വായ്പ പരിധി വെട്ടിക്കുറച്ചു ; 15,390 കോടിക്കുമാത്രം അനുമതി

Spread the loveThank you for reading this post, don't forget to subscribe!


തിരുവനന്തപുരം

കേരളത്തിന്‌ അർഹമായ വായ്‌പയിലും കടുംവെട്ടുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞവർഷം വെട്ടിക്കുറച്ചതിനു പുറമെയാണിത്‌. വർഷം സംസ്ഥാനത്തിന്‌ കടമെടുക്കാവുന്ന പരിധിയിൽനിന്ന്‌ 54 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌. വ്യവസ്ഥ പ്രകാരം 33,420 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന്‌ അവകാശമുണ്ട്‌. ഇതിൽ 15,390 കോടി രൂപ എടുത്താൽ മതിയെന്ന്‌ വ്യക്തമാക്കി വെള്ളിയാഴ്‌ച ഉത്തരവിറങ്ങി. കേന്ദ്രത്തിന്റെ പകപോക്കൽ സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെ മാത്രമല്ല, വാർഷിക പദ്ധതിയെയും തകർക്കും. കഴിഞ്ഞവർഷം 32,437 കോടി രൂപയുടെ അർഹതയുണ്ടായിട്ടും 23,000 കോടിയാണ്‌ അനുവദിച്ചത്‌. ഇത്‌ വർധിപ്പിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ്‌ ഇരട്ടിപ്രഹരം.

റവന്യു കമ്മി ഗ്രാന്റിലെ 8425 കോടി രൂപ കുറവിനു പുറമെയാണിത്‌. സംസ്ഥാന പദ്ധതി അടങ്കൽ 22,122 കോടി രൂപയാണ്‌. തദ്ദേശ  സ്ഥാപനങ്ങളുടെ പദ്ധതി അടങ്കൽ 8258 കോടിയും. കേന്ദ്ര വിഹിതവും ചേർത്ത്‌ മൊത്തം 38,629 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഇത്തവണ മാർച്ചിൽത്തന്നെ പൂർണ ബജറ്റ്‌ പാസാക്കി. ഏപ്രിൽ ഒന്നുമുതൽ പദ്ധതി പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു. ഇതെല്ലാം അവതാളത്തിലാക്കുന്നതാണ്‌ കേന്ദ്ര തീരുമാനം. ക്ഷേമാനുകൂല്യങ്ങളെല്ലാം തടസ്സപ്പെടും. സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണത്തെയും ബാധിക്കും. നിലവിൽ കുടിശ്ശിക വിതരണത്തിനുതന്നെ 2700 കോടി രൂപ വേണം. നെല്ല്‌ സംഭരണ കുടിശ്ശിക 870 കോടിയുണ്ട്‌. പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്കടക്കം അധ്യയന വർഷാരംഭത്തിൽത്തന്നെ ഇ–- ഗ്രാന്റ്‌സ്‌ നൽകാൻ 250 കോടി രൂപവേണം. ഇത്തരം അടിയന്തര ആവശ്യങ്ങളെ എല്ലാം ഇത്‌ ബാധിക്കും.

നിയമപരമായി നേരിടും

സംസ്ഥാനത്തിന്റെ വായ്‌പാവകാശം വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ രാഷ്‌ട്രീയ പകപോക്കലിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുന്നത്‌ കേരള ജനതയാണ്‌. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. സർക്കാർ രാഷ്‌ട്രീയമായും നിയമപരമായും പോംവഴികൾ തേടുമെന്നും ധനമന്ത്രി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.

കഴിഞ്ഞവർഷം സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ മൂന്നര ശതമാനം വായ്‌പ നിശ്ചയിച്ചു. ഈവർഷം അത്‌ മൂന്നു ശതമാനമാക്കി. എന്നിട്ടാണ്‌ വായ്‌പാനുമതിയിൽ വൻ വെട്ടിക്കുറവ്‌ വരുത്തിയത്‌. കഴിഞ്ഞവർഷം ആദ്യ ഒമ്പത്‌ മാസത്തേക്ക്‌ 17,000 കോടി രൂപ അനുവദിക്കാൻ തയ്യാറായി. ഈ വർഷം ആദ്യ ഒമ്പതു മാസത്തേക്ക്‌ 22,000 കോടി രൂപയുടെ അനുമതി പ്രതീക്ഷിച്ചു. എന്നാൽ, വാർഷിക വായ്‌പാനുമതി 15,390 കോടിയിൽ ഒതുക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ബജറ്റ്‌ പ്രതീക്ഷകളെയെല്ലാം തകർക്കുന്ന സമീപനമാണിത്‌. ധന ഉത്തരവാദിത്ത നിയമം അനുവദിച്ചിട്ടുള്ള തുകയുടെ പകുതി മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഇത്‌ ജനങ്ങളെയാകെ കഷ്ടത്തിലാക്കും.

ഇതിനൊപ്പം റവന്യുകമ്മി ഗ്രാന്റിലും 10,000 കോടിയോളം രൂപയുടെ കുറവുണ്ടാകും.  മറ്റൊരു സംസ്ഥാനത്തോടും കാട്ടാത്ത അങ്ങേയറ്റം വിവേചനപരമായ സമീപനമാണിത്‌. അങ്ങേയറ്റം ദുഃഖകരമായ ഈ അവഗണനയ്‌ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരണമെന്നും ധനമന്ത്രി പറഞ്ഞു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!