കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം; കേരളത്തിന് ബമ്പറടിക്കുമോ?

Spread the love


Thank you for reading this post, don't forget to subscribe!

കൊല്ലം: ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കും. എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു. ഇതിനൊപ്പം കിണർ നിർമിക്കുന്നതിനും അതിനുശേഷമുള്ള ഇന്ധനപര്യവേക്ഷണത്തിനുമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ സേവനങ്ങളുടെ ടെണ്ടർ നടപടികളും അവസാനഘട്ടത്തിലാണ്.

പര്യവേക്ഷണ കിണർ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഓയിൽ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. 80 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റര്‍ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണര്‍ നിര്‍മ്മിക്കുന്നത്. കിണര്‍ നിർമിക്കുന്ന ചുമതല കരാർ കമ്പനിക്കായിരിക്കും. എന്നാൽ എല്ലാ നടപടികളും ഓയില്‍ ഇന്ത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും നടക്കുക.

ആറു മാസത്തിനുള്ളിൽ എണ്ണ പര്യവേക്ഷണം ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. അതിനുള്ളിൽ പര്യവേക്ഷണ കിണർ നിർമാണം പൂർത്തിയാക്കി. പര്യവേക്ഷണം ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയപരിധിക്കുള്ളിൽ തീർന്നില്ലെങ്കിൽ നാലു മാസം കൂടി പര്യവേക്ഷണം നീണ്ടുപോയേക്കാം.

ഇന്ധന പര്യവേക്ഷണത്തിനുള്ള സാമഗ്രികള്‍ കൊല്ലം പോര്‍ട്ടില്‍ സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡ്രില്ലിംഗ് പൈപ്പുകള്‍ സംഭരിക്കാന്‍ കൂറ്റന്‍ യാര്‍ഡ് സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കും. ആയിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പ്ലാന്‍റായിരിക്കും സ്ഥാപിക്കുക. പര്യവേക്ഷണ കപ്പലിനും അതിന് ചുറ്റും സുരക്ഷ തീര്‍ക്കുന്ന ചെറുകപ്പലുകള്‍ക്കോ ടഗുകള്‍ക്കോ ഇന്ധനം നിറയ്ക്കാന്‍ കൂറ്റന്‍ ടാങ്കും പോർട്ടിൽ സ്ഥാപിക്കും.

കൂടാതെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള താൽക്കാലിക ഓഫീസും കൊല്ലം പോർട്ടിൽ സജ്ജീകരിക്കും. ഇവിടെ ഉദ്യോഗസ്ഥർക്കും യോഗം ചേരാനുള്ള സൌകര്യവും കംപ്യൂട്ടർ, ഇന്‍റർനെറ്റ് സേവനങ്ങളും ലഭ്യമാക്കും. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സംവിധാനം നിലവിൽ വരും.

പര്യവേക്ഷണത്തിൽ ഇന്ധനസാന്നിദ്ധ്യം കണ്ടെത്താനായാൽ, അത് ഖനനം ചെയ്യുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ ആരംഭിക്കും. കൊല്ലം തീരത്ത് ഇന്ധനസാനിദ്ധ്യം കണ്ടെത്തിയാൽ, സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!