കൊച്ചി > സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 11-ാമത് പതിപ്പ് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നവംബര്‍ 9, 10, 11 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം ഓണ്‍ലൈനായി നടന്ന പ്രദര്‍ശനമാണ് പൂര്‍വാധികം പ്രദര്‍ശകരോടെ നേരിട്ട് തിരിച്ചെത്തുന്നതെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/റിസോര്‍ട്ടസ്, റെസ്‌റ്റോറന്റ്‌സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രില്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ) സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍ എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.
മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി) എന്നിവയാണ് ഇത്തവണത്തെ ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
ഓരോ വര്‍ഷവും സംസ്ഥാനത്തെ ആതിഥേയ മേഖലയിലെ ഷെഫുമാരും സര്‍വീസ് ജീവനക്കാരും ഉറ്റുനോക്കുന്ന അഭിമാന മത്സരമാണ് കെസിസി. സിക കേരളാ ചാപ്റ്ററുമായി സഹകരിച്ച് സംസ്ഥാനത്ത് ഉടനീളമുള്ള ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാര്‍ക്കും സര്‍വീസ് പ്രൊഫഷനലുകള്‍ക്കുമായി നടത്തുന്ന കെസിസിയില്‍ ഇത്തവണ ലോകപ്രശസ്ത സെലിബ്രിറ്റി ഷെഫായ അലന്‍ പാമറാണ് ജൂറി തലവനായി എത്തുന്നത്. പ്രൊഫഷനല്‍ ഷെഫുമാര്‍ക്ക് തങ്ങളുടെ മികവു തെളിയിക്കാനുള്ള വേദിയാകും കെസിസിയെന്നും സംസ്ഥാനത്തെമ്പാടും നിന്നുള്ള ഈ മേഖലിയിലെ പ്രൊഫഷനലുകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കെസിസിയുടെ ഇത്തവണ നടക്കുന്ന ഒമ്പതാമത് പതിപ്പില്‍ ഡ്രെസ് ദി കേക്ക്, ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ, ഹോട്ട് കുക്കിംഗ് ചിക്കന്‍, ഹോട്ട് കുക്കിംഗ് ഫിഷ്, മോക്ടെയില്‍, ഹോട്ട് കുക്കിംഗ് മീറ്റ്, ക്രിയേറ്റീവ് ഡിസെര്‍ട്, കേരള വിഭവങ്ങള്‍, ക്രിയേറ്റീവ് സലാഡ്‌സ്, റൈസ് ഡിഷ് എന്നിങ്ങനെ പത്തു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പാചകവാതകം – ഇന്‍ഡേന്‍, ചേരുവകള്‍ – മില്‍ക്കി മിസ്റ്റ്, ജലം – ക്ലിഫ്റ്റണ്‍, മീറ്റ് – ബാല്‍കന്‍ ഫുഡ്‌സ്, ഫിഷ് – അബാദ് ഫുഡ്‌സ്, കുക്കിംഗ് ഓയില്‍ – തനിമ, അരി – ദുനാര്‍, ഏപ്രണ്‍ – ടെക്‌സ് വേള്‍ഡ്, മൈദ – കെഎല്‍ആര്‍ഫ്, ഫ്രീസര്‍ – റോക്വെല്‍ തുടങ്ങിവയരാണ് കെസിസിയുടെ ഈ വര്‍ഷത്തെ കാറ്റഗറി സ്‌പോണ്‍സര്‍മാര്‍.
മോപ്പ് റേസ്, ബെഡ് മേക്കിംഗ് സ്‌കില്‍സ്, വാകൂം ക്ലീനര്‍ റേസ്, ടവല്‍ ആര്‍ട്ട് എന്നീ വിഭാഗങ്ങളിലാണ് എച്ച്‌കെസി 2022-ലെ മത്സരങ്ങള്‍ അരങ്ങേറുക. കെപിഎച്ച്എയുമായി സഹകരിച്ചു നടത്തുന്ന എച്ച്‌കെസിയുടെ ഈ നാലാമത് പതിപ്പിലും കേരളത്തിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള വിവിധ ടീമുകളും വ്യക്തികളും മാറ്റുരയ്ക്കും. ലിനന്‍ – പര്‍പ്പ്ള്‍ ബെഡ്ഡിംഗ്‌സ്, ടവല്‍ – റേയ്ന്‍കോ, വാകൂം/സൈനേജ് – റൂട്‌സ് മള്‍ട്ടിക്ലീന്‍, മോപ് – വൃത്തി ഷോപ്പ്, ഏപ്രണ്‍ – ഡ്രെസ് കോഡ് ഫാക്ടറി എന്നിവരാണ് എച്ച്‌കെസിയിലെ വിവിധ കാറ്റഗറി സ്‌പോണ്‍സര്‍മാര്‍.
തദ്ദേശീയ വിനോദസഞ്ചാരികളുടെ വമ്പിച്ച ഒഴുക്കിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ ഡിസംബര്‍ സീസണ്‍ മുഴുവന്‍ മുഴുവനായിത്തന്നെ ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താക്കളായ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും തെരഞ്ഞെടുക്കാന്‍ ഹോട്ടല്‍ടെക് സംഗമവേദിയാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, കെപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് ബിന്ദു പര്‍വിഷ്, കെസിസി ജൂറി അംഗം ഷെഫ് റഷീദ് എന്നിവര്‍ പങ്കെടുത്തു.
കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് ഹോട്ടല്‍ടെക് കേരള 2022ന്റെ സംഘാടകര്‍. ഇക്കഴിഞ്ഞ 2022 ജനുവരിയില്‍ ഫുഡ്‌ടെക് കേരള, 2022 മാര്‍ച്ചില്‍ ബോട്ട് ഷോ എന്നിവയും ക്രൂസ് എക്‌സ്‌പോസ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഹോട്ടല്‍ടെക് പോലുള്ള നിരവധി ബി2ബി പ്രദര്‍ശനങ്ങള്‍ തങ്ങള്‍ നടത്തിവരികയാണെന്ന ജോസഫ് കുര്യാക്കോസ് പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശനസംഘാടകരായി വളരാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ