Tamil
oi-Rahimeen KB
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത നടനാണ് രഘുവരൻ. തന്റേ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്ത കൊണ്ടുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനശ്വര നടനാണ് അദ്ദേഹം. വില്ലനായും നായകനായും സഹനടനയുമെല്ലാം ശ്രദ്ധേയ വേഷങ്ങളിൽ രഘുവരൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വില്ലൻ വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. ബാഷയിലെ ആന്റണി മുതൽ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
ഇപ്പോഴിതാ, രഘുവരനെ കുറിച്ച് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. രഘുവരനെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് രംഗനാഥൻ. രജനീകാന്തിന് പകരം രഘുവരൻ നായകനായ സിനിമ 100 ദിവസം ഓടിയതും കമൽഹാസൻ ഒരിക്കൽ പോലും രഘുവരനൊപ്പം അഭിനയിക്കാത്തതിനെ കുറിച്ചുമൊക്കെയാണ് ബെയിൽവാൻ രംഗനാഥൻ സംസാരിക്കുന്നത്. നടന്റെ കരിയറിനെ ബാധിച്ച ദുശ്ശീലത്തെ കുറിച്ചും പറയുന്നുണ്ട്.
വി.സി ഗുഹനാഥൻ സംവിധാനം ചെയ്ത മൈക്കിൾ രാജ്, കൈ നാട്ടു എന്ന സിനിമകളിൽ രജനീകാന്തിന് പകരമാണ് രഘുവരൻ നായകനായതെന്നാണ് രംഗനാഥൻ പറയുന്നത്. 1987, 88 എന്നീ വർഷങ്ങളിലായി പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും 100 ദിവസം ഓടി വലിയ വിജയമായി മാറി. രജനീകാന്തിന്റെ കോൾ ഷീറ്റ് ലഭിക്കാതെ വന്നതോടെയാണ് സംവിധായകൻ രഘുവരനെ നായകനാക്കിയതെന്ന് രംഗനാഥൻ പറയുന്നു.
രജനീകാന്തിന്റെ ഇഷ്ട വില്ലൻ ആയിരുന്നു രഘുവരൻ. അതുകൊണ്ടാണ് നിരവധി സിനിമകളിൽ രജനീകാന്ത് അദ്ദേഹത്തെ വില്ലനാക്കിയതെന്നാണ് ബെയിൽവാൻ പറയുന്നത്. സിനിമയിലെ വില്ലൻ ശക്‌തനായാൽ നായകനും മാസ് കൂടും. രജനീകാന്ത് അത് മനസിലാക്കി. അങ്ങനെയാണ് ബാഷ ഉൾപ്പടെയുള്ള സിനിമകളിലേക്ക് രഘുവരനെ വില്ലനായി കാസ്റ്റ് ചെയ്തത്. വില്ലന്മാർക്ക് അധികം ആരാധകരുണ്ടാകില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് രഘുവരൻ അത്രയധികം സിനിമകളിൽ രജനീകാന്തിനൊപ്പം അഭിനയിച്ചതെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു.
എന്നാൽ രജനീകാന്തിനെ പോലെ ആയിരുന്നില്ല കമൽ ഹാസൻ. രജനീകാന്തിനെ പോലെ രഘുവരനും തനിക്കുമേൽ വളരുമെന്ന അസൂയ കാരണം ഒരു സിനിമയിൽ പോലും രഘുവരനൊപ്പം അഭിനയിക്കാൻ കമൽ ഹാസൻ തയ്യാറായില്ല. ഒരിക്കൽ പോലും തന്നെക്കാൾ കഴിവുള്ളവരുമായി കമൽ ഹാസൻ പ്രവർത്തിക്കാറില്ലെന്ന് രംഗനാഥൻ പറയുന്നു. അതേസമയം, രജനികാന്ത്, വിജയ്, അജിത്, ധനുഷ് തുടങ്ങിയ താരങ്ങളൊക്കെ രഘുവരനെ തങ്ങളുടെ സിനിമകളിൽ കൊണ്ടുവരാൻ മത്സരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
രഘുവരന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ച ഏക ദുശ്ശീലത്തെ കുറിച്ചും ബെയിൽവാൻ രംഗനാഥൻ സംസാരിക്കുന്നുണ്ട്. സിനിമയ്ക്കായി എന്തും ചെയ്യാൻ തയ്യാറായിരുന്നു രഘുവരൻ. എന്നാൽ ഒരൊറ്റ ദുശ്ശീലമാണ് നടനെ ഇല്ലാതാക്കിയത്. മദ്യപാനം മാത്രമായിരുന്നു ആ ദുശ്ശീലം. ഇതുമൂലം രഘുവരന് പല സിനിമകളിലും അഭിനയിക്കാൻ കഴിയാതെ വന്നു. ഒരു ഘട്ടത്തിൽ കുടിച്ചാൽ മാത്രമേ അഭിനയം വരൂ എന്ന അവസ്ഥയായി. കുടിക്കാതെ അഭിനയിക്കില്ലെന്ന് രഘുവരൻ തീരുമാനിച്ചിരുന്നുവെന്നും രംഗനാഥൻ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ രഘുവരന്റെ മുൻഭാര്യ രോഹിണി അടക്കം നടന്റെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ വിവാഹമോചനത്തിനും രഘുവരന്റെ മരണത്തിനുമെല്ലാം കാരണം മദ്യമാണെന്നാണ് രോഹിണി പറഞ്ഞത്. മദ്യപാനത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചെങ്കിലും താൻ തോറ്റ് പോയെന്നും രോഹിണി പറഞ്ഞിരുന്നു. 2008 ൽ അമിത മദ്യപാനം മൂലം അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് രഘുവരൻ മരിച്ചത്. ഏകദേശം 200 ലധികം സിനിമകളിൽ അഭിനയിച്ച നടന്റെ അകാല വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Bayilvan Ranganathan Opens Up The Only Bad habit Of Late Raghuvaran Goes Viral