പെട്രോള്‍ കാറുകള്‍ക്ക് ‘മരണമണി’? ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ഇപ്പോൾ ഒരു ഇവി

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Aneesh Rahman

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോണ്‍ മസ്‌ക് ഒരു പ്രവചനം നടത്തിയത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ മോഡല്‍ Y ഇലക്ട്രിക് എസ്‌യുവി ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനമായി മാറുമെന്നായിരുന്നു മസ്‌കിന്റെ പ്രവചനം.

നിക്ഷേപകരുടെ ഒരു വാര്‍ഷിക യോഗത്തിനിടെയായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം. താങ്ങാവുന്ന വിലയിലുള്ള ഒരു ഇലക്ട്രിക് കാര്‍ അല്ല മോഡല്‍ Y എന്നതിനാല്‍ തന്നെ മസ്‌കിന്റെ ഈ പ്രഖ്യാപനം നടക്കില്ലെന്ന് പലരും വിധി എഴുതി. എന്നാല്‍ പ്രവചനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്നത് ശീലമാക്കിയവരാണല്ലോ ടെസ്‌ലയും മസ്‌കും. ഇപ്പോള്‍ 2023-ന്റെ ആദ്യ പാദത്തില്‍ മോഡല്‍ Y വില്‍പ്പന ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.

ലോകത്ത് ഓട്ടോമൊബൈല്‍ വ്യവസായം ഫോസില്‍ ഇന്ധന വാഹനങ്ങളെ വിട്ട് പ്യുവര്‍ ഇലക്ട്രിക് വാഹനങ്ങളെ പുല്‍കുകയാണെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടെസ്‌ല മോഡല്‍ Y ഇവിയുടെ നേട്ടം. ഇതാദ്യമായാണ് ഒരു ഇലക്ട്രിക് വാഹനം ICE വാഹനത്തെ മറികടന്ന് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നത് എന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള 53 വിപണികളില്‍ JATO ശേഖരിച്ച ഡാറ്റ അനുസരിച്ച് 2023-ന്റെ ആദ്യ പാദത്തില്‍ ടെസ്ല മോഡല്‍ Y വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി.

ടൊയോട്ട കൊറോളയെ പിന്തള്ളിയാണ് ടെസ്ല മോഡല്‍ Y ലോക ഒന്നാം നമ്പര്‍ കാറായി മാറിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓള്‍ ഇലക്ട്രിക് കാറാണ് ടെസ്‌ല മോഡല്‍ Y. ടെസ്ലയുടെ മോഡല്‍ നിര പരിശോധിക്കുമ്പോള്‍ ടോപ്പ്-സ്‌പെക്ക് മോഡല്‍ X നെ അപേക്ഷിച്ച് മോഡല്‍ Y ചെറുതും താങ്ങാനാവുന്നതുമായ ക്രോസ്ഓവറാണ്.

2023-ലെ ഒന്നാം പാദത്തില്‍, ടെസ്ല മോഡല്‍ Y മറ്റ് ജനപ്രിയ മോഡലുകളായ ടൊയോട്ട കൊറോള, ടൊയോട്ട RAV4 എന്നിവയെ മറികടന്ന് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന സ്ഥാനം ഉറപ്പിച്ചു. ഇക്കാലയളവില്‍ ആഗോളതലത്തില്‍ മോഡല്‍ Y-യുടെ 267,200 യൂണിറ്റുകളാണ് ടെസ്ല വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 69 ശതമാനമാണ് വര്‍ധനവ്.

ഇലക്ട്രിക് കാറുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ചൈനയില്‍ നിന്നാണ് ടെസ്‌ല ഏറ്റവും ഉയര്‍ന്ന വില്‍പ്പന വാരിക്കൂട്ടിയത്. സ്വന്തം തട്ടകമായ അമേരിക്കയില്‍ നിന്നുള്ളതിനേക്കാള്‍ വില്‍പ്പനയാണ് ടെസ്‌ലക്കിപ്പോള്‍ ചൈനയില്‍ നിന്ന് ലഭിക്കുന്നത്. ചൈനീസ് കമ്പനികളില്‍ നിന്ന് വെല്ലുവിളികള്‍ ഉയര്‍ന്നതോടെ ടെസ്‌ല കാറുകള്‍ക്ക് വില കുറച്ചിരുന്നു. ഇത് വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു.

ടെസ്ല മോഡല്‍ Y ഇവിയില്‍ നിന്ന് വ്യത്യസ്തമായി, ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായ കൊറോള സെഡാന്‍, സ്റ്റേഷന്‍ വാഗണ്‍, ഹാച്ച്ബാക്ക് എന്നിവയുള്‍പ്പെടെ ഒന്നിലധികം ബോഡി സ്‌റ്റൈലില്‍ വില്‍ക്കപ്പെടുന്നുണ്ട്. 2023 ആദ്യപാദത്തില്‍ ലോകത്താകമാനം ടൊയോട്ട കൊറോളയുടെ 256,400 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. ചൈനയില്‍ 29 ശതമാനവും യുഎസ്എയില്‍ 10 ശതമാനവും വില്‍പ്പന ഇടിവ് രേഖപ്പെടുത്തി.

2018 മാര്‍ച്ചിലാണ് ടൊയോട്ട കൊറോളയുടെ നിലവിലെ തലമുറ പതിപ്പ് പുറത്തിറങ്ങിയത്. 2019 മാര്‍ച്ചിലായിരുന്നു ടെസ്ല മോഡല്‍ Y വിപണിയില്‍ എത്തിയത്. ഈ രണ്ട് മോഡലുകളും ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നില്ല. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ടൊയോട്ടയുടെ ആധിപത്യമാണ്.

കൊറോളയ്ക്ക് പുറമേ, ഹൈലക്‌സ്, RAV4, കാമ്രി എന്നീ മോഡലുകളാണ് ടോപ് 5 പട്ടികയിലുള്ളത്. ഇവയില്‍ ഹൈലക്‌സും കാമ്രിയും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. അതേസമയം RAV4 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വന്‍ വിലയായതിനാല്‍ എന്നാണ് ഇന്ത്യയില്‍ ഔദ്യോഗികമായി വിപണിയിലെത്തുകയെന്ന കാര്യത്തില്‍ ഉറപ്പില്ല.

അതേസമയം ഇന്ത്യന്‍ കാര്‍ വിപണിയില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ടെസ്‌ല ഉപേക്ഷിച്ചിട്ടില്ലെന്നാണ് അടുത്ത കാലത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എവിടെ ഫാക്ടറി സ്ഥാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന് ടെസ്‌ല അറിയിച്ചിരുന്നു. ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കും എസ്‌യുവികള്‍ക്കുമുള്ള സ്വീകാര്യത വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മോഡല്‍ Y ഇന്ത്യയിലെത്തിക്കുന്നത് ടെസ്‌ലക്ക് ഗുണകരമാകും.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Tesla model y becomes worlds best selling car beating toyota corolla

Story first published: Saturday, May 27, 2023, 11:00 [IST]





Source link

Facebook Comments Box
error: Content is protected !!