കേന്ദ്രശ്രമം കേരളത്തിലെ റബർ കർഷകരെ 
ഉന്മൂലനം ചെയ്യാൻ : അശോക്‌ ധാവ്‌ളെ

Spread the love


Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

റബർ കൃഷി മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്‌ കേന്ദ്രീകരിച്ച്‌ കേരളത്തിലെ കർഷകരെ ഉന്മൂലനം ചെയ്യാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന്‌ അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്ളെ. 300 രൂപ താങ്ങുവില പ്രഖ്യാപിച്ച്‌ റബർ സംഭരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച്‌  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2011ൽ റബറിന്‌ കിലോയ്‌ക്ക്‌ 216 രൂപയായിരുന്നു വില. ആ തുകയിൽ 11 കിലോ അരി അന്ന്‌ വാങ്ങാമായിരുന്നു. എന്നാൽ, ഇന്ന്‌ കിലോയ്ക്ക്‌ 146 രൂപമാത്രം. ഇതുകൊണ്ട്‌ വാങ്ങാനാകുക വെറും രണ്ടര കിലോ അരി. റബർ കർഷകരെ ഈ സാഹചര്യത്തിലേക്ക്‌ തള്ളിവിട്ടത്‌ മോദി സർക്കാരാണ്‌. 2014ൽ അധികാരത്തിൽ എത്തിയപ്പോൾ ഉൽപ്പാദനച്ചെലവിന്റെ ഒന്നര മടങ്ങ്‌ താങ്ങുവില നൽകുമെന്നായിരുന്നു ബിജെപി വാഗ്ദാനം. ഒമ്പതു വർഷം പിന്നിടുമ്പോൾ ആർക്കും ഈ തുക ലഭിച്ചിട്ടില്ല. സിയെറ്റ്‌, എംആർഎഫ്‌, ബിർള ടയേഴ്‌സ്‌ പോലെയുള്ള കുത്തക ടയർ കമ്പനികൾക്കും മുതലാളിമാർക്കും സഹായമാകുന്ന റബർ ബിൽ ബിജെപി അവതരിപ്പിച്ചത്‌ കഴിഞ്ഞ വർഷമാണ്‌. അന്ന്‌ എഐകെഎസ്‌ അടങ്ങുന്ന കർഷക സംഘടനകളും കർഷകരും ഒന്നാകെ അതിനെ എതിർത്തതിനാൽ നിയമമായില്ല. റബറിന്‌ 300 രൂപ നൽകിയാൽ കേരളത്തിൽ രണ്ടു ബിജെപി എംപിമാരെ നൽകാമെന്നാണ്‌ കേരളത്തിലൊരു പുരോഹിതൻ പ്രഖ്യാപിച്ചത്‌. കേരളത്തിൽ ബിജെപിക്ക്‌ എംപിമാർ പോയിട്ട്‌ എംഎൽഎമാർപോലും ഉണ്ടാകില്ല.

രാജ്യം സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടപ്പോൾ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ പിന്തുണയ്‌ക്കുകയായിരുന്നു. റബർ കർഷകരുടെ ദുരിതത്തിൽ ഒന്നാംപ്രതി ബിജെപിയാണെങ്കിൽ രണ്ടാംപ്രതി കോൺഗ്രസാണ്‌. അന്ന്‌ 30 ലക്ഷം പേരെ അണിനിരത്തി മനുഷ്യച്ചങ്ങല തീർത്താണ്‌ എൽഡിഎഫ്‌ പ്രതിരോധിച്ചത്‌. രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവത്തിന്റെയും  ഭരണഘടനയുടെയും സാമ്പത്തിക ഭദ്രതയുടെയും ഘാതകരായ നരേന്ദ്ര മോദിയെയും അമിത്‌ ഷായെയും അധികാരത്തിൽനിന്ന്‌ പുറത്താക്കേണ്ടത്‌ നാടിന്റെ അത്യാവശ്യമാണ്‌. അതിനായി ഒന്നിച്ച്‌ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താക്കീതായി രാജ്‌ഭവൻ മാർച്ച്‌

കർഷകനെ കൈവിട്ട്‌ വൻകിട റബർക്കമ്പനികൾക്ക്‌ ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ റബർ കർഷകരുടെ ഉജ്വല പ്രതിഷേധം. 300 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന രാപകൽ സമരത്തിന്‌ സമാപനം കുറിച്ചാണ്‌ രാജ്‌ഭവൻ മാർച്ച്‌ സംഘടിപ്പിച്ചത്‌. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെയുള്ള കേരളത്തിന്റെ താക്കീതായി മാർച്ച്‌.

രാജ്‌ഭവനു മുന്നിൽ വ്യാഴാഴ്‌ച ആരംഭിച്ച രാപകൽ സമരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 1000 കർഷകരാണ്‌ പങ്കെടുത്തത്‌. മാർച്ചിൽ കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിൽനിന്നായി പതിനായിരത്തിലേറെ പേർ പങ്കാളിയായി. കർഷകരുടെ ഈ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാൻ ഗവർണർ തയ്യാറാകണമെന്ന്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌ത അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്ളെ പറഞ്ഞു.  ആശാൻ സ്‌ക്വയറിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ രാജ്‌ഭവനിലെ സമരപ്പന്തലിനു മുന്നിൽ സമാപിച്ചു. ഇടയ്‌ക്ക്‌ പെയ്‌ത മഴയ്‌ക്കും കർഷകരുടെ സമരാവേശത്തെ തണുപ്പിക്കാനായില്ല. റബറിനെ കാർഷികവിളയായി അംഗീകരിക്കുക, റബർ ബോർഡ് ഓഫീസ് കേരളത്തിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. വിവിധ വർഗ ബഹുജന സംഘടനകൾ രാപകൽ സമരത്തിന്‌ ഐക്യദാർഢ്യവുമായി എത്തി. സമാപന യോഗത്തിൽ കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി. കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, അഖിലേന്ത്യ വൈസ്‌ പ്രസിഡന്റുമാരായ ഇ പി ജയരാജൻ, എസ്‌ കെ പ്രീജ, സെൻട്രൽ കിസാൻ കൗൺസിൽ അംഗം എം സ്വരാജ്‌, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കോലിയക്കോട്‌ കൃഷ്‌ണൻ നായർ, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, എം എം മണി, ഗോപി കോട്ടമുറിക്കൽ, കെ സി വിക്രമൻ, വി എസ് പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!