കിവികൾ കടന്നു ; അയർലൻഡിനെ 
35 റണ്ണിന് തോൽപ്പിച്ചു

Spread the love



Thank you for reading this post, don't forget to subscribe!


അഡ്ലെയ്ഡ്

അട്ടിമറികൾക്കൊന്നും ഇടനൽകാതെ കിവികൾ പറന്നു. ഐസിസി ടൂർണമെന്റുകളിൽ എന്നും മികവുകാട്ടുന്ന ന്യൂസിലൻഡ്‌ ഇക്കുറിയും പതിവുതെറ്റിച്ചില്ല. അയർലൻഡിനെ 35 റണ്ണിന്‌ തോൽപ്പിച്ച്‌ കെയ്‌ൻ വില്യംസണും സംഘവും ട്വന്റി 20 ലോകകപ്പ്‌ സെമിയിൽ കടന്നു. ഗ്രൂപ്പ്‌ ഒന്നിൽ ഏഴ്‌ പോയിന്റുമായാണ്‌ മുന്നേറ്റം. മികച്ച റൺനിരക്കും അവർക്ക്‌ ഗുണകരമായി. 2.113 ആണ്‌ കിവികളുടെ റൺ നിരക്ക്‌. പൊരുതിക്കളിച്ച അയർലൻഡ്‌ ജോഷ്വ ലിറ്റിലിന്റെ ഹാട്രിക്‌ വിക്കറ്റിന്റെ ആവേശത്തിലാണ്‌ കളംവിട്ടത്‌.

അയർലൻഡിനോട് തോൽക്കാതിരുന്നാൽമാത്രം മതിയായിരുന്നു കിവികൾക്ക്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ ആറിന്‌ 185 റണ്ണെടുത്തു. അയർലൻഡ്‌ 9–-150ൽ അവസാനിച്ചു. 35 പന്തിൽ 61 റണ്ണടിച്ച ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസനാണ്‌ കിവികളുടെ വിജയശിൽപ്പി.

ഫിൻ അലെൻ മിന്നുംതുടക്കമാണ്‌ ന്യൂസിലൻഡിന്‌ നൽകിയത്‌. 18 പന്തിൽ 32 റണ്ണടിച്ച അലെന്റെ ഇന്നിങ്‌സിൽ ഒരു സിക്‌സറും അഞ്ച്‌ ഫോറും ഉൾപ്പെട്ടു. എന്നാൽ, തുടർന്നുള്ള ഓവറുകളിൽ കിവി ബാറ്റർമാർക്ക്‌ വേഗത്തിൽ റണ്ണടിക്കാനായില്ല. ഡെവൺ കോൺവെയും കെയ്‌ൻ വില്യംസണും ചേർന്നുള്ള തുടക്കം പതുക്കെയായിരുന്നു. കോൺവെ 33 പന്തിൽ 28 റണ്ണെടുത്ത്‌ പുറത്തായി. ഗ്ലെൻ ഫിലിപ്‌സ്‌ ക്രീസിൽ എത്തിയതോടെ റൺ നിരക്ക്‌ ഉയർന്നു. വില്യംസണും താളം കണ്ടെത്തി. ഒമ്പത്‌ പന്തിൽ 17 റണ്ണെടുത്ത്‌ ഫിലിപ്‌സ്‌ മടങ്ങിയെങ്കിലും ഡാരിൽ മിച്ചെലിനെ കൂട്ടുപിടിച്ച്‌ വില്യംസൺ ന്യൂസിലൻഡിന്‌ മികച്ച സ്‌കോറൊരുക്കി.

മിച്ചെൽ 21 പന്തിൽ 31 റണ്ണുമായി പുറത്താകാതെനിന്നു. വില്യംസന്റെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറും ഉൾപ്പെട്ടു. മറുപടിക്കെത്തിയ അയർലൻഡിന്‌ ഒരുഘട്ടത്തിലും ന്യൂസിലൻഡിന്‌ വെല്ലുവിളി ഉയർത്താനായില്ല. തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ പോൾ സ്‌റ്റർലിങും (27 പന്തിൽ 37) ആൻഡ്രൂ ബാൽബേണിയും (25 പന്തിൽ 30) നന്നായി തുടങ്ങി. എന്നാൽ, സ്‌പിന്നർമാർ രംഗത്തെത്തിയതോടെ അയർലൻഡ്‌ വിരണ്ടു. രണ്ടുവീതം വിക്കറ്റുമായി സാന്റ്‌നെറും ഇഷ്‌ സോധിയും അവരെ വരിഞ്ഞുകെട്ടി. പേസർ ലോക്കി ഫെർഗൂസൻ മൂന്ന്‌ വിക്കറ്റെടുത്തു.

‘ലിറ്റിൽ 
ഹാട്രിക്‌’

ജോഷ്വ ലിറ്റിൽ ചരിത്രംകുറിച്ചു. ന്യൂസിലൻഡിനെതിരെ ഹാട്രിക്കുമായാണ്‌ ഈ ഐറിഷ്‌ പേസറുടെ മടക്കം. ലോകകപ്പിൽ ഹാട്രിക്‌ നേടുന്ന ആറാമത്തെ ബൗളറാണ്‌ ലിറ്റിൽ. ഈ ലോകകപ്പിലെ രണ്ടാമത്തെ ബൗളർ.ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണെ തോമസ്‌ ഡെലേനിയുടെ കൈകളിലെത്തിച്ചായിരുന്നു ആദ്യ വിക്കറ്റ്‌. തൊട്ടടുത്ത പന്തിൽ ജിമ്മി നീഷമിനെ വിക്കറ്റിനുമുന്നിൽ കുരുക്കി. പിന്നാലെ മിച്ചെൽ സാന്റ്‌നെറെയും കുരുക്കി. നാലോവറിൽ 22 റൺമാത്രം വഴങ്ങിയാണ്‌ ലിറ്റിലിന്റെ നേട്ടം. യുഎഇയുടെ കാർത്തിക്‌ മെയ്യപ്പനാണ്‌ ഈ ലോകകപ്പിൽ ഹാട്രിക്‌ നേടിയ ആദ്യതാരം. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മെയ്യപ്പന്റെ പ്രകടനം.

ലോകകപ്പിലെ ഹാട്രിക്കുകാർ

ബ്രെറ്റ്‌ ലീ (ഓസീസ്‌)–-ബംഗ്ലാദേശ്‌ (2007)

കർട്ടിസ്‌ കാംഫെർ (അയർലൻഡ്‌)–-നെതർലൻഡ്‌സ്‌ (2021)

വണീന്ദു ഹസരങ്ക (ശ്രീലങ്ക)–-ദക്ഷിണാഫ്രിക്ക (2021)

കഗീസോ റബാദ (ദക്ഷിണാഫ്രിക്ക)–-ഇംഗ്ലണ്ട്‌ (2021)

കാർത്തിക്‌ മെയ്യപ്പൻ (യുഎഇ)–-ശ്രീലങ്ക (2022)

ജോഷ്വ ലിറ്റിൽ (അയർലൻഡ്‌)–-ന്യൂസിലൻഡ്‌ (2022)



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!