5 മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാർ

Spread the loveThank you for reading this post, don't forget to subscribe!


തിരുവനന്തപുരം

സർക്കാർ ഓഫീസിലെ കൈക്കൂലിക്കാരെന്ന്‌ സംശയിക്കുന്ന 400 പേരുടെ പട്ടിക വിജിലൻസ്‌ തയ്യാറാക്കി. 800പേർ നിരീക്ഷണത്തിലാണ്. പരാതികളുടെയും വിജിലൻസിന്‌ ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ഇത്‌. നേരത്തേ ഓഫീസ്‌ തലവന്റെ റിപ്പോർട്ട്‌ ഉണ്ടെങ്കിലേ ഒരാളെ പട്ടികയിൽ ഉൾപ്പെടുത്താൻ ആകുമായിരുന്നുള്ളൂ. എന്നാൽ, ഈ നിബന്ധന നീക്കി എസ്‌ഒഎസ്‌ (സസ്പക്ട്‌ ഓഫീസർ ഷീറ്റ്‌) സംവിധാനം ഏർപ്പെടുത്തിയതോടെ നാട്ടുകാർ വിവരം നൽകിയാലും ഇതു സാധിക്കും. എന്നാൽ, സംശയമുള്ള ഉദ്യോഗസ്ഥനെ പിന്തുടർന്ന്‌ പരിശോധിച്ച്‌ തെളിവ്‌ ശേഖരിച്ചേ പട്ടികയിൽ ചേർക്കൂ. നേരിട്ടല്ലാതെ പാരിതോഷികം വാങ്ങിയാലും അഴിമതിയുടെ നിർവചനത്തിൽവരും. ഇതിന്‌ കൂട്ടുനിൽക്കുന്ന ഏജന്റടക്കം അകത്താകും. അധികാരമേറ്റ്‌ ആദ്യ ഉദ്യോഗസ്ഥ യോഗത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാർക്കെതിരായ ശക്തമായ മുന്നറിയിപ്പുനൽകിയിരുന്നു. 2018 മുതൽ ഇതുവരെ 157 ട്രാപ്പുകളിൽ 181 പ്രതികളെ പിടികൂടി. റവന്യു, തദ്ദേശ വകുപ്പുകളിലാണ്‌ കൂടുതൽ. ഈവർഷം 23 ട്രാപ്പുകളിൽനിന്ന്‌ 26 പേരെ അറസ്റ്റുചെയ്തു.

നാട്ടുകാർക്കും അറിയിക്കാം

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയോ ആരെയെങ്കിലും സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാം. ടോൾ ഫ്രീ നമ്പരിൽ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിളിക്കാം.

കൈക്കൂലി കേസ്‌: പ്രത്യേക 
റവന്യു സംഘം അന്വേഷിക്കും

വില്ലേജ്‌ ഫീൽഡ്‌ അസിസ്റ്റന്റിന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ട വിഷയം റവന്യു ജോയിന്റ്‌ സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ നൽകാൻ റവന്യുമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഓഫീസുകൾ അഴിമതിമുക്തമാക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. റവന്യുവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും പൊലീസ്‌ വിജിലൻസിന്റെ ഫോൺ നമ്പർ കൂടാതെ റവന്യു വിജിലൻസ്‌ വിഭാഗത്തിന്റെ നമ്പർകൂടി പ്രദർശിപ്പിക്കണം.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!