മുഖ്യമന്ത്രിക്കും സി.പി.എമ്മിനും 51 വെട്ട് വെട്ടി കൊന്നിട്ടും തീരാത്ത പകയാണ്: വി.ഡി സതീശൻ

Spread the love

Special Correspondent


വിധവയാകുന്നത് വിധിയാണെന്ന് സി.പി.എം വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സതി അനുഷ്ഠിക്കണമെന്നും നിങ്ങള്‍ പറയുമോ? കാപാലികരില്‍ നിന്നും കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കും


എം.എം മണിയുടെ ഭാഷ പുലയാട്ട് ഭാഷയാണെന്നാണ് സി.പി.ഐ ഇടുക്കി ജില്ലാ സ്രെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞത്. മണി ഇതിന് മുന്‍പും സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മണിയുടെ പ്രസ്താവനയ്ക്ക് കുടപിടിച്ചുകൊടുത്ത മുഖ്യമന്ത്രിയുടെ സമീപനം അദ്ഭുതപ്പെടുത്തുന്നതാണ്. പിണറായിയുടെ അറിവോടെയാണ് മണി ഇത്തരത്തിലുള്ള അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുന്നത്. ഒരു സ്ത്രീ വിധവ ആകുന്നത് വിധിയാണെന്ന് സി.പി.എം വിശ്വസിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീ സതി അനുഷ്ഠിക്കണമെന്നും നിങ്ങള്‍ പറയും. ഇത്രയും പിന്തിരിപ്പന്‍ ആശയം തലയിലേറ്റി നടക്കുന്നവരാണോ കേരളത്തിലെ സി.പി.എം നേതൃത്വം. ഇത്രയും പിന്തിരിപ്പന്‍ ആശയങ്ങളുമായാണ് നടക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു പുരോഗമന പാര്‍ട്ടിയാണെന്ന് ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കില്ല.
കോണ്‍ഗ്രസ് എം.എല്‍.എയായ എം. വിന്‍സെന്റ് നിയമസഭയില്‍ ഉപയോഗിച്ച ഒരു ഉപമയെ ഭരണപക്ഷം ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ത്തന്നെ ഇത്തരം ഉപമകള്‍ ഈ കാലഘട്ടത്തില്‍ പറയാന്‍ പാടില്ലാത്തതാണെന്നും പൂര്‍ണമനസോടെ പിന്‍വലിക്കുകയാണെന്നും വിന്‍സെന്റ് പറഞ്ഞു.

മുഖ്യമന്ത്രിക്കും സി.പി.എമ്മിനും 51 വെട്ട് വെട്ടി കൊന്നിട്ടും തീരാത്ത പകയാണ് ടി.പി ചന്ദ്രശേഖരന്റെ സഹധര്‍മ്മിണിയോട് കാണിക്കുന്നത്. നാല് ചുറ്റും കാവല്‍ നിന്ന് ഈ കാപാലികരില്‍ നിന്നും കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കും. ചന്ദ്രശേഖരന്റെ പ്രിയ പത്‌നിയായ കെ.കെ രമ കേരളത്തിന്റെ പ്രിയപുത്രിയാണ്.

ദേശീയ പാതയിലാണോ അതോ സംസ്ഥാന പാതയിലണോ ഏറ്റവും വലിയ കുഴിയെന്ന സംവാദമാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടക്കുന്നത്. ഇത് വലിയ ആശയ സംവാദമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. അതിനിടയില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കുകയാണ്.

മണിയുടെ വിവാദവും ഭരണഘടനാവിരുദ്ധ പ്രസംഗവും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുംഎ.കെ.ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞതും എല്ലാം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന ചോദ്യമാണ് ഉയരുന്നത്. ആര് എങ്ങനെ ശ്രമിച്ചാലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല.

തൊടുപുഴ- വൈധവ്യം വിധിയെന്ന് സി.പി.എം ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എങ്കിൽ സതി അനുഷ്ഠിക്കുന്നതും അംഗീകരിക്കുന്നുണ്ടോ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കണമെന്ന് സതീശൻ ഇടുക്കി പ്രസ് ക്ലബിൻ്റെ മുഖാമുഖത്തിൽ പറഞ്ഞു .ഈ പിന്തിരിപ്പൻ ആശയത്തെ ബൃന്ദാ കാരാട്ടിനെ പോലുള്ള വനിതാ നേതാക്കൾ അംഗീകരിക്കുന്നുണ്ടോ? കെ.കെ രമയെ അധിക്ഷേപിച്ച മണിയുടെ നടപടിയേക്കാൾ അത്ഭുതം ഇത് ന്യായീകരിച്ച പിണറായി വിജയനെ ഓർത്താണ്. നാലു ചുറ്റും സംരക്ഷണം നൽകി കെ.കെ രമയെ സംരക്ഷിക്കും. കുഴി ദേശീയ പാതയിലോ സംസ്ഥാന പാതയിലോ എന്ന ബി.ജെ.പി- സി.പി.എം തർക്കം നാടകം. എ.കെ.ജി സെൻറർ ആക്രമണം. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത്, മണിയുടെ പരാമർശം അടക്കമുള്ള വിവാദങ്ങളെല്ലാം സ്വർണ കടത്ത് കേസിൽ നിന്നും രക്ഷപെടാനുള്ള ശ്രമമെങ്കിൽ നടപ്പില്ല. ധീരജ് കേസിലെ സുധാകരൻ്റെ പരാമർശം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌. അത് മനപൂർവമുണ്ടായതല്ല. ക്രിയാത്മക വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യപ്പെടാത്തതിന് കാരണം പ്രതിപക്ഷമല്ല. കാതലായ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചുവിടുന്നത് ഭരണപക്ഷമാണ്. സഭ നടക്കുന്നതിനാലും പ്രകൃതിക്ഷോഭം മൂലവും പ്രക്ഷോഭം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമരം ശക്തമായി തുടരും.പാലക്കാട് ചിന്തൻ ശിബിരത്തെപ്പറ്റി വനിതാ പ്രവർത്തക ഉയർത്തിയ ആരോപണത്തിൽ ഉചിതമായ തീരുമാനം എടുത്തിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ ഫാ. കൊച്ചുപുരക്കലിൻ്റെ ആരോപണം തെറ്റ്. ഇത് സംബന്ധിച്ച യോഗത്തിൽ പങ്കെടുത്ത ഫാ. കൊച്ചുപുരക്കൽ ബഫർ സോൺ തീരുമാനത്തെ കൈയടിച്ച് അനുകൂലിച്ചതായി സതീശൻ ആരോപിച്ചു. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് തിരുത്തിയാണ് പിണറായി സർക്കാർ ഒരു കി.മി ബഫർ സോൺ ആക്കിയതെന്നും സതീശൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻ്റ് സോജൻ സ്വരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ സ്വാഗതവും ട്രഷറർ വിൽസൺ കളരിക്കൽ നന്ദിയും പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!