ഫെഡറലിസത്തിനെതിരായ 
കടന്നാക്രമണം ചെറുക്കണം ; പ്രാദേശികതലങ്ങളിൽ 
പ്രതിഷേധം 
സംഘടിപ്പിക്കണം

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഫെഡറലിസത്തിനെതിരായ മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും കടന്നാക്രമണം തുടരുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും ഹനിക്കുകയാണ്‌. ക്രമസമാധാനം സംസ്ഥാന വിഷയമാണ്‌. ഒരു രാജ്യം ഒരു പൊലീസ്‌ യൂണിഫോം എന്ന മോദിയുടെ ആഹ്വാനം ഫെഡറൽതത്വങ്ങളുടെ ലംഘനമാണ്‌.

എംഎൽഎമാരെ വിലയ്‌ക്കെടുത്തും പണം ഒഴുക്കിയും വിവിധ സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങളും മോദി സർക്കാർ തുടരുകയാണ്‌. തെലങ്കാനയിൽ ടിആർഎസ്‌ എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള നീക്കം ഇതിന്‌ ഉദാഹരണമാണ്‌. ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരായും പ്രതിപക്ഷ പാർടികൾ യോജിക്കണം.

സമ്പദ്‌വ്യവസ്ഥ 
തകർച്ചയിൽ

മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണ്‌. 2023 സാമ്പത്തികവർഷത്തെ രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ചനിരക്ക്‌ 8.7 ശതമാനത്തിൽനിന്ന്‌ 6.5 ശതമാനമായി ലോകബാങ്ക്‌ വെട്ടിക്കുറച്ചു. ആർബിഐയും സമാനമായി വളർച്ചത്തോത്‌ 7.8 ശതമാനത്തിൽനിന്ന്‌ ഏഴ് ശതമാനമായി കുറച്ചു. വ്യാവസായിക വളർച്ച കഴിഞ്ഞ 18 മാസത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്‌. എട്ടു പ്രധാന മേഖലയിലെ വളർച്ച മുൻവർഷത്തെ 19.4 ശതമാനത്തിൽനിന്ന്‌ 9.8 ശതമാനമായി കുറച്ചിട്ടുമുണ്ട്‌. രൂപയുടെ മൂല്യം കൂപ്പുകുത്തി. വിദേശനാണ്യ ശേഖരം ചുരുങ്ങുകയും വ്യാപാരക്കമ്മി റെക്കോഡ്‌ തോതിൽ വർധിക്കുകയുമാണ്‌.

തൊഴിലില്ലായ്‌മയും 
ദാരിദ്ര്യവും കൂടി

കടുത്ത സാമ്പത്തിക പ്രതിസന്ധി ജനജീവിതം ദുസ്സഹമാക്കുകയാണ്‌. തൊഴിലില്ലായ്‌മ 7.8 ശതമാനത്തിലേക്ക്‌ ഉയർന്നു. എന്നിട്ടും തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം വിട്ടുനൽകാൻ മോദി സർക്കാർ തയ്യാറാകുന്നില്ല. ഇതുമൂലം ഏപ്രിൽ ഒന്നുമുതൽ ഒക്‌ടോബർ 21 വരെയുള്ള കാലയളവിൽ ഒന്നരക്കോടി അപേക്ഷകർക്ക്‌ തൊഴിൽ നിഷേധിക്കപ്പെട്ടു. 2021 സാമ്പത്തികവർഷത്തിൽ 2.1 കോടി പേർക്കാണ്‌ ഫണ്ടിന്റെ അഭാവത്താൽ തൊഴിൽ നിഷേധിച്ചത്‌. ദാരിദ്ര്യം വർധിക്കുകയാണ്‌. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 121 രാജ്യങ്ങളിൽ 107–-ാമതാണ്‌. വിലക്കയറ്റവും കുതിക്കുകയാണ്‌. ഭക്ഷ്യ പണപ്പെരുപ്പം ഏറ്റവും ഉയർന്ന തോതിലാണ്‌. പരിപ്പിന്റെയും അരിയുടെയും ഗോതമ്പിന്റെയും വില ഭൂരിഭാഗം ജനങ്ങൾക്കും അപ്രാപ്യമാകുംവിധം ഉയരുകയാണ്‌. കേന്ദ്ര ഗോഡൗണുകളിലെ ഭക്ഷ്യശേഖരം അഞ്ചുവർഷത്തെ കുറഞ്ഞ തോതിലാണ്‌–- കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

പ്രാദേശികതലങ്ങളിൽ 
പ്രതിഷേധം 
സംഘടിപ്പിക്കണം

മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾമൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിയും ദളിതർ, സ്‌ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾ എന്നിവർക്കെതിരായ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ചും പ്രാദേശികതലങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ പാർടി ഘടകങ്ങളോട്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തു.

ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും ജനാധിപത്യ സംരക്ഷണം ലക്ഷ്യമിട്ടും പരിപാടികൾ സംഘടിപ്പിക്കണം. തൊഴിലുറപ്പ്‌ പദ്ധതി കൃത്യമായി നടപ്പാക്കപ്പെടുന്നു, കൂലി കൃത്യമായി നൽകുന്നു, ആവശ്യാനുസരണം തൊഴിലുകൾ ലഭ്യമാക്കുന്നു തുടങ്ങിയ കാര്യങ്ങൾകൂടി ഉറപ്പിക്കുന്നതാകണം പ്രാദേശിക പ്രക്ഷോഭങ്ങൾ.

ട്രേഡ്‌ യൂണിയനുകളും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും ആഹ്വാനം ചെയ്‌തിട്ടുള്ള വിവിധ പ്രക്ഷോഭങ്ങളെ സിപിഐ എം പിന്തുണയ്‌ക്കും. 14 ഇന ആവശ്യം ഉയർത്തി 2023 ഏപ്രിലിൽ നിശ്ചയിച്ചിട്ടുള്ള പാർലമെന്റ്‌ മാർച്ചിനെയും പിന്തുണയ്‌ക്കും.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!