ഒത്തുതീർപ്പാക്കിയ പീഡനക്കേസ്‌ റദ്ദാക്കുന്നതിൽ 
പൊതുമാനദണ്ഡം ഉണ്ടാക്കാനാകില്ല : ഹൈക്കോടതി

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികപീഡനക്കേസുകളിൽ അതിജീവിതയും പ്രതിയും തമ്മിൽ കോടതിക്ക്‌ പുറത്തുണ്ടാക്കുന്ന ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കേസുകൾ റദ്ദാക്കുന്നതിൽ പൊതുമാനദണ്ഡം ഉണ്ടാക്കാനാകില്ലെന്ന്‌ ഹൈക്കോടതി. ഓരോ കേസും വ്യത്യസ്‌ത സ്വഭാവത്തിലുള്ളതായതിനാൽ വസ്‌തുതകളെ അടിസ്ഥാനമാക്കിയേ തീരുമാനമെടുക്കാനാകൂ. അതിജീവിതയുടെ ക്ഷേമവും പരിഗണിക്കേണ്ടതുണ്ട്‌. ഒത്തുതീർപ്പിലെത്തിയ പോക്‌സോ അടക്കമുള്ള കേസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ഉത്തരവ്‌. 

ലൈംഗികപീഡനക്കേസുകൾ സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും അതിനാൽ  കേസുകൾ റദ്ദാക്കാനാകില്ലെന്നുമുള്ള വിവിധ കോടതിവിധികൾ നിലവിലുണ്ട്‌. ഒത്തുതീർപ്പായ കേസുകളിലെ തുടർനടപടി റദ്ദാക്കാൻ ഹൈക്കോടതിക്ക്‌ അധികാരമുണ്ടെന്നാണ്‌ ഹർജിക്കാരുടെ വാദം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നത്‌ ഇരയോടുള്ള അനീതിയാണെന്നും ബലാത്സംഗത്തെ നിയമവിധേയമാക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസുകൾ റദ്ദാക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവം, വ്യാപ്‌തി, അനന്തരഫലങ്ങൾ,  ഒത്തുതീർപ്പിലെത്തിയ സാഹചര്യം തുടങ്ങി എല്ലാ വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കണമെന്ന്‌ കോടതി വ്യക്തമാക്കി. ഗുരുതരസ്വഭാവമുള്ള ലൈംഗികകുറ്റകൃത്യങ്ങൾ ഇത്തരം പരിഗണനകളിൽ ഉൾപ്പെടുത്തേണ്ടതില്ല. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമങ്ങളിൽ ഹൈക്കോടതി സാധാരണഗതിയിൽ ഇടപെടാറില്ല. എന്നാൽ, ഒത്തുതീർപ്പായ കേസിൽ അസാധാരണമായ സാഹചര്യങ്ങളിൽ അസാധാരണമായ അധികാരം പ്രയോഗിക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!