തിരുവനന്തപുരം
വ്യാജവാർത്ത സൃഷ്ടിച്ച് നിമിഷങ്ങൾക്കകം സത്യം പുറത്തുവന്നതോടെ ‘മാസപ്പടി’ വാർത്തയിലും പൊളിഞ്ഞടുങ്ങി മനോരമ. നിയമപ്രകാരമുള്ള കരാറിന്റെ പ്രതിഫലം കമ്പനി കൈമാറിയതിനെ ‘മാസപ്പടി’യാക്കിയതിൽനിന്ന് പിറ്റേന്ന് മലക്കംമറിഞ്ഞു. വാർത്തകളിൽ പണം കൈമാറി എന്നാക്കി. കമ്പനിയുടെയല്ല, ഒരു തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തർക്കപരിഹാര ബോർഡ് ഉത്തരവെന്നും സമ്മതിച്ചു. എക്സാലോജിക് സേവനം നൽകിയില്ല എന്ന വാദത്തിൽനിന്ന് പിന്മാറി. വിഷയം പ്രതിപക്ഷം ഗൗരവമായി എടുക്കാത്തതിൽ വിലപിച്ച മനോരമ, കേരളത്തിൽ പ്രതികരിക്കുമെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകളെ ‘സിപിഐ എം പ്രതിരോധത്തിൽ’ എന്നാക്കി ഉൾപ്പുളകവും കൊണ്ടു.
തെരഞ്ഞെടുപ്പടക്കം സുപ്രധാന സന്ദർഭങ്ങളിലെല്ലാം സിപിഐ എമ്മിനെതിരെ വിഷമൊഴുക്കുന്ന രീതി പുതുപ്പള്ളി മുൻനിർത്തിയും ആവർത്തിക്കുകയായിരുന്നു. പക്ഷേ, അത് നിർവീര്യമാകാൻ പണ്ടത്തെപ്പോലെ സമയംവേണ്ടെന്ന കാര്യം മറന്നു.
നേതാവിനെ
കിട്ടിയില്ലെങ്കിൽ
കുടുംബം
പിണറായി വിജയനെതിരെ നേരിട്ടുള്ള ആക്രമണങ്ങൾ ഏൽക്കാതെ വന്നതോടെയാണ് കുടുംബത്തിനെതിരെ ഇവർ തുനിഞ്ഞിറങ്ങിയത്. നുണവാർത്താ മഴ പെയ്യിച്ചിട്ടും തുടർഭരണം തടയാനാകാത്തതിന്റെ എല്ലാ സങ്കടവും മനോരമയ്‌ക്കുണ്ട്. 2021ലെ തരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കെട്ടിപ്പൊക്കിയ കെട്ടുകഥ വിശ്വാസയോഗ്യമാക്കാൻ
അന്നും സിപിഐ എം പൊളിറ്റ് ബ്യൂറോയുടെ പേരിൽ മനോരമ വ്യാജ പ്രസ്താവന ഇറക്കിയിരുന്നു. ‘മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവ്: സിപിഎം’ എന്ന തലക്കെട്ടിലായിരുന്നു 2020 ജൂലൈ 28ലെ വാർത്ത. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവ് വ്യക്തമെന്ന് പൊളിറ്റ്‌ബ്യൂറോ വിലയിരുത്തിയെന്നായിരുന്നു വ്യാജവാർത്ത. ഇത്തരമൊരു ചർച്ച പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ നടന്നിട്ടില്ലെന്ന് പാർടി പത്രക്കുറിപ്പിലൂടെ മറുപടിയും നൽകി.
അമേരിക്കയിലെ ലോക കേരളസഭ മേഖലാസമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ 82 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽക്കുന്നെന്ന പെരുംനുണ ഒന്നാംപേജിൽ നിരത്തി. ‘ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണെന്നും ഞരമ്പുരോഗത്തിന്റെ ഭാഗമാണെന്നും ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നുവെന്നും’ –- തക്കതായ മറുപടി അന്ന് മുഖ്യമന്ത്രി നൽകി. ഐസിയുവിൽ കിടക്കുന്ന കോൺഗ്രസിനെ കരകയറ്റുകയെന്ന ജന്മദൗത്യം വിജയിക്കാത്തതും ഈ കാളകൂട പ്രയോഗങ്ങൾക്ക് പ്രേരണയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ