എംപി ലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കം: ജോണ്‍ ബ്രിട്ടാസ്

Spread the love



Thank you for reading this post, don't forget to subscribe!

ന്യുഡൽഹി> എംപി ലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി എംപിമാരുടെ പ്രാദേശിക വികസന പദ്ധതിക്ക് (എംപി ലാഡ്സ്) പുതിയ മാനദണ്ഡങ്ങൾ നിര്‍ദേശിച്ചു സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ കരടിന് നല്‍കിയ മറുപടിയിലാണ് ജോണ്‍ ബ്രിട്ടാസ് എംപി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.  എംപി ഫണ്ട് ഉപയോഗിച്ചു ചെയ്യുന്ന പ്രോജക്ടുകളുടെ ശിലാഫലകങ്ങളിൽ ഹിന്ദി ഭാഷയിലും പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് കരടില്‍ പറയുന്നത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഹിന്ദിയില്‍ കൂടി ബോര്‍ഡ് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.

എംപി ലാഡ്സില്‍ ഒരു വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് തവണയായി 5 കോടി രൂപ നല്‍കിയിരുന്നു. ജില്ല കളക്ടർ ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടില്‍ നല്‍കുന്ന ഫണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചു ജില്ല ഭരണകൂടമാണ് വിതരണം ചെയ്തു വന്നിരുന്നത്. ഈ ഫണ്ടിന് ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ തുക കൂടി കൂടുതൽ പദ്ധതികള്‍ക്ക് വേണ്ടി വിനിയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലവിൽ ജില്ലകളിൽ ബാങ്കുകളിലുള്ള തുക പലിശ സഹിതം കേന്ദ്രത്തിലേക്ക് തിരികെ നല്‍കണമെന്നും തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന സർക്കാർ വകുപ്പുകളുടെ അധികാരം കവർന്നെടുത്തു കൊണ്ട് കേന്ദ്രം നേരിട്ട് ഫണ്ട് കൈകാര്യം ചെയ്യുമെന്നും നിര്‍ദേശമുണ്ട്.  സെപ്റ്റംബര്‍ 2023 വരെ കേന്ദ്ര ഏജൻസിയിൽ ഇപ്രകാരം സൂക്ഷിക്കുന്ന ഫണ്ടിന് ലഭിക്കുന്ന പലിശ എല്ലാ എംപിമാരുടേയും പദ്ധതി ഫണ്ടിലേയ്ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ 2023 സെപ്റ്റംബറിന് ശേഷം പലിശ ലഭിക്കുമോ എന്ന് പോലും ഉറപ്പില്ല.  സംസ്ഥാന താത്പര്യങ്ങളുടെ ലംഘനമാണ് ഇതെന്നും, അതിനാല്‍ പഴയ പോലെ 2.5 കോടി എന്ന നിലയില്‍ രണ്ട് ഘട്ടമായി ജില്ലാ ഭരണകൂടത്തിന് നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഫണ്ട് അനുവദിക്കുന്നത് വൈകിപ്പിക്കുന്ന തരത്തിലുള്ള അപ്രായോഗികമായ നിബന്ധനകളും കരടിലുണ്ട്.

കൂടാതെ നിലവില്‍ എംപിമാര്‍ക്ക് ട്രസ്റ്റുകള്‍ക്കും, സൊസൈറ്റികള്‍ക്കും കോപ്പറേറ്റീവ് സൊസൈറ്റികൾക്കും ഒരു സാമ്പത്തിക വർഷം പദ്ധതികൾക്കായി ഒരു കോടി വരെ നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ കരട് പ്രകാരം അത് 50 ലക്ഷമായി വെട്ടിച്ചുരുക്കി. കൂടാതെ നിലവിൽ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന നിർധനരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കും മറ്റും കമ്പ്യൂട്ടറും പുസ്തകങ്ങളും ഫർണീച്ചറും വാഹന സൗകര്യവുമൊക്കെ നൽകുവാൻ കഴിയുമായിരുന്നെങ്കിൽ ആയതും പുതിയ കരട് മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടു കൂടി ഇല്ലാതാകും. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല.

 എംപിലാഡ്സ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കിൽ പാർലമെന്റിന്റേയും രാജ്യസഭ, ലോക്‌സഭ സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെയും അംഗീകാരം വാങ്ങണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!