മലപ്പുറം> കോഴിക്കോട് ഒളവണ്ണയിൽ ലോഡ്‌ജ് നടത്തുന്ന വ്യാപാരിയെ കൊന്ന് കഷ്‌ണങ്ങളാക്കി ട്രോളിബാഗിലാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (62) നെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചെർപ്പുളശേരി ചളവറ സ്വദേശികളായ ഷിബിലി (22), സുഹൃത്ത് ഫർഹാന (19), വല്ലപ്പുഴ സ്വദേശി ആഷിഖ് (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൃതദേഹം അട്ടപ്പാടി അഗളി ചുരം ഒമ്പതാം വളവിലെ കൊക്കയിൽനിന്ന് പൊലീസ് കണ്ടെടുത്തു.
സിദ്ദിഖിനെ മെയ്18 ന് ആണ് കാണാതായത്. ഉടൻ വരാമെന്ന് പറഞ്ഞ് 18ന് രാവിലെ വീട്ടിൽ നിന്നു പോയ സിദ്ദിഖിനെ ഭാര്യ ഫോണിൽ വിളിച്ചപ്പോൾ വടകരയിലാണെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞുവിളിച്ചപ്പോഴും ഫോൺ ഓഫായിരുന്നതിനാൽ 22 ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. തിരൂർ ഡിവൈഎസ്‌പി കെ എം ബിജു, ഇൻസ്‌പെക്ടർ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഫോൺ അവസാനമായി ഉപയോഗിച്ചത് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ഡി കാസ ഇൻ എന്ന ഹോട്ടലിലാണെന്ന സ്ഥിരീകരിച്ചു. 18 ന് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തതായും കണ്ടെത്തി. ഹോട്ടലിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. യുവതിയടക്കം മൂന്നുപേർ ഹോട്ടലിൽ എത്തിയതായാണ് ദൃശ്യങ്ങളിലുള്ളത്. തിരിച്ചുപോകുമ്പോൾ രണ്ടുപേർ മാത്രമായിരുന്നു. കൈയിൽ ട്രോളി ബാഗുകളും ഉണ്ടായിരുന്നു. തുടർന്ന് സിദ്ദിഖിന്റെ ഹോണ്ട കാർ പോയ വഴികളിലൂടെയുള്ള അന്വേഷണത്തിലാണ് പ്രതികൾ മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളിയതായി സ്ഥിരീകരിച്ചത്.
ഇതിനിടെ പാലക്കാടുനിന്ന് ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഷിബിലിയും ഫർഹാനയും ട്രെയിനിൽ രക്ഷപ്പെട്ടതായി മനസ്സിലാക്കിയ പൊലീസ് ചെന്നെയിൽനിന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവരെ രാത്രിയോടെ നാട്ടിലെത്തിച്ചു.പതിനെട്ടിനോ പത്തൊമ്പതിനോ ആയിരുന്നു കൊലപാതകമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധവി എസ് സുജിത്ത്‌ദാസ് പറഞ്ഞു. 19ന് പകൽ മൂന്നു കഴിഞ്ഞപ്പോൾ ട്രോളി ബാഗുകൾ സിദ്ദിഖിന്റെ കാറിൽ കയറ്റുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ട്രോളി ബാഗിലാക്കുകയായിരുന്നു. മൂന്നുപേരാണ് അറസ്‌റ്റിലായതെങ്കിലും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആഷിഖിൽനിന്നുള്ള വിവരം അനുസരിച്ചാണ് മൃതദേഹം അട്ടപ്പാടി അഗളി ചുരം ഒമ്പതാം വളവിലെ കൊക്കയിൽനിന്ന് വെള്ളിയാഴ്‌ച രാവിലെ പൊലീസ് മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനയാണ് കൊക്കയിലിറങ്ങി മൃതദേഹം മുകളിലേക്ക് എത്തിച്ചത്. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും എത്തിയിരുന്നു. മൃതദേഹത്തിലെ വസ്‌ത്രം കണ്ടാണ് കൊല്ലപ്പെട്ടത് സിദ്ദിഖ് ആണെന്ന് ഉറപ്പിച്ചത്. സ്ഥലത്തുവച്ചുതന്നെ ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തി. വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ