പൊലീസ്‌ ദൂഷ്യങ്ങളില്ലാത്ത സേനയാകണം: മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > സേനയ്‌ക്ക്‌ ചേരാത്ത സംഭവങ്ങൾ പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുണ്ടാകാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ്‌ ദിനാഘോഷ പരേഡും ജനമൈത്രി, സോഷ്യൽ പൊലീസിങ്‌ ഡയറക്ടറേറ്റുകൾക്കായി നിർമിച്ച കെട്ടിടവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കുറ്റാന്വേഷണ മികവിന്‌ ഉദാഹരണമാണ്‌ ഇലന്തൂർ, പാറശാല കേസുകളടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന ശരിയല്ലാത്ത ചെയ്‌തികൾ സേനയ്‌ക്കാകെ അപമാനമുണ്ടാക്കുന്നു.  പൊലീസിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങൾ എന്ന്‌ നാടും ജനങ്ങളും കരുതുന്ന കാര്യങ്ങൾ ആരുടെയെങ്കിലും ഭാഗത്ത്‌ നിന്നുണ്ടായാൽ അതിനെതിരെ വിമർശനമുയരും. അതിനെ പോസിറ്റീവായി കാണണം. കേരള പൊലീസ്‌ ഇത്തരത്തിലുള്ള ദൂഷ്യങ്ങളില്ലാത്ത പൊലീസാകണമെന്നാണ്‌ നാട്‌ ആഗ്രഹിക്കുന്നത്‌. അങ്ങിനെയാകാൻ പറ്റുമെന്ന്‌ തെളിയിക്കുന്ന ഘട്ടത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ ജാഗ്രതയുണ്ടാകണം.

സേനയുടെ പൊതുരീതിയിൽ നിന്ന്‌ വ്യത്യസ്തമായ രീതിയിൽ പോകുന്നവർ സേനയുടെ ഭാഗമായി നിൽക്കണോയെന്നത്‌ ഗൗരവമായ വിഷയമാണ്‌.  തെറ്റുകളോട്‌  വിട്ടുവീഴ്‌ചയുണ്ടാകില്ല.  ഉന്നത ഉദ്യോഗസ്ഥരടക്കം ഇക്കാര്യം ഉൾക്കൊള്ളണം. തെറ്റുചെയ്‌തവർ തുടരുന്നത്‌ പൊലീസിന്റെ യശസിനെ ബാധിക്കും. സത്യസന്ധമായും നിർഭയമായും ജോലി ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കും.

സാമ്രാജ്യത്വ ഭരണകാലത്തെ മനോഭാവമുണ്ടായിരുന്ന പൊലീസിനെ പരിഷ്‌കരിക്കാനുള്ള നടപടികൾ ഇഎംഎസ്‌ സർക്കാർ തന്നെ തുടങ്ങിയിരുന്നു. പൊലീസ്‌ സേനയെ അടിമുടി പരിഷ്‌കരിച്ച്‌ ജനകേന്ദ്രീകൃതമാക്കി മാറ്റാനാണ്‌ ശ്രമം. നല്ല മാറ്റമുണ്ടാക്കാനായിട്ടുണ്ട്‌. മികച്ച ക്രമസമാധാന പാലനത്തിനുള്ള പുരസ്കാരം വിവിധ വർഷങ്ങളിൽ കേരളത്തിന്‌ ലഭ്യമായി. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുണ്ടായപ്പോൾ പൊലീസിന്റെ മാതൃകാമുഖം കാണാനായി. ഭീകരാക്രമണത്തിനുപയോഗിക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കാനുള്ള സാങ്കേതിക വിദ്യയടക്കം പൊലീസ്‌ ആർജിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മികച്ച സേവനത്തിനുള്ള പൊലീസ്‌ മെഡലുകൾ മുഖ്യമന്ത്രി വിതരണം ചെയ്‌തു. പൊലീസ്‌ മേധാവി അനിൽകാന്ത്‌, എഡിജിപിമാരായ കെ പത്മകുമാർ, എം ആർ അജിത്‌കുമാർ, ബൽറാംകുമാർ ഉപാധ്യായ തുടങ്ങിയ പൊലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!