മുങ്ങുന്ന കപ്പലോ? ഈ 5 ഓഹരികളെ വിദേശ നിക്ഷേപകര്‍ കൂട്ടമായി വിറ്റൊഴിവാക്കുന്നു!

Spread the love


Thank you for reading this post, don't forget to subscribe!

എന്താണ് പ്രധാന്യം

ഇന്ത്യക്ക് പുറത്ത് കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന നിക്ഷേപ സ്ഥാപനങ്ങളെയാണ് വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) എന്നു കണക്കാക്കുന്നത്. ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തീകവും ഭാവി വളര്‍ച്ചാ സാധ്യതകളുമൊക്കെ മികവോടെയും ശാസ്ത്രീയമായും വിലയിരുത്തിട്ടാകും ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ഒരു കമ്പനിയില്‍ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുന്നത് പോസിറ്റീവ് ഘടകമായി കണക്കുക്കൂട്ടുന്നു. എഫ്‌ഐഐ പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരിയെ വേഗത്തില്‍ വിലയിരുത്താന്‍ സഹായിക്കുന്ന വിവരാണ്.

പുതിയ സംഭവ വികാസം

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലെ ഐടി കമ്പനികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുകയാണെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലെ മാത്രം കണക്കെടുത്താല്‍ രാജ്യത്തെ മുന്‍നിര ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 33 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

Also Read: ഡിവിഡന്റ് വരുമാനം ബാങ്ക് പലിശയേക്കാള്‍ ലഭിക്കുന്ന 100 രൂപയുടെ 5 ഓഹരികള്‍; നോക്കുന്നോ?

2021 ജൂണ്‍ പാദത്തിനൊടുവില്‍ വിപ്രോയിലെ വിദേശ നിക്ഷേപകരുടെ വിഹിതം 9.83 ശതമാനമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം വിപ്രോ ഓഹരിയിലെ എഫ്‌ഐഐ പങ്കാളിത്തം 6.58 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് വിദേശ നിക്ഷേപകര്‍ 33 ശതമാനം വിഹിതം വിറ്റൊഴിവാക്കിയെന്ന് സാരം. ഇതുപോലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പന പ്രതിസന്ധി സൃഷ്ടിക്കുന്നവയില്‍ രണ്ടാമതുള്ളത് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികളാണ്.

ഇതേ കാലയളവില്‍ എച്ച്‌സിഎല്‍ ടെക്കിലെ എഫ്‌ഐഐ പങ്കാളിത്തം 23.22 ശതമാനത്തില്‍ നിന്നും 17.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. 5 പാദത്തിനിടെ ഓഹരി വിഹിതത്തില്‍ 24 ശതമാനം കുറവ്. സമാനമായി ടെക് മഹീന്ദ്രയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തവും കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 36.15 ശതമാനത്തില്‍ നിന്നും 28.2 ശതമാനത്തിലേക്ക് താഴ്ത്തി. അതായത് 22 ശതമാനം പങ്കാളിത്തം കുറഞ്ഞുവെന്ന് സാരം. രാജ്യത്തെ ഐടി കമ്പനികളുടെ ഓഹരികള്‍ കനത്ത സമ്മര്‍ദത്തിലാണെന്നതിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു.

അതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) എഫ്‌ഐഐയുടെ ഓഹരി വിഹിതം 15.43 ശതമാനത്തില്‍ നിന്നും 13.05 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്. എന്നാല്‍ വന്‍കിട ഐടി കമ്പനികളില്‍ വിദേശ നിക്ഷേപകരുടെ വിഹിതം ഏറ്റവും കുറച്ചുമാത്രം താഴ്ന്നത് ഇന്‍ഫോസിസിലാണ്. 2021 ജൂണിലെ 33.39 ശതമാനത്തില്‍ നിന്നും 31.29 ശതമാനത്തിലേക്കാണ് കുറഞ്ഞത്. അതായത് 5 പാദങ്ങള്‍ക്കിടെ വിദേശ നിക്ഷേപകര്‍ ഇന്‍ഫോസിസിലെ പങ്കാളിത്തം താഴ്ത്തിയത് 6 ശതമാനം മാത്രമെന്ന് ചുരുക്കം.

Also Read: 2023-ല്‍ പൂട്ടി പോകാം; ഈ 5 സ്മോള്‍ കാപ് ഓഹരികളെ സൂക്ഷിച്ചോളൂ

അതേസമയം വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് ഓഹരിയുടെ വിലയിലും കനത്ത പ്രത്യാഘാതം സൃഷ്ടിച്ചു. ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്നത് ഐടി വിഭാഗമാണ്. എന്‍എസ്ഇയുടെ ഐടി വിഭാഗം സൂചിക 2022-ല്‍ ഇതുവരെയായി 27 ശതമാനം നഷ്ടമാണ് നേരിടുന്നത്. വിപ്രോ ഓഹരിയാകട്ടെ 52 ആഴ്ച കാലയളവിലെ ഉയരത്തില്‍ നിന്നും 47 ശതമാനം താഴെയാണ് നില്‍ക്കുന്നത്. എന്നാല്‍ പ്രധാന സൂചികയായ നിഫ്റ്റി-50 ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 2.5 ശതമാനം നേട്ടത്തിലാണെന്നതും ശ്രദ്ധേയം.

നിക്ഷേപകര്‍ എന്തുചെയ്യണം ?

ഐടി ഓഹരികള്‍ നേരിട്ട ശക്തമായ തിരുത്തലോടെ ലാര്‍ജ് കാപ് ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയെന്ന് ഒരു വിഭാഗം വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഉയര്‍ന്ന തോതിലെ പണപ്പെരുപ്പവും പലിശ നിരക്കും കാരണം പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്നും ദുരിതകാലം വരാനിരിക്കുന്നതേയുള്ളൂ എന്ന് മറുവിഭാഗവും വാദിക്കുന്നു.

അതേസമയം ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ മികവിലും ഖ്യാതിയിലും ആര്‍ക്കും സംശയമൊന്നുമില്ല. എന്നിരുന്നാലും സമീപകാലയളവിലേക്ക് കൂടി മൂല്യമതിപ്പില്‍ ഐടി ഓഹരികള്‍ ചെലവേറിയതിനാല്‍ അല്‍പം ജാഗ്രത പാലിക്കണമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!