ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം: മുപ്പതാം വയസിൽ കാനായിയുടെ മത്സ്യകന്യകയ്ക്ക്‌ ലോക അംഗീകാരം

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> മുപ്പതുവർഷങ്ങൾക്കുശേഷം ലഭിച്ച ആഗോള അംഗീകാരത്തിന്റെ അത്ഭുതത്തിലാണ്‌ ശിൽപ്പി കാനായി കുഞ്ഞിരാമൻ. ശംഖുംമുഖത്ത്‌ കടലാഴം നോക്കി കിടക്കുന്ന കാനായിയുടെ സാഗരകന്യക ശിൽപ്പത്തിന്‌ ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപ്പമെന്ന ഗിന്നസ്‌  ലോകറെക്കോർഡാണ്‌ ലഭിച്ചത്‌. അപേക്ഷിക്കാതെ ലഭിച്ച അംഗീകാരമെന്ന പ്രത്യേകതയുമുണ്ട്‌ ഇതിന്‌.

‘നാളുകൾക്ക്‌ മുമ്പ്‌ ഒരു രാത്രിയിലാണ്‌ പരിചയമില്ലാത്ത നമ്പറിൽ നിന്ന്‌ ഫോൺ വന്നത്‌. ലണ്ടനിൽ നിന്നായിരുന്നു അത്‌. ഫോണിന്റെ മറുതലയ്ക്കൽ ഒരു സ്‌ത്രീയായിരുന്നു. അവർ പേര്‌ ചോദിച്ചു. ശംഖുംമുഖത്തെ മത്സ്യകന്യകയുടെ ശിൽപ്പം നിർമിച്ചത്‌ ഞാനല്ലെ എന്ന്‌ ചോദിച്ചു. മറുപടി പറഞ്ഞതോടെ ഒരു അഭിനന്ദനം. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപ്പമായി സാഗരകന്യകയെ തെരഞ്ഞെടുത്തുവെന്ന്‌ പിന്നാലെ അറിയിച്ചു. എനിക്ക്‌ അത്ഭുതമായിരുന്നു. 30 വർഷത്തിന്‌ ശേഷം എങ്ങനെ ഈ അംഗീകാരം ലഭിച്ചുവെന്ന്‌ അറിയില്ല. കൂടുതൽ സംസാരിക്കാൻ പറ്റാത്തതിനാൽ വിവരങ്ങൾ ചോദിച്ച്‌ മനസിലാക്കാനും കഴിഞ്ഞില്ല’- കാനായി പറയുന്നു.

മേൽവിലാസം അയച്ചുകൊടുത്ത്‌ മൂന്നാംദിനം സർട്ടിഫിക്കറ്റ്‌ വീട്ടിലെത്തി. കലയ്ക്കുവേണ്ടി ജീവിക്കുന്ന തനിക്ക്‌ ഈ നേട്ടം കൂടുതൽ ഊർജ്ജം നൽകുമെന്ന്‌ അദ്ദേഹം പറയുന്നു. “കടലിലെ മാലിന്യത്തിൽ നിന്ന്‌ രക്ഷതേടാൻ കരയിലെത്തിയ മത്സ്യകന്യകയ്ക്ക്‌ അവിടെയും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒരു ചിപ്പിക്കുള്ളിൽ ഭൂമിയെ സ്പർശിക്കാതെ ഇരിക്കാൻ അവൾ തീരുമാനിക്കുന്നു. കടലിന്‌ അഭിമുഖമായി സൂര്യോദയവും അസ്തമയവും കണ്ട്‌ തിരമാലകൾ നോക്കിയിരിക്കുന്ന സുന്ദരി’– ഇതായിരുന്നു കാനായിയുടെ ശിൽപ്പചാരുതയ്ക്ക്‌ പിന്നിലെ ആശയം.

87 അടി നീളവും 25 അടി ഉയരവുമാണ് ശിൽപ്പത്തിനുള്ളത്. 1990ൽ ആരംഭിച്ച് 1992ൽ നിർമാണം പൂർത്തിയായി. സംസ്ഥാന ടൂറിസം വകുപ്പാണ് കാനായിയെ ശിൽപ്പ നിർമ്മാണം ഏൽപ്പിച്ചത്. മത്സ്യകന്യകയ്ക്ക്‌ സമീപം ഹെലികോപ്‌റ്റർ സ്ഥാപിച്ചതിലെ പ്രതിഷേധവും അദ്ദേഹം മറച്ചുവച്ചില്ല. നിലവിൽ കാസർകോട്‌ ജില്ലാ പഞ്ചായത്തിന്‌ മുന്നിൽ എൻഡോസൾഫാൻ ദുരിതം വ്യക്തമാക്കുന്ന ശിൽപ്പനിർമാണത്തിലാണ്‌ അദ്ദേഹം.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!