പിളരുമോ മണിപ്പുർ ; പ്രത്യേക ചീഫ്‌ സെക്രട്ടറിയും ഡിജിപിയും വേണമെന്ന് കുക്കികൾ

Spread the love




ന്യൂഡൽഹി

മണിപ്പുരിലെ കുക്കി മേഖലയ്‌ക്കായി ചീഫ്‌സെക്രട്ടറി, ഡിജിപി തുടങ്ങി പ്രത്യേക ഭരണതസ്‌തികകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ കുക്കി വിഭാഗത്തിൽപ്പെട്ട 10 എംഎൽഎമാർ രംഗത്ത്‌. 

ഏഴ്‌ ബിജെപി എംഎൽഎമാരടക്കമുള്ള സംഘം ഈ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ നിവേദനം സമർപ്പിച്ചു. കുക്കികൾക്കായി പ്രത്യേക ഭരണമേഖല അനുവദിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണിത്‌. മെയ്‌ത്തീകൾ കൂടുതലുള്ള ഇംഫാൽ താഴ്‌വര കുക്കികൾക്ക്‌ മരണത്തിന്റെയും വിനാശത്തിന്റെയും പ്രദേശമായി മാറിയ സാഹചര്യത്തിലാണ്‌ പ്രത്യേക ഭരണതസ്‌തികകൾ ആവശ്യപ്പെടുന്നതെന്ന്‌ നിവേദനത്തിൽ പറഞ്ഞു.  കുക്കികൾ കൂടുതലായുള്ള അഞ്ചു ജില്ലയ്‌ക്കായാണ്‌ പ്രത്യേക ഭരണതസ്‌തികകൾ ആവശ്യപ്പെട്ടത്‌. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതാവശ്യമാണെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരടക്കം കുക്കികളായ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ നിലവിൽ ഇംഫാൽ താഴ്‌വരയിൽ കൃത്യനിർവഹണം ചെയ്യാനാകാത്ത സാഹചര്യമാണ്‌. ഇവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായി ചീഫ്‌സെക്രട്ടറി, ഡിജിപി തസ്‌തികകളോ തുല്യമായ തസ്‌തികകളോ എത്രയും വേഗം അനുവദിക്കണം.

പൊതുജനതാൽപ്പര്യം മുൻനിർത്തി മുതിർന്ന സിവിൽ–- പൊലീസ്‌ തസ്‌തികകളും അനുവദിക്കണം. കലാപത്തെ തുടർന്ന്‌ വീടും ജീവനോപാധിയും നഷ്ടമായ കുക്കി വിഭാഗക്കാരുടെ പുനരധിവാസത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ അഞ്ഞൂറ്‌ കോടി രൂപ അനുവദിക്കണം–- നിവേദനത്തിൽ ആവശ്യപ്പെട്ടു.    കലാപത്തിന്റെ ആദ്യ ഘട്ടത്തിൽ ഇംഫാൽ നഗരത്തിലും താഴ്‌വരയിലും കുക്കി വിഭാഗക്കാരായ സർക്കാർ ജീവനക്കാരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും വീടുകൾക്ക്‌ തീയിടുകയും ചെയ്‌തിരുന്നു. കുക്കി വിഭാഗത്തിലെ സർക്കാർ ജീവനക്കാർക്കടക്കം താഴ്‌വര വിട്ട്‌ ചുരാചന്ദ്‌പ്പുർപോലുള്ള കുന്നിൻപ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്യേണ്ടി വന്നു. സമാനമായി മെയ്‌ത്തീ വിഭാഗക്കാരായ സർക്കാർ ജീവനക്കാർ കുക്കി മേഖലകളിൽനിന്ന്‌ ഇംഫാൽ താഴ്‌വരയിലേക്കും പലായനം ചെയ്‌തു.

സിപിഐ എം സംഘം ഇന്നെത്തും

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം വെള്ളിയാഴ്‌ച മുതൽ മൂന്നു ദിവസം മണിപ്പുർ സന്ദർശിക്കും. ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, അസം സംസ്ഥാന സെക്രട്ടറി സുപ്രകാശ്‌ താലൂക്ക്‌ദാർ, കേന്ദ്ര കമ്മിറ്റിയംഗം ദേബ്‌ലീന ഹെംബ്രാം എന്നിവരാണ്‌ സംഘത്തിലെ മറ്റ്‌ അംഗങ്ങൾ.

കലാപബാധിത പ്രദേശങ്ങളും ചുരാചന്ദ്‌പുർ, മൊയ്‌റാങ്‌, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സംഘം സന്ദർശിക്കും. വിവിധ പൗരസംഘടനകളുടെ  പ്രതിനിധികളെ കാണും. ഗവർണർ അനസൂയ ഉയ്‌കെയെ രാജ്‌ഭവനിൽ സന്ദർശിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!