ഏതു നിമിഷവും വീഴും ഈ കൂറ്റൻ മരങ്ങൾ
1 min read
തൊടുപുഴ: കാലവർഷം കനക്കുന്നതിനു മുന്നോടിയായി പാതയോരങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയുമില്ല. മഴക്കാലം ശക്തമാകുന്നതിനു മുന്നോടിയായി കളക്ടർ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർത്തിരുന്നു. റോഡിന്റെ വശങ്ങളിലും പുറന്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളും മരത്തിന്റെ ശിഖരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് കളക്ടർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് അധികൃതർക്കു കൈമാറുകയും ചെയ്തു. എന്നാൽ, കാലവർഷം ശക്തമാകുന്പോഴും തൊടുപുഴ പുളിയൻമല സംസ്ഥാന പാതയോരത്ത് ഉൾപ്പെടെ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അതേപടി നിൽക്കുകയാണ്.
ആരു മുറിക്കും?
ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 51 പ്രകാരമാണ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കേണ്ടത്. സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതതു വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേത് ഉടമയും പരിഹരിക്കണം എന്നാണ് നിർദേശം. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കാണ് ചുമതല. ഇതിന് ആവശ്യമായി വരുന്ന ചെലവ് ഭൂമിയുടെ ഉടമയിൽനിന്ന് ഈടാക്കണം. സർക്കാർ ഭൂമിയിലെയും സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെയും മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളിലുള്ള ട്രീ കമ്മിറ്റി യോഗം ചേരണമെന്നും ഉത്തരവിൽ പറയുന്നു.
ഉദ്യോഗസ്ഥർ ഉറക്കത്തിൽ
ഉത്തരവിറങ്ങി ആഴ്ചകൾ കഴിഞ്ഞെങ്കിലും കളക്ടറുടെ നിർദേശങ്ങളും ഉത്തരവുകളും നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ വാഹനങ്ങൾ കടന്നു പോകുന്നതും ജനങ്ങൾ ധാരാളമായി സഞ്ചരിക്കുന്നതുമായ റോഡിന്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള നിരവധി മരങ്ങളാണുള്ളത്. മരം വീണ് ഈ പാതയിൽ അപകടം പലപ്പോഴും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം മുട്ടം ചള്ളാവയലിൽ മരക്കൊന്പ് കെഎസ്ആർടിസി ബസിനു മുകളിലേക്കു വീണിരുന്നു. ഇതിനു പുറമേ മരക്കൊന്പ് ഒടിഞ്ഞു വീണു വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകരുന്നതും പതിവാണ്.