ചെന്നൈ
ബ്രട്ടീഷുകാരില്നിന്നുള്ള അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947ല് മൗണ്ട് ബാറ്റണിന് ചെങ്കോല് നൽകിയോ എന്നറിയില്ലെന്ന് തമിഴ്നാട്ടിലെ പ്രമുഖശൈവമഠമായ തിരുവാടുതുറൈ അധീനത്തിന്റെ മുഖ്യമഠാധിപതി. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അധീനത്തിലെ ഇരുപത്തിനാലാമത്തെ മഠാധിപതിയായ ശ്രീ ലാ ശ്രീ അംമ്പാലവന ദേശിക പരമാചാര്യ സ്വാമികൾ ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് സമ്മാനിക്കുന്നതിന് മുമ്പ്, ചെങ്കോൽ ശൈവസന്യാസിമാര് മൗണ്ട് ബാറ്റണ് നൽകി ന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. മൗണ്ട് ബാറ്റണിന് ചെങ്കോല് കൈമാറിയത് രേഖകളിലൊന്നുമില്ല. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രം ഡോക്യുമെന്ററി ഇറക്കിയതായി കേട്ടിട്ടുണ്ട്. അന്ന് നെഹ്റുവിനായിരുന്നു പ്രാധാന്യം വൈസ്രോയിക്ക് ചെങ്കോല് നല്കിയതുകൊണ്ട് എന്താണ് പ്രയോജനമെന്നും മഠാധിപതി ചോദിച്ചു. കേന്ദ്രസര്ക്കാര് വാദം പൂര്ണമായി തള്ളുന്നതാണ് ഈ പ്രതികരണം. ചെങ്കോല് നെഹ്റുവിന് സമ്മാനിക്കുന്ന ചിത്രം മഠത്തിലുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില് ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു.