മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ 
വീടും ആക്രമിച്ചു ; അമിത്‌ ഷാ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി

മെയ്‌ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിൽ വൻ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ വീടും ആക്രമിക്കപ്പെട്ടു. വ്യാഴം രാത്രി ഇംഫാലിലെ കോങ്‌ബയിലുള്ള കേന്ദ്ര വിദേശസഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്റെ വസതി ആക്രമിച്ച ജനക്കൂട്ടം തീവയ്‌ക്കാനും ശ്രമം നടത്തി. മന്ത്രിയും കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇറിൽബംഗ് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള വസതിയിലേക്ക്‌ രാത്രി എട്ടോടെ ജനക്കൂട്ടം ഇരച്ചുകയറി. മണിപ്പുർ വനംമന്ത്രി ബിശ്വജിത് സിങ്ങിന്റെ തോങ്‌ജു കിറ്റ്‌ന പനുങ്ങിലുള്ള വസതി വ്യാഴാഴ്‌ച ആക്രമിക്കപ്പെട്ടിരുന്നു. ബുധനാഴ്‌ച പൊതുമരാമത്ത്‌ മന്ത്രി കോന്തൗജം ഗോവിന്ദാസിന്റെ ബിഷ്ണുപുരിലെ വസതിയും തകർത്തു. കലാപം  തടയുന്നതിൽ സർക്കാർ പരാജയമാണെന്ന്‌ ചൂണ്ടിക്കാട്ടിയായാണ് ജനകീയരോഷമുയര്‍ന്നത്.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ കടങ്ബന്ദ് മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെന്നും സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും പൊലീസ്‌ അറിയിച്ചു. കിഴക്ക്‌ -പടിഞ്ഞാറ്‌ മണിപ്പുരിൽ രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെ കർഫ്യൂ ഇളവ്‌ നൽകി. വെള്ളി വൈകിട്ട്‌ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി എൻ ബീരേൻസിങ്‌ ജനപ്രതിനിധികൾ അടക്കം ആരെയും ലക്ഷ്യംവച്ച്‌ ആക്രമിക്കരുതെന്ന്‌ അഭ്യർഥിച്ചു. സായുധ സേനകളിൽനിന്ന്‌ തട്ടിയെടുത്ത ആയുധങ്ങൾ ഉടൻ തിരിച്ചേൽപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു. മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പൊലീസിന്റെ ആയുധപ്പുരയിൽനിന്ന് 1041 തോക്കും 7460  വെടിയുണ്ടയും കൊള്ളയടിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷാ തിങ്കളാഴ്‌ച  മണിപ്പുരിലെത്തും.

തോക്ക് അപേക്ഷകര്‍ ഏറി

കലാപം തുടരുന്ന മണിപ്പുരില്‍ തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണമേറിയെന്ന് റിപ്പോര്‍ട്ട്. ​ മാസത്തിൽ ശരാശരി  അമ്പതില്‍ താഴെ അപേക്ഷ ലഭിക്കുന്ന ഓഫീസില്‍ ഈ മാസം മുന്നൂറെങ്കിലും ലഭിച്ചെന്ന് ഇംഫാൽ വെസ്റ്റിലെ ഡെപ്യൂട്ടി കമീഷണർ കിരൺകുമാർ പറഞ്ഞു.  കലാപമുണ്ടായശേഷം പുതിയ തോക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!