അടിമാലി താലൂക്ക് ആശുപത്രി: രോഗികൾ കൂടി; ജീവനക്കാർക്ക് ഇരട്ടിഭാരം

Spread the love

രോഗികളുടെ എണ്ണം കൂടിയിട്ടും ആനുപാതികമായി ജീവനക്കാരില്ലാത്തത് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കുന്നു. മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ രോഗികൾ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മുമ്പ് ദിനംപ്രതി 900-1000 രോഗികളെത്തിയിരുന്ന ഒ.പിയിലിപ്പോള്‍ 1600 മുതല്‍ 1800 വരെയായി ഉയർന്നു. എന്നാല്‍, ഇവരെ പരിശോധിക്കാനും പരിചരിക്കാനും മരുന്ന് നല്‍കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഉച്ചക്ക് ഒരുമണിവരെയാണ് ആശുപത്രിയിൽ ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. ഇതിനുശേഷം വരുന്ന രോഗികളെല്ലാം കാഷ്വൽറ്റിയിലെത്തി ഡോക്ടറെ കാണണം. രോഗികളുടെ എണ്ണംകൂടിയതോടെ ഉച്ചക്കുശേഷം കാഷ്വൽറ്റിയിൽ വലിയ തിരക്കാണ്. അപകടങ്ങളിൽപെടുന്നവരും മറ്റ് രോഗികളും കൂട്ടത്തോടെ എത്തുന്നതോടെ അത്യാഹിത വിഭാഗം ഏറെ പ്രതിസന്ധി നേരിടുന്നു.

ഒരാഴ്ചക്കുള്ളില്‍ ഒട്ടേറെത്തവണ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. അത്യാഹിതവിഭാഗത്തിൽ മിക്കപ്പോഴും ഒരു ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടാകുക. അത്യാസന്നനിലയിലെത്തുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടറോട് മറ്റു രോഗങ്ങളുമായെത്തുന്ന പലരും പരിശോധിക്കാന്‍ തിരക്കുകൂട്ടും. പ്രശ്‌നം പരിഹരിക്കാന്‍ സാധാരണ ഒ.പി വൈകീട്ട് അഞ്ചുവരെയാക്കുകയും അത്യാഹിത വിഭാഗത്തില്‍ കുറഞ്ഞത് നാല് ഡോക്ടർമാരെ നിയമിക്കുകയുമാണ് വേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവില്‍ നഴ്സുമാരടക്കം ജീവനക്കാര്‍ക്ക് ഇരട്ടി ജോലിഭാരമാണെന്നും ഇത് രോഗികൾ മനസ്സിലാക്കണമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. താലൂക്ക് ആശുപത്രിയിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണിപ്പോഴും ജീവനക്കാരുടെ എണ്ണം. ഇപ്പോള്‍ 66 കിടക്കകള്‍ക്കുള്ള സ്റ്റാഫ് പാറ്റേണാണുള്ളത്.

എന്നാല്‍, 120 രോഗികളെ കിടത്തിച്ചികിത്സിക്കുന്നു. ഇത് ജീവനക്കാരെ കുറച്ചൊന്നുമല്ല വലക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന താലൂക്കാണ് ദേവികുളം. ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിൽ ഉള്ളവരും ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!