യുവാക്കളും മുട്ടം പോലീസും രക്ഷകരായി;പരപ്പാൻതോട്ടിൽ നിന്ന് ആടിനെ രക്ഷിച്ചു

Spread the love

തോട്ടിലൂടെ ഒഴുകിവന്ന ആടിനെ യുവാക്കൾ രക്ഷിച്ച് പോലീസിനെ ഏൽപ്പിച്ചു. സമൂഹമാധ്യമത്തിലൂടെ മുട്ടം പോലീസ് നടത്തിയ ഇടപെടലിനൊടുവിൽ ഉടമസ്ഥന് ആടിനെ തിരികെ ലഭിച്ചു. ജില്ലാ കോടതി കെട്ടിടത്തിൽ ടൈൽ പണിയിൽ ഏർപ്പെട്ടിരുന്ന അഞ്ചിരി ആനക്കയം കയത്തുംകരയിൽ അനന്തു, വെള്ളിയാമറ്റം സ്വദേശി അനിൽകുമാർ, മലങ്കര സ്വദേശി സിജോയും ചേർന്നാണ് മുട്ടം പരപ്പാൻതോട്ടിൽനിന്ന് ആടിനെ രക്ഷിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം.

ശക്തമായ മഴയ്ക്കിടെ ആടിന്റെ നിർത്താതെയുള്ള കരച്ചിലാണ് ഇവർ ശ്രദ്ധിച്ചത്. അന്വേഷണത്തിൽ വെള്ളത്തിലൂടെ ഒഴുകിവന്ന ആട് തോടിന്റെ കുത്തൊഴുക്കുള്ള ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതുകണ്ടു. മൂവരും ചേർന്ന് ആടിനെ രക്ഷിച്ച് കരയ്ക്കും പിന്നീട് അനന്തുവിന്റെ കാറിൽ പോലീസ് സ്റ്റേഷനിലുമെത്തിച്ചു. മുട്ടം പോലീസ് അവരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ആടിനെ കിട്ടിയ വിവരം പോസ്റ്റുചെയ്തു.

ആറുമണിയോടെ ആടിനെ കളഞ്ഞുകിട്ടിയ വിവരം മുട്ടം കരിമ്പനാനിക്കൽ ശിവദാസിന്റെ മകൻ അർജുന്റെ ഫോണിലെത്തി. അവർ തങ്ങളുടെ ‘പാപ്പാസാ’ണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ശിവദാസ് പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് അനന്തുവിനെയും അനിലിനെയും വിളിച്ചറിയിച്ചതോടെ അവരുമെത്തി. വൈകീട്ട് ആറരയോടെ ആടിനെ ശിവദാസിന് കൈമാറി. ഒഴുക്കിൽപ്പെട്ട ആടിന്റെ പുറത്തും കാലിനും പരിക്കുണ്ട്. വെള്ളം കുടിച്ച് വയർ വീർത്തിരുന്നു.

മുട്ടം കോടതിക്ക്‌ പിൻഭാഗത്താണ് ശിവദാസ് താമസിക്കുന്നത്. ശിവദാസിന്റെ അഞ്ച് വയസ്സുകാരിയായ ‘പാപ്പാസി’നെ ശനിയാഴ്ച മൂന്നുമണിയോടെ തീറ്റാൻ അഴിച്ചുവിട്ടപ്പോൾ കാണാതാവുകയായിരുന്നു. പട്ടിയോടിച്ചതിനെ തുടർന്ന് ആട്ടിൻകൂട്ടം ചിതറിയോടുകയായിരുന്നു. പിന്നീട് പത്താടുകൾ തിരികെയെത്തിയിട്ടും ‘പാപ്പാസ്’ മാത്രം വന്നില്ല. അന്വേഷിച്ചിട്ടൊന്നും കണ്ടെത്താനായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് വളരെ ആഗ്രഹിച്ച് വാങ്ങിയ പാലക്കാട് അട്ടപ്പാടി കരിയാടിനെ ശിവദാസിന് തിരികെലഭിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!