17/08/2022

നിലംപരിശായി കുണിഞ്ഞി

1 min read

തൊടുപുഴ: രാവിലെ ഏഴരയ്ക്ക് മുൻപ് വരെ സമാധാന അന്തരീക്ഷമായിരുന്നു കുണിഞ്ഞിയിലാകെ. മഴ പെയ്യാനുള്ള ചെറിയ സാധ്യതപോലും മാനത്തില്ല. പെട്ടെന്നാണത് സംഭവിച്ചത്. അകലെ മലമുകളിൽനിന്നു വീശിയടിച്ചുവന്ന ചുഴലിക്കാറ്റ് കുണിഞ്ഞിയെന്ന സുന്ദരഗ്രാമത്തിനു മുകളിൽ ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ വന്നുപതിച്ചു. കണ്ണിൽ കണ്ടതിനെയെല്ലാം വേരോടെ പിഴുതു. നിരനിരയായി നിന്ന റബ്ബർ മരങ്ങളുടെ തലകൾ കൊയ്തും, ഇലക്ട്രിക് പോസ്റ്റുകളെ കടപുഴക്കി. ഭീതിജനകമായ ശബ്ദംകേട്ട് ജനം അഭയസ്ഥാനം തേടിയോടി. വെറും മൂന്ന് മിനിറ്റ്‌ നീണ്ട സംഹാരതാണ്ഡവം. കുണിഞ്ഞി അക്ഷരാർഥത്തിൽ നിലംപരിശായി പോയി. 70 വർഷം മുൻപ് ഇതേപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെപ്പോലും കടത്തിവെട്ടിയായിരുന്നു നാശനഷ്ടം.

രാവിലെ ഏഴരയോടെ കുണിഞ്ഞി കവല സജീവമാകുന്ന സമയമായിരുന്നു. കവലയിൽ രാവിലെ ജോലിക്ക് പോകാനും മറ്റുമായെത്തിയ ഒട്ടേറെപ്പേരുണ്ടായിരുന്നു. ഈ സമയമാണ് ചുഴലിക്കാറ്റെത്തിയത്. സമീപത്തെ പറമ്പിൽ നിന്ന വലിയ മരം കടപുഴകി ചായക്കടയ്ക്ക് മുകളിലേക്ക് വീണെങ്കിലും അകത്ത് ചായ കുടിച്ചിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്താണെന്ന് തിരിച്ചറിയും മുൻപ് മരങ്ങൾ വേരോടെ പിഴുതെറിയപ്പെടുന്നത് തോട്ടങ്ങളിൽ ജോലിചെയ്തവർ കണ്ടുനിന്നു. ജീവൻ കൈയ്യിൽപിടിച്ച് രക്ഷാകേന്ദ്രങ്ങളിലേക്ക് അവർ പലായനംചെയ്തു. സാധാരണ കുണിഞ്ഞി റോഡിൽ ഈ സമയം തിരക്കു തുടങ്ങുന്നതാണ്. എന്നാൽ വളരെ ചുരുക്കംപേർ മാത്രമാണ് ഈ റോഡിലൂടെ ഈ സമയം സഞ്ചരിച്ചിരുന്നത്. ഇവരിൽ പലരും രക്ഷപ്പെട്ടതാകട്ടെ തലനാരിഴയ്ക്കും.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!