തിരുവനന്തപുരം: വ്യാജരേഖ ചമച്ച് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി നേടിയെന്ന് ആരോപണം നേരിടുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യയാണ്. മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ വിദ്യ തന്നെയാണ് ഉത്തരവാദി. വ്യാജ സീല്‍ ഉണ്ടാക്കിയത് വിദ്യയാണ്. അതില്‍ മഹാരാജാസ് കോളജിന് പങ്കില്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വിദ്യ എന്ന വ്യക്തിയാണ് തെറ്റ് ചെയ്തത്. അത് അക്ഷന്തവ്യമായ കുറ്റമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് തെറ്റാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. വിദ്യ മുതിര്‍ന്ന വ്യക്തിയാണ്. അതുകൊണ്ട് വ്യാജ രേഖ ഉണ്ടാക്കി ഹാജരാക്കിയതില്‍ അവര്‍ തന്നെയാണ് ഉത്തരവാദി. സംഭവത്തെ അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം മഹാരാജാസിലെ തന്നെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് പങ്കില്ലെന്ന് മന്ത്രി പറഞ്ഞു. ആർഷോയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ല. അത് സാങ്കേതിക പ്രശ്‌നമാണ്. അതിനാല്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല. മാര്‍ക്ക് ഒന്നും ഇല്ലാത്ത പാസ് എന്ന് കാണിച്ചിരിക്കുന്ന മാര്‍ക്ക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ സമീപിക്കാന്‍ അവസരമുണ്ടാകും. ഇക്കാര്യം ഉടന്‍ സര്‍വകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോളേജുകളില്‍ പ്രിന്‍സിപ്പാളായിരിക്കും സെല്‍ മേധാവി. സര്‍വകലാശാലകളില്‍ വകുപ്പ് മേധാവി അധ്യക്ഷനാകും. പരാതി പരിഹാര സെല്ലില്‍ ഒരു വനിതയുണ്ടാകും. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും സെല്ലില്‍ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലില്‍ ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥി പ്രതിനിധികൾക്കും പിടിഎ പ്രതിനിധിക്കും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകർക്കും ഒരുവർഷവും, സർവ്വകലാശാലാ പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും അംഗത്വകാലാവധി. സർവ്വകലാശാലാ പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനും ഉത്തരവിട്ടു. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാർത്ഥികൾ തുടരും.
നമ്മുടെ നഗരത്തിൽ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.