Arikomban| അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

Spread the love


Thank you for reading this post, don't forget to subscribe!

കോട്ടയം: അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തമിഴ്നാട്ടിലെ കമ്പം ടൗണിൽ ആരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറ‍ഞ്ഞു.

വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read- Arikomban| അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ കമ്പം ടൗണില്‍; ഓടിക്കാൻ ശ്രമിക്കുന്നതിനിടെ 3 പേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിന് പുറകിൽ വരെ അരിക്കൊമ്പൻ എത്തി. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ബഹളം വയ്ക്കുമ്പോൾ അരിക്കൊമ്പൻ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇതിൽ ഒരാള‍ുടെ നില ഗുരുതരമാണ്.

ഓട്ടോറിക്ഷകളും അരിക്കൊമ്പൻ തകര്‍ത്തു. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല.

കഴിഞ്ഞദിവസം വരെ ചിന്നക്കനാൽ മേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്നതായാണ് വ്യക്തമായിരുന്നത്. കൃഷി സ്ഥലങ്ങൾ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്നാട്, കേരള വനംവകുപ്പ് അധികൃതർ ആനയെ നിരീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് അരിക്കൊമ്പൻ കടന്നിരുന്നു. ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു.

Published by:Rajesh V

First published:



Source link

Facebook Comments Box
error: Content is protected !!