കേരളത്തിന്റെ വ്യവസായനയം മികച്ചതെന്ന്‌ നോർവെ

Spread the love


Thank you for reading this post, don't forget to subscribe!

 

തിരുവനന്തപുരം  

സംസ്ഥാനത്തിന്റെ പുതിയ വ്യവസായനയത്തെ പുകഴ്‌ത്തി നോർവെ. സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിച്ച് നൂതന വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള വ്യക്തമായ കാഴ്‌ചപ്പാടാണ്‌ വ്യവസായനയം മുന്നോട്ടുവയ്‌ക്കുന്നതെന്ന് നോർവീജിയൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മാർട്ടിൻ ആംഡൽ ബോതം പറഞ്ഞു. നോർവീജിയൻ കമ്പനികൾക്ക്‌ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്‌ കേരളമെന്നും അദ്ദേഹം പറഞ്ഞു. നോർവെയും കേരളവും തമ്മിലുള്ള വ്യാപാരബന്ധം സംബന്ധിച്ച്‌ വ്യവസായ വകുപ്പ് സംഘടിപ്പിച്ച നോർവീജിയൻ കമ്പനികളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം നോർവെ സന്ദർശിച്ചു നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഉച്ചകോടി.

 

വ്യവസായ പാർക്കുകളുടെ കാര്യത്തിൽ സംസ്ഥാന നയത്തെയും നോർവീജിയൻ പ്രതിനിധികൾ പ്രശംസിച്ചു. മൂന്നുവർഷത്തിൽ നോർവെയും കേരളവും തമ്മിലുള്ള വ്യാപാരം ഇരട്ടിയായെന്നും കേരളത്തിൽ നിക്ഷേപം നടത്താൻ കമ്പനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും നോർവെ ഇന്നൊവേഷൻ ഡയറക്ടർ ക്രിസ്റ്റീൻ കാർട്ടർ പറഞ്ഞു.

കേരളത്തിലെ ചകിരി നോർവേയിലെ ബാറ്ററി നിർമാണ കമ്പനികൾക്ക് അസംസ്‌കൃതവസ്തുവായി ഉപയോഗിക്കാൻ സാധിക്കും. ഹൈഡ്രജൻ, മത്സ്യ ഉൽപ്പാദനം, ഗ്രീൻ മാരിടൈം എന്നിവയിലെ കേരള- നോർവീജിയൻ സഹകരണ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹയാത്ത് റീജൻസിയിൽ ഉച്ചകോടി വ്യവസായ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു. നോർവെ കേരളത്തിന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണ്‌. നോർവെയും കേരളവുമായുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തികവർഷം 20 ബില്യൺ ഡോളറായി വർധിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്നുള്ള പ്രൊഫസർ അടങ്ങുന്ന  സംഘത്തെ സംസ്ഥാനത്തിന്റെ എൻവയോൺമെന്റൽ, ഗവേണൻസ് നിക്ഷേപ (ഇഎസ്ജി) നയം രൂപീകരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വ്യവസായനിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചു. നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ (എൻബിഎഐ) ചെയർമാൻ ബി ഷേണായി, വ്യവസായ ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്ഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!