ഗ്യാരന്റിയും സർക്കാർ 
വായ്‌പയാക്കുമെന്ന്‌ സിഎജി ; വികസനം മുടക്കാൻ പുതിയ തന്ത്രം

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

കേരളത്തിന്റെ വികസന, സാമൂഹ്യസുരക്ഷാ പദ്ധതികളാകെ അട്ടിമറിക്കാൻ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ (സിഎജി) കരുനീക്കം. സംസ്ഥാന സ്ഥാപനങ്ങൾ സർക്കാർ ഗ്യാരന്റിയിൽ വായ്‌പയെടുത്താൽ പൊതുകടത്തിൽ ഉൾപ്പെടുത്തുമെന്നാണ്‌ ഭീഷണി. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവയിലെ കൈകടത്തൽ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനിയിലും (വിസിൽ) നടപ്പാക്കാൻ നോക്കുകയാണ്‌. കമ്പനി 3598 കോടി രൂപ വായ്‌പയെടുക്കുന്നത്‌ തടയാനാണ്‌ നീക്കം. കെഎഫ്‌സിയിൽനിന്ന്‌ ‘വിസിൽ’ എടുക്കുന്ന 500 കോടി രൂപയുടെ താൽക്കാലിക വായ്‌പ സംസ്ഥാന കടമെടുപ്പുപരിധിയിൽ ഉൾപ്പെടുത്തുമെന്ന്‌ അക്കൗണ്ടന്റ്‌ ജനറലിന്റെ മുന്നറിയിപ്പ്‌ ഇ–-മെയിലായി ധനവകുപ്പിന്‌ ലഭിച്ചു. അല്ലെങ്കിൽ വിശദീകരണം നൽകണമത്രെ.

ഈ നീക്കം വിജയിച്ചാൽ സംസ്ഥാനത്തെ അറുപതിൽപ്പരം പൊതുമേഖലാ സ്ഥാപനങ്ങളും പ്രത്യേകോദ്ദേശ്യ കമ്പനികളും കോർപറേഷനുകളും തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെവരെ വായ്‌പാ അവകാശം നിഷേധിക്കപ്പെടും. ഭരണഘടനാനുസൃതമായി നിയമസഭ പാസാക്കിയ സർക്കാർ ഗ്യാരന്റിയുടെ പരിധി നിശ്ചയിക്കൽ നിയമ (കേരള സീലിങ്‌ ഓൺ ഗവ. ഗ്യാരന്റി ആക്ട്‌) പ്രകാരമാണ്‌ ഈ സ്ഥാപനങ്ങൾക്ക്‌ വികസന, സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക്‌ വായ്‌പയ്‌ക്ക്‌ അനുമതി നൽകുന്നത്‌. മുൻവർഷത്തെ റവന്യു വരുമാനത്തിന്റെ 100 ശതമാനമോ, സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്‌ഡിപി) 10 ശതമാനമോ ഇതിൽ ഏതാണോ കുറവ്‌ ആ തുകയുടെ വായ്‌പയ്‌ക്കാണ്‌ സർക്കാർ ഗ്യാരന്റി. നിലവിൽ 46,391 കോടി രൂപയുടെ ഗ്യാരന്റി വിവിധ സ്ഥാപനങ്ങൾക്ക്‌ നൽകി. ഇത്‌ ജിഎസ്‌ഡിപിയുടെ 4.64 ശതമാനവും. സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ മേഖലകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഈ സ്ഥാപനങ്ങളുടെ വികസനം മുടക്കാനാണ്‌ കേന്ദ്ര നീക്കം.

വിഴിഞ്ഞം തുറമുഖത്തിന്‌ 
ഹഡ്‌കോയിൽനിന്ന്‌ 3598 കോടി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനിക്ക്‌ (വിസിൽ) ഹഡ്‌കോയിൽനിന്ന്‌ 3598 കോടി രൂപ വായ്‌പ ലഭ്യമാക്കും. ഇതിന്‌ കാലതാമസം വരുന്ന സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങൾക്കായി 500 കോടി രൂപ കെഎഫ്‌സിയിൽനിന്ന്‌ സർക്കാർ ഗ്യാരന്റിയിൽ താൽക്കാലിക കടമായി എടുക്കും. ഹഡ്‌കോ വായ്‌പ ലഭിക്കുന്ന മുറയ്‌ക്ക്‌ ഇത്‌ മടക്കിനൽകും. വിസിൽ എടുക്കുന്ന ഈ താൽക്കാലിക വായ്‌പയും സംസ്ഥാന കടമെടുപ്പുപരിധിയിലാക്കുമെന്ന്‌ സിഎജിയുടെ ഭീഷണിയുണ്ട്‌.

റെയിൽ, റോഡ്‌ കണക്ടിവിറ്റി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾക്കായാണ്‌ ഹഡ്‌കോ വായ്‌പ. ബാലരാമപുരത്തുനിന്ന്‌ തുറമുഖത്തേക്കുള്ള റെയിൽപ്പാതയുടെ വിശദ പദ്ധതിരേഖയ്‌ക്ക്‌ റെയിൽവേ ബോർഡ്‌ അംഗീകാരമായി. ഇതിന്‌ 1154 കോടി രൂപയാണ്‌ അടങ്കൽ. 100 കോടി രൂപ മുൻകൂർ നൽകണം. തീരമേഖലയിൽ ബ്രേക്ക്‌ വാട്ടർ പദ്ധതി പൂർത്തിയാക്കുന്നതിന്‌ 1171 കോടി വേണം. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ഉയർന്ന ആവശ്യമാണ്‌ കടലാക്രമണം തടയണമെന്നത്‌.

മീൻപിടിത്ത തുറമുഖ സംരക്ഷണത്തിന്റെ ബ്രേക്ക്‌ വാട്ടർ നിർമാണത്തിന്‌ 110 കോടി വിനിയോഗിക്കും. റെയിൽ, റോഡ്‌ കണക്ടിവിറ്റിക്ക്‌ ഭൂമി ഏറ്റെടുക്കാൻ 203 കോടി ചെലവാകും. അന്താരാഷ്‌ട്ര തുറമുഖത്തിന്‌ നാല്‌ ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കാൻ 143 കോടി വേണം. വയബിലിറ്റി ഗ്യാപ്‌ ഫണ്ടായി 817 കോടിയും. റിസർവ്‌ ബാങ്ക്‌ നിശ്ചയിക്കുന്ന നിരക്കിലാകും വായ്‌പ. ആവശ്യാനുസരണം പിൻവലിക്കാവുന്ന തുകയ്‌ക്ക്‌ അതതുസമയത്തെ പലിശയേ ബാധകമാകൂ. 15 വർഷത്തിനുശേഷം വായ്‌പാമുതൽ തിരിച്ചടവ്‌ തുടങ്ങിയാൽ മതി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!