ന്യൂഡൽഹി
മണിപ്പുരിൽ സൈനിക വേഷത്തിലെത്തിയ മെയ്‌ത്തീ തീവ്രവാദികൾ ഒരു സ്ത്രീയടക്കം മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. കുക്കി ഭൂരിപക്ഷമേഖലയിലെ ഗ്രാമവാസികളായ ജാങ്‌പാവോ ടൗതങ്, ഖൈമങ് ഗ്യൂട്ട്, ഡോംഖോഹോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. പള്ളിയിൽ പ്രാർഥിക്കവെയാണ് ഡോംഖോഹോയ് വെടിയേറ്റ് മരിച്ചത്. കുക്കികൾ പൊതുവെ ക്രൈസ്‌തവരാണ്. കഴിഞ്ഞദിവസം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ മൂന്ന് മെയ്‌ത്തീ ക്രൈസ്‌തവരെ മെയ്‌ത്തീ തീവ്രവാദികൾ ചുട്ടുകൊന്നിരുന്നു. കലാപത്തിനിടെ ക്രൈസ്‌തവവേട്ട ആസൂത്രിതമായി നടപ്പാക്കി. നൂറുകണക്കിന് പള്ളികൾ തകർക്കുകയോ കത്തിക്കുകയോ ചെയ്‌തു.
സൈനികവേഷവും അക്രമികൾ എത്തിയ വാഹനങ്ങളും ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഗോത്രവർഗ നേതാക്കളുടെ ഫോറം പ്രസ്‌താവനയിൽ പറഞ്ഞു. സൈന്യത്തിന്റെ പരിശോധന എന്നാണ് ഗ്രാമവാസികൾ ആദ്യം കരുതിയത്. എത്തിയ വാഹനം സൈനികർ ഉപയോഗിക്കുന്ന വിധത്തിലുള്ളതാണ്. എന്നാൽ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് തുരുതുരെ വെടി ഉതിർക്കുകയായിരുന്നു. 15 ദിവസത്തേക്ക് സമാധാനം പാലിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷാ നിർദേശിച്ചിരിക്കെയാണ് ആക്രമണങ്ങൾ തുടരുന്നത്. വംശഹത്യയുടെ ഭാഗമായ ആക്രമണങ്ങളെ ചെറുക്കേണ്ടിവരുമെന്ന് ഫോറം വ്യക്തമാക്കി.
ഇതിനിടെ, കലാപബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം 101.75 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതായി മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് അറിയിച്ചു.
സിബിഐ അന്വേഷിക്കും
മണിപ്പുർ കലാപത്തിലെ ആറ് ക്രിമിനൽ ഗൂഢാലോചനക്കേസും ഒരു പൊതുഗൂഢാലോചനക്കേസും സിബിഐ അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷക സംഘത്തിന് രൂപം നൽകി. കലാപത്തിൽ ഇതുവരെ 105 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ മെയ് 10 വരെ മാത്രം 160 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. പതിനായിരങ്ങൾ അഭയാർഥികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ