കനത്ത സുരക്ഷ, ഗതാഗതനിയന്ത്രണം ; ട്രെയിനിൽ ബന്ദി ,
 ഇറങ്ങിയാൽ പെരുവഴി

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട്‌ അനുബന്ധിച്ച്‌ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ്‌ മേധാവി സി എച്ച്‌ നാഗരാജുവിന്റെ നേതൃത്വത്തിൽ 1500ൽ അധികം പൊലീസുകാരാണ്‌ സുരക്ഷയൊരുക്കുന്നത്‌. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ  ആർപിഎഫിനെയും റെയിൽവേ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്‌.

തമ്പാനൂർമുതൽ സെൻട്രൽ സ്റ്റേഡിയംവരെയുള്ള വഴികളെല്ലാം നിരീക്ഷണത്തിലാണ്‌. റോഡിന്റെ ഇരുവശത്തും പാർക്കിങ്‌ അനുവദിക്കില്ല. പരിസരപ്രദേശത്തെ കടകൾ അടച്ചിടും. സെക്രട്ടറിയറ്റിൽ  ജീവനക്കാരുടെ വാഹനങ്ങൾക്ക്‌ പാർക്കിങ്‌ അനുവദിക്കില്ല. നഗരത്തിൽ രാവിലെ ഏഴുമുതൽ രണ്ടുവരെ ഗതാഗതനിയന്ത്രണമുണ്ട്‌.

തമ്പാനൂർ കെഎസ്‌ആർടിസി ടെർമിനലിലെ പാർക്കിങ്‌ തിങ്കളാഴ്‌ചമുതൽ നിയന്ത്രിച്ചു. ചൊവ്വ രാവിലെ എട്ടുമുതൽ 11 വരെ ടെർമിനൽ അടച്ചിടും. വികാസ്‌ഭവനിൽനിന്നാകും ബസുകൾ സർവീസ്‌ നടത്തുക. റെയിൽവേ സ്റ്റേഷനകത്തെ കടകൾ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്‌. ചൊവ്വാഴ്‌ച രാവിലെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ പകൽ രണ്ടരമുതൽ നാലരവരെയായി പുനക്രമീകരിച്ചു.

ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾ സെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‍ക്വയർ, പഞ്ചാപുര, ആർബിഐ, ബേക്കറി ജങ്‌ഷൻ, പനവിള, മോഡൽ സ്കൂൾ ജങ്‌ഷൻ, അരിസ്റ്റോ ജങ്‌ഷൻ, തമ്പാനൂർ റോഡിലും ബേക്കറി ജങ്‌ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടാകും. ഇവിടെയും പാർക്കിങ്‌ അനുവദിക്കില്ല.

ട്രെയിനിൽ ബന്ദി ,
 ഇറങ്ങിയാൽ പെരുവഴി

വന്ദേഭാരതിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സൗകര്യങ്ങൾക്കുവേണ്ടി യാത്രക്കാരെ ബന്ദികളാക്കി റെയിൽവേ. വന്ദേഭാരതിന്റെ ‘വേഗംകൂട്ടാൻ’ മറ്റു ട്രെയിനുകളെ മണിക്കൂറുകൾ വൈകിപ്പിക്കുയാണെങ്കിൽ മോദിക്കുവേണ്ടി യാത്രക്കാരെ കനത്ത ചൂടിൽ പെരുവഴിയിലിറക്കിവിടുന്നു. കണ്ണൂരിനും എടക്കാടിനും ഇടയിൽ പാളത്തിൽ അറ്റകുറ്റപ്പണിക്കായി ട്രെയിനുകൾ രാത്രിയിൽ  മൂന്നുമണിക്കൂറാണ് സ്റ്റേഷനുകളിൽ പിടിച്ചിടുന്നത്. വന്ദേഭാരതിനായി വേഗത്തിൽ പണി തീർക്കാനാണിത്. വന്ദേ ഭാരതിന്റെ ആദ്യ സർവീസ് സുഗമമാക്കാൻ ഷൊർണൂർ –-കണ്ണൂർ മെമു ഉൾപ്പെടെ റദ്ദാക്കിയും മാവേലി, മംഗളൂരു തിരുവനന്തപുരം എക്സ്പ്രസുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചും കഷ്ടപ്പെടുത്തുന്നതിന്‌ പുറമെയാണിത്‌.

തിങ്കൾ രാവിലെ മംഗളൂരുവിൽനിന്ന്‌ പുറപ്പെട്ട ഏറനാട് കണ്ണൂരിൽ ഒരു മണിക്കൂർ വൈകി 10.30നാണെത്തിയത്. 9.05ന് കണ്ണൂർ എത്തേണ്ട എഗ്‌മോർ 10.15നും മംഗളൂരു–-ചെറുവത്തൂർ –- കണ്ണൂർ പാസഞ്ചർ രണ്ട് മണിക്കൂർ വൈകിയുമാണെത്തിയത്‌. 9.45ന് എത്തേണ്ട ബംഗളൂരു–-കണ്ണൂർ എക്സ്പ്രസ് 10.49നാണ് എത്തിയത്. തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്കുള്ള ഏറനാട് ഒരു മണിക്കൂർ വൈകി 3.10നാണെത്തിയത്‌.

ഇന്നത്തെ ട്രെയിൻ സമയമാറ്റം

മംഗലാപുരം –- തിരുവനന്തപുരം എക്സ്‌പ്രസ്‌, ചെന്നൈ –- തിരുവനന്തപുരം മെയിൽ, ശബരി, ഗുരുവായൂർ–- തിരുവനന്തപുരം, എറണാകുളം –- തിരുവനന്തപുരം, മാവേലി എക്‌സ്‌പ്രസുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം–- തിരുവനന്തപുരം സ്‌പെഷ്യൽ പാസഞ്ചർ കഴക്കൂട്ടംവരെയും നാഗർകോവിൽ കൊച്ചുവേളി പാസഞ്ചർ നേമംവരെയുമാണ്‌ സർവീസ്‌. തിരുവനന്തപുരം –- മംഗലാപുരം എക്‌സ്‌പ്രസ്‌, തിരുവനന്തപുരം –- ചെന്നൈ മെയിൽ, മാവേലി എക്‌സ്‌പ്രസ്‌ എന്നിവ കൊച്ചുവേളിയിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം –- കൊല്ലം പാസഞ്ചർ കഴക്കൂട്ടത്തുനിന്നും കൊച്ചുവേളി നാഗർകോവിൽ സ്പെഷ്യൽ പാസഞ്ചർ നെയ്യാറ്റിൻകരയിൽനിന്നും പുറപ്പെടും.

തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.55ന്‌ പുറപ്പെടേണ്ട തിരുവനന്തപുരം സിൽചർ എക്‌സ്‌പ്രസ്‌ ഒന്നര മണിക്കൂർ വൈകി 6.25ന്‌ യാത്ര ആരംഭിക്കും. കന്യാകുമാരി പുണെ, ജാംനഗർ എക്സ്‌പ്രസുകൾ നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടയിൽ നിയന്ത്രണത്തോടെയേ സർവീസ്‌ നടത്തൂ. ചരക്ക്‌ ഗതാഗതത്തിലും മാറ്റംവരുത്തി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!