ലണ്ടൻ
ഒരു സീസണിന്റെ ഇടവേളയ്ക്കുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മടങ്ങിയെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനം ഉറപ്പിച്ചതോടെയാണ് എറിക് ടെൻ ഹാഗും സംഘവും യോഗ്യത നേടിയത്. ചെൽസിയെ 4–-1ന് തകർത്തതോടെ മൂന്നാംസ്ഥാനത്തേക്കുയർന്നു. 37 കളിയിൽ 22 ജയമുൾപ്പെടെ 72 പോയിന്റായി. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, അഴ്സണൽ, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകളാണ് യുണൈറ്റഡിനുപുറമെ ഇംഗ്ലണ്ടിൽനിന്ന് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന മറ്റു ടീമുകൾ. ആറുതവണ ചാമ്പ്യൻമാരായ ലിവർപൂളിന് യോഗ്യത നേടാനായില്ല. യുർഗൻ ക്ലോപ്പും കൂട്ടരും അടുത്തവട്ടം യൂറോപ ലീഗ് കളിക്കും. ഏഴുവർഷത്തിനുശേഷം ആദ്യമായാണ് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് നഷ്ടമാകുന്നത്.
പ്രീമിയർ ലീഗിൽ ഒരു റൗണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ആദ്യ നാല് സ്ഥാനങ്ങൾ ഉറപ്പിച്ചത്. നാലാമതുള്ള ന്യൂകാസിൽ യുണൈറ്റഡിന് 70 പോയിന്റാണ്. ലിവർപൂൾ (66) അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടർത്തോൽവിയിൽ വലയുന്ന ചെൽസിക്കെതിരെ അച്ചടക്കമുള്ള പ്രകടനമായിരുന്നു യുണൈറ്റഡിന്റേത്. കാസെമിറോ, ആന്തണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ്, മാർകസ് റാഷ്ഫഡ് എന്നിവർ ലക്ഷ്യംകണ്ടു.
ജോയോ ഫെലിക്സാണ് കളിയവസാനം ചെൽസിക്ക് ആശ്വാസം നൽകിയത്. ഈ സീസണിൽ പരിശീലകനായെത്തിയ ടെൻ ഹാഗിനുകീഴിൽ സ്ഥിരതയാർന്ന പ്രകടനമാണ് യുണൈറ്റഡ് നടത്തിയത്. രണ്ടു കിരീടമാണ് ലക്ഷ്യം. ലീഗ് കപ്പ് ചാമ്പ്യൻമാരായി. എഫ്എ കപ്പിൽ ജൂൺ മൂന്നിന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. മധ്യനിരയിൽ റയൽ മാഡ്രിഡിൽനിന്നെത്തിയ കാസെമിറോയുടെ സാന്നിധ്യവും മുന്നേറ്റത്തിൽ റാഷ്ഫഡ് മിന്നിയതുമെല്ലാം യുണൈറ്റഡിന് മുതൽക്കൂട്ടായി. ലീഗിലെ അവസാന കളിയിൽ ഞായറാഴ്ച ഫുൾഹാമാണ് എതിരാളി. കഴിഞ്ഞ സീസണിൽ ആറാംസ്ഥാനത്തായിരുന്നു യുണൈറ്റഡ്. ഈ സീസൺ മധ്യഘട്ടത്തിലെത്തുമ്പോഴേക്കും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടുകയും ചെയ്തു.
ആന്തണിക്ക്
പരിക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആശങ്കയിലാഴ്ത്തി വിങ്ങർ ആന്തണിയുടെ പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിൽ 29–-ാംമിനിറ്റിലാണ് ബ്രസീലുകാരൻ വലതുകാൽമുട്ടിന് പരിക്കേറ്റ് കളംവിട്ടത്. ചെൽസി പ്രതിരോധക്കാരൻ ട്രെവോ ചലോബയുമയി കൂട്ടിയിടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്നാണ് സൂചനകൾ. കൂടുതൽ വിവരങ്ങൾ വിശദമായ പരിശോധനയ്ക്കുശേഷം അറിയിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള എഫ്എ കപ്പ് ഫൈനലിൽ ആന്തണി കളിച്ചേക്കില്ല.