വാഷിങ്ടൺ
രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്ത കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾട് ട്രംപിനെതിരെ കുറ്റം ചുമത്തി. പ്രതിരോധ രഹസ്യരേഖകൾ കൈവശം വയ്ക്കൽ, അന്വേഷണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ ഏഴുകുറ്റങ്ങളാണ് ചുമത്തിയത്. ക്രിമിനൽ കേസ് ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റ് ആണ് ട്രംപ്. മിയാമി കോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന് ട്രംപ് വെളിപ്പെടുത്തി.
കഴിഞ്ഞവർഷം ട്രംപിന്റെ ഫ്ലോറിഡയിലെ റിസോർട്ട് മാർ- എ-ലാഗോയിൽനിന്ന് എഫ്ബിഐ നടത്തിയ പരിശോധനയിൽ 11,000 രേഖകൾ പിടിച്ചെടുത്തിരുന്നു. അതേസമയം, തനിക്കെതിരായ കുറ്റം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ട്രംപിന്റെ ആരോപണം. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയിലാണ് സുപ്രധാന കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ബന്ധം വെളിപ്പെടുത്താതിരിക്കാന് നീലചിത്രതാരത്തിന് തെരഞ്ഞെടുപ്പ് ഫണ്ടില് നിന്ന് പണം നല്കിയെന്ന കേസില് ട്രംപിനെതിരെ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്.