ പെൻഷനിലും 
കേന്ദ്രത്തിന്റെ വെട്ട്‌ ; ഗ്യാസ്‌ സബ്‌സിഡിപോലെ പെൻഷൻ 
 വിഹിതവും അക്കൗണ്ടിൽ

Spread the love


Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

ക്ഷേമ പെൻഷനിലെ നാമമാത്രമായ കേന്ദ്ര വിഹിതവും ഇല്ലാതാകുമെന്ന്‌ ആശങ്ക. മൂന്നുവിഭാഗം സാമൂഹ്യസുരക്ഷാ പെൻഷനുകൾക്കുള്ള വിഹിതം ‌പെൻഷൻകാരുടെ ബാങ്ക്‌ അക്കൗണ്ടുവഴിയേ നൽകൂവെന്നാണ്‌ കേന്ദ്ര നിലപാട്‌. തീരുമാനം പെൻഷൻ വിഹിതം നിർത്തലാക്കാനാണെന്ന സംശയം ഉയർത്തുന്നു. രണ്ടുവർഷത്തിലേറെയായി കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. പെൻഷൻ വിഹിതത്തിനായി പെൻഷൻകാരുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പബ്ലിക്‌ ഫിനാൻസ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം (പിഎഫ്‌എംഎസ്‌) പോർട്ടൽവഴി നൽകാൻ നേരത്തേ നിർദേശിച്ചു. വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളിലാണ് കേന്ദ്ര വിഹിതമുള്ളത്‌. 200 മുതൽ 500 രൂപ വരെയാണ് വിവിധ വയസ്സുകളിലുള്ളവർക്ക് നൽകുന്നത്. അർഹത 5,67,868 പേർക്കും. -15.40 കോടി രൂപയാണ്‌ കേന്ദ്രത്തിന്റെ പ്രതിമാസ ബാധ്യത. 2020 ഡിസംബർമുതൽ 483 കോടി രൂപയാണ്‌ കേന്ദ്രം കുടിശ്ശികയാക്കിയത്‌. കേന്ദ്ര കുടിശ്ശികയും  ചേർത്താണ് സംസ്ഥാന സർക്കാർ ഇവർക്ക്‌ 1600 രൂപവീതം നൽകുന്നത്‌. സംസ്ഥാനത്ത്‌ ഫെബ്രുവരിയിലെ പെൻഷൻ നൽകുന്നത് 56,96,666 പേർക്കാണ്‌. 10 വർഷത്തിലധികമായി കേന്ദ്ര പെൻഷൻ ചില്ലിക്കാശ്‌ വർധിപ്പിച്ചിട്ടില്ല. 2016ന്‌ ശേഷം സംസ്ഥാനം 1000 രൂപ വർധിപ്പിച്ചു. ആറുലക്ഷത്തോളം പേർക്ക്‌ കേന്ദ്രം നേരിട്ട് തുക കൊടുക്കാൻ തീരുമാനിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്‌ ബാക്കി തുകയേ നൽകാനാകൂ.

നേരത്തേ ബാങ്കുവഴിയാക്കിയ ഗാർഹിക പാചക വാതക സബ്‌സിഡി നിലച്ചു. 2013 ജൂൺ ഒന്നുമുതൽ 298 ജില്ലയിൽ ഗാർഹിക പാചകവാതക സബ്‌സിഡി ഗുണഭോക്താക്കൾക്ക്‌ നേരിട്ടുകൊടുക്കാൻ തുടങ്ങി. കമ്പോളവും സർക്കാരും നിശ്ചയിക്കുന്ന വിലകളുടെ വ്യത്യാസം നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2014ൽ ഇത് രാജ്യവ്യാപകമാക്കി. ഗുണഭോക്താവ് കമ്പോളവിലയ്ക്ക് സിലിണ്ടർ വാങ്ങണം. സബ്‌സിഡി അക്കൗണ്ടിലെത്തും. സബ്‌സിഡിയിലൂടെ സർക്കാർ പണത്തിന്റെ ചോർച്ച ഒഴിവാക്കാനാണ് നടപടി എന്നായിരുന്നു ന്യായം. മൂന്നുവർഷമായി സബ്‌സിഡി പൂർണമായും നിലച്ചു. ഇത്തരത്തിൽ വൈകാതെ ക്ഷേമപെൻഷനുള്ള കേന്ദ്രവിഹിതവും നിർത്തുന്നതിലേക്കാണ്‌ കേന്ദ്രനീക്കം.  


 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!