തിരുവനന്തപുരം> കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് നേരത്തേ കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ ചിലരുടെ സൗകര്യത്തിന് മാറ്റിമറിക്കുന്നതായി ആക്ഷേപം. ഗ്രൂപ്പ് വീതംവയ്പ് അവസാനിപ്പിക്കുമെന്ന് പറയുന്നവർതന്നെ സ്വന്തം ഗ്രൂപ്പുകളുണ്ടാക്കാനായി നേരത്തേ നിശ്ചയിച്ച നിബന്ധനകൾ കാറ്റിൽ പറത്തുകയാണ്. തീരുമാനമായ പല ബ്ലോക്കുകളിലും പ്രാദേശികമായി താൽപ്പര്യപ്പെടുന്നവരല്ല പ്രസിഡന്റുമാരെന്നും ഡിസിസി തലത്തിൽ ആക്ഷേപം ഉയർന്നു കഴിഞ്ഞു.
അഞ്ചുവർഷം പൂർത്തിയായവരെ പരിഗണിക്കില്ല, മൂന്നുവർഷം കഴിഞ്ഞവരുടെ കഴിവ് നോക്കി രണ്ടുവർഷംകൂടി നൽകും, 138 ചലഞ്ചിൽ സഹകരിക്കാത്തവരെ മാറ്റിനിർത്തും, 50 വയസ്സ് തികയാത്തവർക്ക് മുൻഗണന, ഒരു നിയോജക മണ്ഡലത്തിൽ ഒരു മണ്ഡലം അധ്യക്ഷ വനിത തുടങ്ങി മാനദണ്ഡങ്ങൾ പലയിടത്തും ഗ്രൂപ്പ് താൽപ്പര്യങ്ങൾ പരിഗണിച്ച് അട്ടിമറിച്ചുവെന്നും നേതാക്കൾ പറയുന്നു. പട്ടിക പ്രഖ്യാപിച്ചാൽ പല ബ്ലോക്കുകളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും അവഗണന അംഗീകരിക്കില്ലെന്നുമാണ് മുന്നറിയിപ്പ്.
അതേസമയം, കെപിസിസി ഉപസമിതി തൃശൂരിൽ ചേർന്ന യോഗങ്ങളിൽ 180 ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും ബാക്കി ചൊവ്വാഴ്‌ച എറണാകുളത്ത് ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്നും പറയുന്നു. തീരുമാനമായ പട്ടിക കെപിസിസി അധ്യക്ഷന് കൈമാറും. 285 ബ്ലോക്ക് അധ്യക്ഷരെയും മണ്ഡലം പ്രസിഡന്റുമാരെയും 31നു പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിട്ടുള്ളത്. എറണാകുളത്ത് കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി നേതാക്കൾ യോഗം ചേർന്ന് അന്തിമപട്ടിക തയ്യാറാക്കും. പ്രഖ്യാപനം വരുന്നതോടെ പല ജില്ലകളിലും എതിർപ്പുകളുണ്ടാകുമെന്നും അത്തരക്കാരെ ഡിസിസികളിൽ പരിഗണിക്കാനുമാണ് ധാരണ. നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മുറുകെ പിടിച്ചാൽ എല്ലാ ഗ്രൂപ്പുകളെയും പരിഗണിക്കാൻ കഴിയാത്ത സ്ഥിതിവരുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ