മഴക്കളിയിൽ ജയമേളം ; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 5 റൺ ജയം

Spread the love



Thank you for reading this post, don't forget to subscribe!


അഡ്‌ലെയ്‌ഡ്‌

മഴക്കളിയിൽ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തെ തളർത്തി ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിലേക്ക്‌. മഴയെ തുടർന്ന്‌ വിജയലക്ഷ്യം പുതുക്കി നിശ്‌ചയിച്ച മത്സരത്തിൽ അഞ്ച്‌ റണ്ണിനായിരുന്നു ജയം. ഇതോടെ ഗ്രൂപ്പ്‌ രണ്ടിൽ ആറ്‌ പോയിന്റുമായി രോഹിത്‌ ശർമയും കൂട്ടരും ഒന്നാമതെത്തി. അവസാന മത്സരത്തിൽ സിംബാബ്‌വെയാണ്‌ എതിരാളി. മഴഭീഷണിയുണ്ടായിരുന്ന അഡ്‌ലെയ്‌ഡിൽ ടോസ്‌ കിട്ടിയ ബംഗ്ലാദേശ്‌ ക്യാപ്‌റ്റൻ ഷാക്കിബ്‌ അൽ ഹസൻ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു.

ടൂർണമെന്റിൽ ആദ്യമായി മികവ്‌ കണ്ടെത്തിയ ലോകേഷ്‌ രാഹുലിന്റെയും (32 പന്തിൽ 50) തകർപ്പൻ പ്രകടനം തുടർന്ന വിരാട്‌ കോഹ്‌ലിയുടെയും (44 പന്തിൽ 64) അരസെഞ്ചുറികളിൽ ഇന്ത്യ 6–-184 റണ്ണെടുത്തു. സ്‌ഫോടനാത്മകമായിരുന്നു ബംഗ്ലാദേശിന്റെ മറുപടി. 21 പന്തിൽ അരസെഞ്ചുറി പൂർത്തിയാക്കിയ ലിട്ടൺ ദാസ്‌ അവരെ ഏഴോവറിൽ വിക്കറ്റ്‌ നഷ്ടമില്ലാതെ 66 റണ്ണിലെത്തിച്ചു. തുടർന്ന്‌ മഴയെത്തി. കളി നിർത്തിവയ്‌ക്കുമ്പോൾ മഴനിയമപ്രകാരം ബംഗ്ലാദേശ്‌ 17 റണ്ണിന്‌ മുന്നിൽ.

മഴ മാറി മാനം തെളിഞ്ഞപ്പോൾ ബംഗ്ലാ ലക്ഷ്യം പുതുക്കി. അതുപ്രകാരം 16 ഓവറിൽ ജയിക്കാൻ 151 റൺ. ബാക്കിയുള്ള 54 പന്തിൽ 85. പ്രതീക്ഷയോടെ ഇറങ്ങിയ ബംഗ്ലാദേശിന്‌ റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നു ആദ്യ തിരിച്ചടി. ആർ അശ്വിനെറിഞ്ഞ രണ്ടാംപന്തിൽ രണ്ടാം റണ്ണിനോടിയ ലിട്ടണെ (27 പന്തിൽ 60) രാഹുൽ നേരിട്ടുള്ള ഏറിൽ മടക്കി. തകർച്ചയുടെ തുടക്കമായി അതുമാറി. 33 പന്തിൽ 40 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റാണ്‌ ബംഗ്ലാദേശിന്‌ നഷ്ടമായത്‌.

എങ്കിലും അവസാനപന്തുവരെ അവർ ശ്രമിച്ചു. ഇന്ത്യൻ ഫീൽഡർമാരുടെ പ്രകടനങ്ങളും അവരെ തടഞ്ഞു. പൊങ്ങി ഉയർന്ന പന്തുകളെല്ലാം സുരക്ഷിതമായി ഇന്ത്യൻ ഫീൽഡർമാർ കൈപ്പിടിയിലൊതുക്കി. നാല്‌ വിക്കറ്റ്‌ ശേഷിക്കെ 12 പന്തിൽ 31 ആയിരുന്നു അവസാനഘട്ടത്തിൽ ബംഗ്ലാദേശിന്റെ ലക്ഷ്യം. അവസാന ഓവറിൽ 20ഉം. ഹാർദിക്‌ പാണ്ഡ്യയും അർഷ്‌ദീപ്‌ സിങ്ങും നിയന്ത്രണം തെറ്റാതെ പന്തെറിഞ്ഞതോടെ ജയം ഇന്ത്യൻ തീരത്തണഞ്ഞു. അർഷ്‌ദീപും പാണ്ഡ്യയും രണ്ടുവീതം വിക്കറ്റ്‌ നേടി. ബംഗ്ലാദേശ് 6–145ലാണ് അവസാനിപ്പിച്ചത്.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ക്യാപ്‌റ്റൻ രോഹിത്‌ ശർമയുടെ (8 പന്തിൽ 2) വിക്കറ്റ്‌ തുടക്കത്തിലേ നഷ്ടമായെങ്കിലും രാഹുലും കോഹ്‌ലിയും ചേർന്ന്‌ മികച്ച അടിത്തറയിടുകയായിരുന്നു. ആദ്യ മൂന്ന്‌ കളിയിലും മങ്ങിയ രാഹുൽ നാല്‌ സിക്‌സറുകളുടെയും മൂന്ന്‌ ഫോറുകളുടെയും അകമ്പടികളോടെയാണ്‌ അരസെഞ്ചുറി പൂർത്തിയാക്കിയത്‌. കോഹ്‌ലി ഈ ലോകകപ്പിലെ മൂന്നാം അരസെഞ്ചുറിയും പൂർത്തിയാക്കി. കോഹ്‌ലിയാണ്‌ കളിയിലെ താരം. സൂര്യകുമാർ യാദവ്‌ 16 പന്തിൽ 30 റണ്ണടിച്ച്‌ മികച്ച പിന്തുണ നൽകി.

മൂന്ന്‌ വിക്കറ്റുമായി ഹസൻ മഹ്‌മുദും രണ്ട്‌ വിക്കറ്റെടുത്ത ഷാക്കിബും ബംഗ്ലാ ബൗളർമാരിൽ തിളങ്ങി. വിക്കറ്റ്‌ നേടാനായില്ലെങ്കിലും നാലോവറിൽ 15 റൺ മാത്രം വിട്ടുകൊടുത്ത ടസ്‌കിൻ അഹമ്മദിന്റെ പ്രകടനം നിർണായകമായി.തോൽവിയോടെ പ്രതീക്ഷ നഷ്‌ടപ്പെട്ട ബംഗ്ലാദേശ്‌ അവസാന കളിയിൽ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ആറിനാണ്‌ സിംബാബ്‌വെയുമായുള്ള ഇന്ത്യയുടെ മത്സരം. ഗ്രൂപ്പിൽനിന്ന്‌ രണ്ട്‌ ടീമുകൾക്കാണ്‌ സെമി യോഗ്യത.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!